കാഠ്മണ്ഡു: ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ നടത്തിയ ഇസ്രയേൽ ആക്രമണത്തിനെതിരെ ലോകരാഷ്ട്രങ്ങൾ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. ക്യാമ്പിന് നേരെ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രയേൽ സ്ഥിരീകരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഇസ്രയേൽ വിരുദ്ധ വികാരമാണ് എങ്ങും ശക്തമാകുന്നത്. യുഎൻ സെക്രട്ടറി ജനറൽ കടുത്ത ഭാഷയിൽ തന്നെയാണ് ഇസ്രയേലിനെ വിമർശിക്കുന്നത്. മനുഷ്യാവകാശ നിയമം ഹോട്ടൽ മെനുവല്ല, തോന്നിയ പോലെ ഉപയോഗിക്കാനെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് കുറപ്പെടുത്തി.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം അവഗണിക്കാൻ കഴിയുന്നതല്ല. ഇതൊരു ഹോട്ടൽ മെനുവല്ല, തോന്നിയ പോലെ ഉപയോഗിക്കാൻ. വ്യത്യസ്തത, ആനുപാതികത, മുൻകരുതൽ എന്നീ തത്വങ്ങൾ എല്ലാ കക്ഷികളും പാലിക്കണം. സംഘർഷം ഒഴിവാക്കാൻ എല്ലാ നേതാക്കളും പരമാവധി സംയമനം പാലിക്കണമെന്നും ഗുട്ടറാസ് ആവശ്യപ്പെട്ടു.

സംഘർഷത്തിന്റെ ആഘാതം തുടക്കം മുതൽ ജനങ്ങൾ ഏറ്റുവാങ്ങുന്നു. ഇരുവശത്തുമുള്ള സിവിലിയന്മാരുടെ സംരക്ഷണം പരമപ്രധാനവും എല്ലായ്‌പ്പോഴും ബഹുമാനിക്കപ്പെടേണ്ടതുമാണ്. ഇസ്രയേൽ- ഹമാസ് സംഘർഷം രൂക്ഷമാകുന്നതിൽ ആശങ്കയുണ്ട്, ഇതിൽ ഇസ്രയേൽ കരയാക്രമണം വ്യാപിപ്പിക്കുന്നതും വ്യോമാക്രമണം ശക്തിപ്പെടുത്തുന്നതും ഇസ്രയേലിന് നേരെയുള്ള റോക്കറ്റ് ആക്രമണവും ഉൾപ്പെടുന്നു.

സാധാരണക്കാരായ ബന്ദികളെ ഹമാസ് നിരുപാധികം മോചിപ്പിക്കണം. ഗസ്സയിൽ സിവിലിയന്മാരെ കൊലപ്പെടുന്നതിനെ ശക്തമായി അപലപിച്ച ഗുട്ടറാസ്, കൊല്ലപ്പെട്ടവരിൽ മൂന്നിൽ രണ്ട് സ്ത്രീകളും കുട്ടികളുമാണെന്ന റിപ്പോർട്ടിൽ നിരാശനാണെന്നും വ്യക്തമാക്കി. ഗസ്സക്കുള്ള മാനുഷിക സഹായത്തിന്റെ തോതിൽ ഗുട്ടറാസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇത് തികച്ചും അപര്യാപ്തമാണെന്നും മാനുഷിക ദുരന്തം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിൽ പരിഭ്രാന്തിയുണ്ടെന്നും ഗുട്ടറാസ് കൂട്ടിച്ചേർത്തു.

അതേസമയം ഗസ്സ തുരുത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് വടക്കൻ ഗസ്സയിലെ ജബലിയയിലേത്. അരലക്ഷം പേർ തിങ്ങിത്താമസിക്കുന്ന ക്യാമ്പിനു നേരെ ഇസ്രയേൽ സേന മുമ്പും ആക്രമണം നടത്തിയിട്ടുണ്ട്. ഒരാഴ്ചമുമ്പ് നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇത്തവണ പക്ഷേ, മാരക പ്രഹരശേഷിയുള്ള ഉഗ്ര ബോംബുകളാണ് ഇസ്രയേൽ പ്രയോഗിച്ചത്.

