വാഷിങ്ടൺ: വടക്കുകിഴക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടതിന് വൻതിരിച്ചടിയുമായി അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങി. ഇറാനുമായി ബന്ധപ്പെട്ട സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കൻ സൈന്യം വ്യോമാക്രമണം ഉൾപ്പെടെ നടത്തിയത്.

ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. ഞായറാഴ്ച ജോർദനിലെ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ നാൽപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ജോ ബൈഡൻ പറഞ്ഞു. സിറിയയിലെ നാല് സ്ഥലങ്ങളിലും ഇറാഖിലെ മൂന്ന് സ്ഥലങ്ങളിലുമായുള്ള വിവിധ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ആക്രമണം 30 മിനുട്ടിലധികം നീണ്ടുനിന്നു. ആക്രമണശേഷം അമേരിക്കൻ യുദ്ധവിമാനങ്ങൾ മടങ്ങി.നാശനഷ്ടത്തിന്റെ കണക്കെടുത്തുവരുന്നുവെന്നും അമേരിക്ക അറിയിച്ചു.

സിറിയയിലും ഇറാഖിലും ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് യുഎസ് സൈന്യത്തെ ആക്രമിച്ചതെന്നാണ് നേരത്തെ ബൈഡൻ വ്യക്തമാക്കിയത്. ഇതിന് കരത്ത തിരിച്ചടി നൽകുമെന്നും ബൈഡന് വ്യക്തമക്കിയിരുന്നു. ഗസ്സയിൽ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് യു.എസ് സൈനികർ കൊല്ലപ്പെടുന്നത്. ഡ്രോൺ ആക്രമണത്തിൽ 34 യു.എസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.

അതേസമയം, അതിർത്തിക്ക് പുറത്തുള്ള യു.എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് ജോർദാൻ അറിയിച്ചു. പരസ്പര ധാരണ പ്രകാരമാണ് അതിർത്തി മേഖലയിലെ യു.എസ് സൈനിക സാന്നിധ്യമെന്നും ജോർദാൻ അധികൃതർ വെളിപ്പെടുത്തി. ഇറാൻ പിന്തുണയുള്ള സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ജോ ബൈഡൻ പറഞ്ഞു. ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റൻസ് വിഭാഗം ഉത്തരവാദിത്തം ഏറ്റതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

ഗസ്സയിൽ ഇസ്രയേലിന്റെ കൊടും ക്രൂരതകളെ പിന്തുണക്കുന്നത് അവസാനിപ്പിക്കും വരെ മേഖലയിലെ യു.എസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം തുടരുമെന്ന് സായുധവിഭാഗം അറിയിച്ചിരുന്നു.