- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋഷി സുനകിനെതിരെ പാളയത്തിൽ പടയൊരുങ്ങുന്നു; ബോറിസ് ജോൺസൻ ശ്രമിക്കുന്നത് ഒരു തിരിച്ചു വരവിന്; നെയ്ജൻ ഫരാജുമായി കൂട്ടുചേരാൻ ബോറിസ് ക്യാമ്പ്; വാർത്ത നിഷേധിച്ച് ബോറിസ് ജോൺസൺ; കൺസർവേറ്റീവ് പാർട്ടിയിൽ ഉരുൾപൊട്ടൽ
ലണ്ടൻ: സർവ്വേഫലങ്ങളിൽ നിരാശരായ ഒരു കൂട്ടം എം പിമാർ ബോറിസ് ജോൺസൺ പാർട്ടി നേതൃത്വത്തിലെക്ക് വരുന്നതിന് കളമൊരുക്കുന്നതായി ചില റിപ്പോർട്ടുകൽ പുറത്തു വരുന്നു. നെയ്ജൽ ഫരാജെയുമായി യോജിച്ച് പാർട്ടിക്കുള്ളിൽ ഒരു അട്ടിമറിക്കാണ് അവർ ഒരുങ്ങുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ തിരിച്ചടി സംഭവിക്കുന്നത് ഒഴിവാക്കാൻ മുൻ പ്രധാനമന്ത്രിയെ കളത്തിൽ ഇറക്കണമെന്നാണ് ഒരു കൂട്ടം കൺസർവേറ്റീവ് എം പിമാർ വിശ്വസിക്കുന്നത്.
വരുന്ന ചൊവ്വാഴ്‌ച്ച ഋഷി സുനകിന്റെ സുപ്രധാന നടപടിയായ റുവാണ്ടൻ പദ്ധതിയുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കാൻ ഇരിക്കെയാണ് ഈ പുതിയ സംഭവ വികാസങ്ങൾ. സുവെല്ലാ ബ്രേവർമാനെ ഹോം സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതിന് ശേഷം ഋഷിയുടെ എതിർപക്ഷം ശക്തി സംഭരിക്കാൻ ആരംഭിച്ചതായി ഡെയ്ലി മെയിൽ പറയുന്നു. റോബർട്ട് ജെന്റികിന്റെ രാജിയോടെ ഇത് കൂടുതൽ ശക്തമായി.
ജനപ്രതിനിധി സഭയിലെ വോട്ടിംഗിൽ കൂടുതൽ എം പിമാർ ഋഷിയുടെ എതിർപക്ഷത്ത് നിലയുറപ്പിക്കും എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. സുനക് സർക്കാരിനെ അസ്ഥിരപ്പെടുത്തി, വരുന്ന പൊതു തിരഞ്ഞെടുപ്പിന് മുൻപായി സർ കിയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിയുമായുള്ള വ്യത്യാസം പരിഹരിക്കുകയാണ് ലക്ഷ്യം. ടോറികളുടെ പിന്തുണ കുറഞ്ഞു വരുന്നതായും വോട്ടർമാർ കൂടുതലായി നെയ്ജൻ ഫരാജിന്റെ ബ്രെക്സിറ്റ് പാർട്ടിയുടെ പിന്മുറക്കാരായ റിഫോം പാർട്ടിയിലേക്ക് പോകുന്നതായും ചിലർ വിലയിരുത്തുന്നുണ്ട്.
ഐ ടി വിയുടെ അയാം എ സെലിബ്രിറ്റി എന്ന റിയാൽറ്റി ഷോയിൽ പങ്കെടുത്ത് പ്രതിച്ഛായ വർദ്ധിപ്പിച്ച ഫരാജെയോട് മല്ലടിച്ച്, കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ബോറിസ് ജോൺസനു മാത്രമെ കഴിയു എന്ന് ജോൺസന്റെ അനുയായികൾ വിശ്വസിക്കുന്നു. പ്രത്യേകിച്ച്, 2019- ലെ പൊതു തെരഞ്ഞെടുപ്പിൽ, ലേബർ പാർട്ടിയിൽ നിന്നും പിടിച്ചെടുത്ത മിഡ്ലാൻഡ്സിലെയും വടക്കൻ ഇംഗ്ലണ്ടിലെയും റെഡ് വാൾ നിയോജകമണ്ഡലങ്ങളിൽ ബോറിസിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് അവർ പറയുന്നു.
എന്നാൽ, ഋഷിയുടെ ക്യാമ്പും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.ഈ പദ്ധതികൾ എല്ലാം തന്നെ അറിയുന്നുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ഋഷി സുനക് തന്നെ പാർട്ടിയെ നയിക്കുമെന്നും അവർ പറയുന്നു. അതേസമയം ഫരാജിന്റെ പാർട്ടിയുമായി യോജിച്ച് പ്രവർത്തിക്കുമെന്ന വാർത്ത ബോറിസ്വ് ജോൺസന്റെ വക്താവ് നിഷേധിച്ചു. രാഷ്ട്രീയത്തിൽ രണ്ട് വൻ തോക്കുകൾ തമ്മിൽ എന്ത് കരാറിൽ ഏർപ്പെട്ടാലും അത് ഉടൻ തന്നെ തകരുമെന്നും ഫരാജുമായി അടുത്ത വൃത്തങ്ങളും പറയുന്നു.
ഏതായാലും, പുതിയനിയമം പാർലമെന്റിൽ എത്തുന്ന ചൊവ്വാഴ്‌ച്ച ഋഷിയെ സംബന്ധിച്ച് നിർണ്ണായകമായ ദിവസമാണ്. എത്ര എം പിമാരെ അനുകൂലമാക്കി നിർത്താൻ ആകുമെന്ന് അന്നറിയാം. കുടിയേറ്റ നിയന്ത്രണം നടപ്പിലാക്കാൻ പുതിയ നിയമം മതിയാകില്ലെന്നാണ് രാജിവെച്ച ഇമിഗ്രേഷൻ മന്ത്രി ജെന്റിക് പറയുന്നത്. അതേസമയം, ഋഷിയെ താഴെയിറക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത മുൻ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ നിഷേധിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ഋഷി പാർട്ടിയെ നയിക്കും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
മറുനാടന് ഡെസ്ക്