''ഈ കെട്ടിടങ്ങളിൽ താമസിച്ചുവന്നത് നൂറുകണക്കിന് പേരാണ്. ആറ് യു.എസ് നിർമ്മിത ബോംബുകൾ ഉപയോഗിച്ച് അധിനിവേശ ശക്തികൾ ഈ പ്രദേശം ഒന്നാകെ ചാരമാക്കി. ഗസ്സ മുനമ്പിൽ ഇസ്രയേൽ അതിക്രമത്തിലെ ഏറ്റവും അവസാനത്തെ കൂട്ടക്കുരുതിയാണിത്'' -ഗസ്സ ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അൽബസൂം പറയുന്നു.

നിരവധി കെട്ടിടങ്ങൾ തകർന്നുവീണപ്പോൾ ഇരുവശത്തും കൂറ്റൻ ഗർത്തങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിൽനിന്നാണ് മരിച്ചവരെയും പരിക്കേറ്റവരെയും നാട്ടുകാർ പുറത്തെടുത്തത്. ജീവനോടെയും ജീവനറ്റും അടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി കൂട്ടായ തെരച്ചിൽ തുടരുകയാണ്. വലിയ കെട്ടിടങ്ങൾ അപ്പാടെ നിലംപൊത്തിയതിനാൽ ജീവനോടെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ കുറവാണ്. അവയവങ്ങൾ ചിതറിക്കിടക്കുന്നതുൾപ്പെടെ ചുറ്റും ഭീതിദമായ കാഴ്ചകളാണെന്ന് അൽബസൂം കൂട്ടിച്ചേർത്തു.

അതേസമയം ഗസ്സ മുനമ്പിലെ ജബാലിയ ക്യാമ്പിന് നേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത് നിരപരാധികളായ ധാരാളം ജനങ്ങളുടെ മരണത്തിനും പരിക്കിനും കാരണമായി. ഇത് മനുഷ്യത്വരഹിതമാണ്. ഗസ്സയിലെ സൈനിക ആക്രമണങ്ങൾ നിർത്തുന്നത് അടിയന്തിര മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു.

ഇസ്രയേലി അധിനിവേശ സേന സിവിലിയന്മാർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ ആവർത്തിച്ച് ലക്ഷ്യമിടുന്നതിനെതിരെ സൗദി അപലപിക്കുകയും പൂർണമായി നിരസിക്കുകയും ചെയ്യുന്നുവെന്ന് 'എക്‌സ്' അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച 2023 ഒക്ടോബർ 27 ന് പുറത്തിറക്കിയ യു.എൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുസൃതമായി ഉടനടി വെടിനിർത്തലും മാനുഷിക ഉടമ്പടിയും അംഗീകരിക്കാൻ അധിനിവേശ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയത്തിന്റെ വെളിച്ചത്തിലാണ് ആക്രമണം തുടരുന്നതെന്നും പറഞ്ഞു.

നിലവിലുള്ള അപകടകരമായ മാനുഷിക സാഹചര്യങ്ങളെ ഒട്ടും ന്യായീകരിക്കാൻ കഴിയില്ല. രക്തച്ചൊരിച്ചിൽ ഒഴിവാക്കുക, സിവിലിയന്മാരെ സംരക്ഷിക്കുക, സൈനിക പ്രവർത്തനങ്ങൾ നിർത്തുക എന്നിവ അടിയന്തിര മുൻഗണനകളാണ്. അത് നീട്ടിവെക്കാനോ തടസ്സപ്പെടുത്താനോ അംഗീകരിക്കാൻ കഴിയില്ല. ഉടനടി അവ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് അനിവാര്യമായും ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കും. ഇസ്രയേൽ അധിനിവേശത്തിനും അന്താരാഷ്ട്ര സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.