ലണ്ടൻ: ഇന്ന് നടക്കാൻ ഇരിക്കുന്ന വ്യാപകമായ ഫലസ്തീൻ അനുകൂല പ്രക്ഷോഭത്തിന്റെ ഭാഗമായി പൊലീസ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനിടയിൽ ഇന്നലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്‌കൂൾ വിദ്യാർത്ഥികൾ ഫലസ്തീന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്‌തെരുവിലിറങ്ങി. ബ്രിസ്റ്റോളിൽ പ്രകടനമായി എത്തിയ കുട്ടികൾ ഗസ്സയിൽ വെടിനിർത്തണമെന്ന് ആവശ്യപ്പെട്ടു. ലണ്ടൻ, ഗ്ലാസ്ഗോ മാഞ്ചസ്റ്റർ തുടങ്ങിയ നഗരങ്ങൾ ഉൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ രീതിയിലുള്ള പ്രകടനങ്ങൾ നടന്നു.

ഇന്ന് 50 ൽ ഏറെ ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ യു കെ ദർശിച്ചതുപോലെ തലസ്ഥാനത്ത് വൻ പ്രകടനം നടത്തുന്നത് ഒഴിവാക്കി, പ്രാദേശിക തലത്തിൽ ചെറിയ പ്രകടനങ്ങൾ നടത്താൻ സംഘാടകർ തീരുമാനിച്ചതോടെയാണിത്.അതേസമയം, കൂടുതൽ ശക്തമായ യഹൂദ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയേക്കുമെന്ന ആശങ്ക പങ്കുവയ്ക്കുകയാണ് കാമ്പെയ്ൻ എഗനിസ്റ്റ് ആന്റിസെമിറ്റിസം (സി എ എ).

അതേസമയം, തലസ്ഥാനത്ത് പൊലീസ് നടപടികൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആമിസ്റ്റിസ് ദിനത്തിൽ തലസ്ഥാനത്ത് നടന്ന പ്രകടനത്തിൽ 3 ലക്ഷത്തോളം പേർ പങ്കെടുത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഹമാസിന് പ്രത്യക്ഷമായി പിന്തുണയേകുന്ന സൂചകങ്ങൾ നിറഞ്ഞ മാർച്ചിൽ, യഹൂദ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴങ്ങിയിരുന്നു. ഇസ്രയേലിനെ നാസി ജർമ്മനിയുമായിട്ടായിരുന്നു ചില പ്രതിഷേധക്കാർ ഉപമിച്ചത്. നേതന്യാഹൂ ഹിറ്റ്ലറേക്കാൾ മോശമാണെന്ന ധ്വനിപടർത്തുന്ന മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു.

കഴിഞ്ഞ ശനിയാഴ്‌ച്ചയും ഞെട്ടിക്കുന്ന രീതിയിലുള്ള അക്രമ സംഭവങ്ങൾ നടന്നിരുന്നു. സെനൊടാഫ് സംരക്ഷിക്കാനെന്ന പേരിൽ എത്തിയ ഫുട്ബോൾ ആരാധകർ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇന്ന് ലിങ്കണിലും ഫലസ്തീൻ അനുകൂല പ്രകടനം നടക്കുന്നുണ്ട്. എന്നാൽ, ലിങ്കണിൽ നടക്കുന്ന ഏതൊരു പ്രകടനവും നിയമാനുസൃതവും, സംസ്‌കാരം ഉയർത്തിപ്പിടിക്കുന്നതുമാകണമെന്ന് ലിങ്കൺ എം പി കാൾ മെക്കാർട്ടിനി പറഞ്ഞു. നഗരത്തിന്റെ ശാന്ത സ്വഭാവത്തിന് വിഘ്നം വരുത്തുന്ന ഒന്നും നടക്കരുതെന്നും നഗരത്തിൽ ജീവിക്കുന്നവരുടെയും സന്ദർശകരുടെയും ജീവനും സ്വത്തിനും ഹാനിയുണ്ടാക്കുന്ന ഒന്നും സംഭവിക്കരുതെന്നും എം പി മുന്നറിയിപ്പ് നൽകി.

