- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗരത്വ ഭേദഗതി നിയമം അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതെന്ന് യുഎസ് സെനറ്റർ
വാഷിങ്ടൺ: പൗരത്വനിയമ ഭേദഗതിയിൽ ആശങ്ക രേഖപ്പെടുത്തി യു.എസ് സെനറ്റർ ബെൻ കാർഡിൻ. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന് മേൽ നിയമം ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്ന് യു.എസ് സെനറ്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷൻ കൂടിയായ ബെൻ കാർഡിൻ വ്യക്തമാക്കി.
ഇന്ത്യൻ സർക്കാർ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിൽ വിജ്ഞാപനമിറക്കിയതിൽ അങ്ങേയറ്റം ആശങ്ക പ്രകടിപ്പിക്കുന്നു. മുസ്ലിം സമൂഹത്തിന് മേൽ നിയമം ഏൽപ്പിക്കുന്ന ആഘാതങ്ങളിൽ പ്രത്യേകിച്ചും. വിശുദ്ധ റമദാൻ മാസത്തിലാണ് നിയമം നടപ്പാക്കുന്നതെന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നുവെന്നും ബെൻ കാർഡിൻ പറഞ്ഞു.
ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ശക്തമാകുമ്പോൾ തന്നെ, ഇരുരാജ്യങ്ങളുടെയും സഹകരണം മതം പരിഗണിക്കാതെ എല്ലാ മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കുക എന്ന മൂല്യത്തെ കൂടി അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇത് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, സി.എ.എ ചട്ടങ്ങളുടെ വിജ്ഞാപനത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കുന്നതെങ്ങനെയെന്ന് തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവാണ് പ്രതികരിച്ചത്. നിയമത്തിൽ എല്ലാ സമുദായങ്ങൾക്കുമുള്ള മതസ്വാതന്ത്ര്യവും തുല്യപരിഗണനയും മാനിക്കേണ്ടത് ജനാധിപത്യ തത്ത്വങ്ങളുടെ അടിസ്ഥാനമാണെന്നും വക്താവ് പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതി ചട്ടങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയും പ്രതികരിച്ചു. വിവാദ നിയമം മൗലികമായി വിവേചനപരമായ സ്വഭാവമുള്ളതാണെന്നും ഇന്ത്യയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകളുടെ ലംഘനമാണെന്നും മനുഷ്യാവകാശങ്ങൾക്കുള്ള യു.എൻ ഹൈകമീഷണറുടെ വക്താവ് കുറ്റപ്പെടുത്തി. 2019ൽ തങ്ങൾ പറഞ്ഞതുപോലെ അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് പൗരത്വ നിയമ ഭേദഗതി. നിയമത്തിന്റെ ചട്ടങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുമായി ചേർന്നുനിൽക്കുമോ എന്ന കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എൻ വക്താവ് വ്യക്തമാക്കി.
മുസ്ലിങ്ങളോടുള്ള വിവേചനമാണ് പൗരത്വനിയമ ഭേദഗതിയെന്ന് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശസംഘടനകളായ ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റർനാഷണലും പ്രതികരിച്ചു. പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്ന മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്ന നിയമഭേദഗതിയിൽ പക്ഷേ, ഈ രാജ്യങ്ങളിലെ ന്യൂനപക്ഷവിഭാഗങ്ങളായ ഷിയാ മുസ്ലിങ്ങളെ ഒഴിവാക്കിയത് സംശയകരമാണ്. മ്യാന്മാറിലെ റോഹിങ്യൻ അഭയാർഥികളെപ്പോലെ മുസ്ലിങ്ങൾ ന്യൂനപക്ഷമായ മറ്റുചില അയൽരാജ്യങ്ങളെ നിയമപരിധിയിൽ നിന്നൊഴിവാക്കിയതും സംശയമുണർത്തുന്നെന്ന് മനുഷ്യാവകാശസംഘടനകൾ ചൂണ്ടിക്കാട്ടി.
അമേരിക്ക നടത്തിയ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അമേരിക്കയുടെ പ്രതികരണം അനാവശ്യവും അനുചിതവും തെറ്റായതുമാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.