- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സ വെടിനിർത്തലിന് അത്യപൂർവ നീക്കവുമായി ഗുട്ടെറസ്; യു.എൻ. ചാർട്ടറിന്റെ 99-ാം അനുച്ഛേദം പ്രയോഗിച്ചു; ഭീകരസംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന ആളാണ് ഗുട്ടെറസ്; സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനും വയസ്സായവരെ കൊലപ്പെടുത്തുന്നതിനുമുള്ള അംഗീകാരമെന്ന് ആഞ്ഞടിച്ചു ഇസ്രയേലും
യുണൈറ്റഡ് നേഷൻസ്: വെടിനിർത്തൽ ലംഘിച്ചു ഹമാസ് രംഗത്തുവരുന്നു എന്നാരോപിച്ചാണ് ഇസ്രയേൽ ഗസ്സയിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത. ഇതോടെ ഹമാസിന്റെ ഭാഗത്ത് വൻ നാശമാണ് ഉണ്ടായിരിക്കുന്നത്. ഗസ്സയിൽ തീമഴ പെയ്യുന്നത് തുടരുമ്പോൾ വെടിനിർത്തലിനായി യു.എൻ. രക്ഷാസമിതിയിൽ അത്യപൂർവനീക്കവുമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്തുവന്നതും ശ്രദ്ധേയമായി.
വെടിനിർത്താൻ അന്താരാഷ്ട്ര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് യു.എൻ. ചാർട്ടറിലെ 99-ാം അനുച്ഛേദം ഗുട്ടെറസ് പ്രയോഗിച്ചു. 15 അംഗ രക്ഷാസമിതിയുടെ നിലവിലെ അധ്യക്ഷനും എക്വഡോർ സ്ഥാനപതിയുമായ ജോസ് ജാവിയർ ഡെല ഗസ്സ്‌ക ലോപസിന് ഇതുസംബന്ധിച്ച കത്ത് കൈമാറി. ഗസ്സയിൽ വെടിനിർത്താനുള്ള പ്രമേയം രക്ഷാസമിതി ഇതുവരെ അംഗീകരിക്കാത്ത സാഹചര്യത്തിലാണിത്. യുദ്ധം പരിഹരിക്കുക അത്ര എളുപ്പമല്ലെന്ന സൂചനയാണ് ഗുട്ടെറസിന്റെ നടപടിയെന്നാണ് വിലയിരുത്തൽ.
അന്താരാഷ്ട്ര സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന യുദ്ധംപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ രക്ഷാസമിതി ഇടപെടണമെന്ന് ചൂണ്ടിക്കാണിക്കാൻ സെക്രട്ടറി ജനറലിന് അധികാരം നൽകുന്നതാണ് അനുച്ഛേദം 99. ഗസ്സ മാനുഷികദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന് ഗുട്ടെറസ് ചൂണ്ടിക്കാട്ടി. അത് ഫലസ്തീൻകാർക്ക് ഒരിക്കലും പഴയജീവിതത്തിലേക്ക് മടങ്ങാനാവാത്തത്ര വലിയ പ്രത്യാഘാതമുണ്ടാക്കും. അടിയന്തരമായി തടയണം -അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനാതത്ത്വങ്ങളിൽനിന്നുകൊണ്ട് ഗുട്ടെറസ് നടത്തിയ നാടകീയനീക്കം ഒരു സെക്രട്ടറി ജനറലിനെ സംബന്ധിച്ച് ഏറ്റവും ശക്തമായതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാനി ദുജാറിക് പറഞ്ഞു. ഇത് യു.എ.ഇ. കൊണ്ടുവന്ന വെടിനിർത്തൽപ്രമേയം പാസാക്കുന്നകാര്യത്തിൽ രക്ഷാസമിതിയെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
ഗുട്ടെറസിന്റെ തീരുമാനത്തെ പിന്തുണച്ച് ലോകാരോഗ്യസംഘടനയുടെ തലവൻ ടെഡ്രോസ് അഥാനോം ഗബ്രിയേസസ്, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് അടക്കമുള്ളവർ രംഗത്തെത്തി. അന്താരാഷ്ട്രസമാധാനത്തിനും സുരക്ഷയ്ക്കമുള്ള ജാഗ്രതാമുന്നറിയിപ്പാണ് അനുച്ഛേദം-99 എന്ന് ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്‌നസ് കാലമാഡ് പറഞ്ഞു.