ഹമാസിന് പിന്തുണ നൽകുന്നതായി കണ്ടാലോ യഹൂദന്മാരുടെയും ഇസ്രയേലികളുടെയും മരണം ആഘോഷിക്കുകയോ അതിനായി മുറവിളി കൂട്ടുകയോ ചെയ്താലോ ഇസ്രയേൽ എന്ന രാജ്യത്തിന്റെ നാശത്തിനായി മുറവിളി ഉയർത്തിയാലോ ലിങ്കൺ പൊലീസ് അത്തരക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും എം പി ആവശ്യപ്പെട്ടു. ഇപ്പോഴും ഭാവിയിലും പൊലീസിൽ നിന്നും ജനങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് അധികൃതർ മനസ്സിലാക്കണമെന്നും എം പി ആവശ്യപ്പെട്ടു.

ഇന്ന് ബ്രിസ്റ്റോളിൽ, നിരവധി വിദ്യാർത്ഥികൾ ഒരുമിച്ച്, ഇസ്രയേൽ വെടി നിർത്തണമെന്ന ആവശ്യം സിറ്റി കൗൺസിൽ പ്രതിനിധിക്ക് കൈമാറി. ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിനും, വെടി നിർത്തൽ ആവശ്യപ്പെട്ടതിനും ക്ലിഫ്റ്റൺ ഡൗൺ വാർഡ് കൗൺസിലറും ഗ്രീൻ പാർട്ടി സഹ നേതാവുമായ കാർല ഡെനിയർ വിദ്യാർത്ഥികൾക്ക് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. വടക്ക് കിഴക്കൻ ലണ്ടനിലെ റെഡ്ബ്രിഡ്ജിൽ നടനൻ പ്രതിഷേധത്തിൽ ഏതാണ്ട് 500 ഓളം കുട്ടികൾ പങ്കെടുത്തു. തീവ്ര ഇടതുപക്ഷ വിഭാഗമായ സ്റ്റോപ് ദി വാർ കൂട്ടായ്മയാണ് ഇത് സംഘടിപ്പിച്ചത്.

എന്നാൽ, പ്രതിഷേധ പ്രകടനത്തിനെതിരെ ചില ഇസ്രയേലിന്റെ നാശം സൂചിപ്പിക്കുന്ന റിവർ ടു ദി സീ എന്ന മുദ്രാവാക്യം വിളിച്ചതായി ജ്യുവിഷ് ന്യുസ് റിപ്പോർട്ട് ചെയ്തു. അതേസമയം പ്രാദേശിക ലേബർ കൗൺസിലറും, കൗൺസിലിൽ വിദ്യാഭ്യാസ വിഭാഗത്തിലെ കാബിനെറ്റ് അംഗവുമായ ലോയ്ഡ് ഡഡ്രിഡ്ജ്, കുട്ടികളെ രാഷ്ട്രീയം കളിക്കാൻ ഉപയോഗിക്കരുതെന്നും, എന്നാൽ കുട്ടികളും ഇന്ന് സ്‌കൂളിൽ തന്നെ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

ഇന്ന് വിവിധ ഗ്രാമങ്ങളിലും, പട്ടണങ്ങളിലും, നഗരങ്ങളിലും ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടക്കും. ലണ്ടനിൽ അടുത്ത വൻ റാലി നടക്കുന്നത് നവംബർ 25 ന് ആയിരിക്കും. അതിനിടെ, ചില ഫലസ്തീൻ അനുകൂല പ്രക്ഷോഭകർ, ഫലസ്തീൻ കൊടികളുമായി ഹൈഡ് പാർക്ക് കോർണറിലെ റോയൽ ആർട്ടിലറി മെമോറിയിയലിൽ കയറിയത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. ഇത് നടക്കുമ്പോൾ പൊലീസ് നിഷ്‌ക്രിയരായി അത് നോക്കി നിൽക്കുകയായിരുന്നു എന്നത് വിവാദത്തിന് കൂടുതൽ ശക്തി പകർന്നു.