ഇതിനുമുമ്പ് 1971 ഡിസംബർ മൂന്നിനാണ് അവസാനമായി ഐക്യരാഷ്ട്രസഭയിൽ അനുച്ഛേദം-99 പ്രയോഗിച്ചിട്ടുള്ളത്. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധസമയത്ത് കിഴക്കൻ പാക്കിസ്ഥാനിലെ പ്രതിസന്ധിപരിഹരിക്കുന്നതിനായി അന്നത്തെ സെക്രട്ടറി ജനറൽ യൂ താങ് നൽകിയ റിപ്പോർട്ടിലായിരുന്നു അത്. യു.എന്നിന്റെ 78 വർഷത്തെ ചരിത്രത്തിൽ 10 തവണ മാത്രമാണ് അനുച്ഛേദം- 99 പ്രയോഗിച്ചിട്ടുള്ളത്.
അതേസമയം ഗുട്ടെറസിന്റെ നീക്കത്തിൽ രൂക്ഷമായാണ് ഇസ്രയേൽ പ്രതികരിച്ചത്. ഗസ്സയിൽ വെടിനിർത്തലിനായി അസാധാരണനീക്കം നടത്തിയ യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരേ ആഞ്ഞടിച്ച് ഇസ്രയേൽ. ഗുട്ടെറസിന്റെ ഭരണകാലം ലോകസമാധാനത്തിന് ഭീഷണിയാണെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി എലി കോഹൻ ആരോപിച്ചു. ''ഭീകരസംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന ആളാണ് ഗുട്ടെറസ്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനും വയസ്സായവരെ കൊലപ്പെടുത്തുന്നതിനും കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നതിനും അദ്ദേഹം നൽകുന്ന അംഗീകാരമാണ് യു.എൻ. ചാർട്ടറിലെ അനുച്ഛേദം 99 പ്രയോഗിച്ചതിലൂടെ വെളിപ്പെട്ടത്.''-കോഹൻ കുറ്റപ്പെടുത്തി.
അതേസമയം യുദ്ധം രണ്ട് മാസം പിന്നിടുന്നതിനിടെ ഹമാസിന്റെ പകുതിയോളം ബറ്റാലിയൻ കമാൻഡർമാരെ സൈന്യം വധിച്ചുവെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇനിയൊരിക്കലും ഗസ്സ ഇസ്രയേലിന് ഒരു ഭീഷണിയാകില്ലെന്നും നെതന്യാഹു പറഞ്ഞു. എന്നാൽ കൊല്ലപ്പെട്ട ഹമാസ് കമാൻഡർമാരുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി.
'ഇസ്രയേലിനെ നശിപ്പിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. എന്നാൽ, ഇപ്പോൾ ഹമാസിനെ ഞങ്ങൾ നശിപ്പിക്കുകയാണ്. ഇനിയൊരിക്കലും ഗസ്സ ഇസ്രയേലിന് ഒരു ഭീഷണിയാകില്ല. ഭീകരതയെ പിന്തുണയ്ക്കാനോ സാമ്പത്തികമായി സഹായിക്കാനോ ഭീകരത പഠിപ്പിക്കാനോ ഒരാളും ഉണ്ടാകില്ല', നെതന്യാഹു പറഞ്ഞു.
'ഞങ്ങൾ ശരിയായ പാതയിലാണ്. 110 ബന്ദികളെ തിരികെയെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ പൗരന്മാരെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും കത്തിക്കുകയുമെല്ലാം ചെയ്തവരോടുള്ള കണക്ക് ഞങ്ങൾ തീർക്കുകയാണ്. ബന്ദികളെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സഹായിക്കുന്ന വിവരങ്ങൾ ലഭ്യമാക്കാനായി വലിയൊരു 'ഇന്റലിജൻസ് ഫാക്ടറി' 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്', നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ ഹമാസ് യുദ്ധം രണ്ട് മാസം പിന്നിടുമ്പോഴും ഇടയ്ക്കൊരു താൽക്കാലിക വെടിനിർത്തൽ ഉണ്ടായതൊഴിച്ചാൽ രക്തച്ചൊരിച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇസ്രയേൽ വർഷിക്കുന്ന ബോംബുകളിൽനിന്നും വെടിയുണ്ടകളിൽനിന്നും ഒഴിയാനിടമില്ലാതെ ഭീതിയിൽ കഴിയുകയാണ് ഫലസ്തീൻ ജനത. തെക്കൻ ഗസ്സയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസിൽ കനത്ത ബോംബാക്രമണവും ഷെല്ലിങ്ങും കഴിഞ്ഞ രാത്രി മുഴുവൻ നീണ്ടു നിന്നിരുന്നു.
മറുനാടന് ഡെസ്ക്