യുനൈറ്റഡ് നാഷൻസ്: ഗസ്സയിൽ ഇസ്രയേലിന്റെ സൈനിക നടപടി രണ്ട് മാസം പിന്നിടുമ്പോൾ ഇസ്രയേൽ ആക്രമണം കടുപ്പിക്കുകയാണ്. ഹമാസിനെ ഇല്ലാതാക്കിയ ശേഷം മാത്രമേ യുദ്ധം അവസാനിപ്പിക്കൂവെന്നാണ് ഇസ്രയേലിന്റെ നിലപാട്. അമേരിക്കയെയും തങ്ങളുടെ ആവശ്യം ധരിപ്പിക്കുന്നതിൽ അമേരിക്കയ വിജയിപ്പിച്ചിട്ടുണ്ട്. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടെയും പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക രംഗത്തെത്തിയതും ഇസ്രയേലിന് ആശ്വാസമായി.

55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയം ഇതോടെ രക്ഷാസമിതിയിൽ പാസായില്ല. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തിനു അനുകൂലമായി വോട്ടു ചെയ്തു. ബ്രിട്ടൻ വിട്ടുനിന്നു. ഗസ്സയിൽ ഇസ്രയേലിന്റെ മനുഷ്യക്കുരുതി രണ്ടുമാസം പിന്നിട്ടതോടെയാണ് വെടിനിർത്തൽ ആവശ്യപ്പെടാൻ യു.എൻ ചാർട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രത്യേകാധികാരം പ്രയോഗിച്ച് അടിയന്തര രക്ഷാസമിതി വിളിച്ചുചേർത്തത്.

ഗസ്സയിലെ ജനങ്ങളുടെ നരകയാതന അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്നും ലോകവും ചരിത്രവും എല്ലാം കാണുന്നുണ്ടെന്നും ഇത് പ്രവർത്തിക്കാനുള്ള സമയമാണെന്നും ഗുട്ടെറസ് പറഞ്ഞിരുന്നു. നിലവിൽ വെടിനിർത്തൽ ഉണ്ടായാൽ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് പറഞ്ഞാണ് അമേരിക്ക പ്രമേയത്തെ വീറ്റോ ചെയ്തത്.

'ഇസ്രയേലിനും ഫലസ്തീനും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാൻ കഴിയുന്ന സമാധാന അന്തരീക്ഷത്തെ യു.എസ് ശക്തമായി പിന്തുണക്കുന്നുണ്ടെങ്കിലും, ഉടനടി വെടിനിർത്തലിനുള്ള ആഹ്വാനത്തെ ഞങ്ങൾ പിന്തുണക്കുന്നില്ല. ഇത് അടുത്ത യുദ്ധത്തിനുള്ള വിത്ത് പാകുകയേ ഉള്ളൂ, കാരണം ശാശ്വതമായ സമാധാനം കാണാനും ദ്വിരാഷ്ട്ര പരിഹാരം കാണാനും ഹമാസിന് ആഗ്രഹമില്ല' -യു.എന്നിലെ യു.എസ് ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ് പറഞ്ഞു. അതേസമയം, സാധാരണക്കാരുടെ സംരക്ഷണവും ഹമാസിന്റെ കൈയിലുള്ള ബന്ദികളെ മോചിപ്പിക്കാനുമായി യുദ്ധം താൽക്കാലികമായി നിർത്തിവെക്കുന്നതിനെ തങ്ങൾ പിന്തുണക്കുന്നതായും അമേരിക്ക അറിയിച്ചു.

യു.എൻ പ്രമേയം വീറ്റോ ചെയ്ത അമേരിക്കയുടെ നടപടിയിൽ ഫലസ്തീൻ ശക്തമായി അപലപിച്ചു. ഇസ്രയേൽ സൈനികനീക്കത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 17,480 ആയി. ഇതിൽ 4,000-ത്തിലധികം പേർ സ്ത്രീകളും 7,000 കുട്ടികളുമാണ്. പതിനായിരക്കണക്കിന് പേർക്ക് പരിക്കേറ്റു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിലാണ്. ഈ സംഖ്യകളെല്ലാം അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു.

വായുവിൽ നിന്നും കരയിൽ നിന്നും കടലിൽ നിന്നുമുള്ള ആക്രമണങ്ങൾ ദിവസവും തീവ്രമാക്കുകയാണ്. ഇതുവരെ 339 വിദ്യാഭ്യാസ സൗകര്യങ്ങൾ, 26 ആശുപത്രികൾ, 56 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, 88 പള്ളികൾ, മൂന്ന് ചർച്ചുകൾ എന്നിവ അവർ നശിപ്പിച്ചു. ഗസ്സയിലെ 60 ശതമാനത്തിലധികം ഭവനങ്ങളും -ഏകദേശം 3,00,000 വീടുകളും അപ്പാർട്ടുമെന്റുകളും- നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. ജനസംഖ്യയുടെ 85 ശതമാനവും വീടുകളിൽ നിന്ന് നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടു.

അതേസമയം ഹമാസിന്റെ പുതിയ ഒളിത്താവളം കണ്ടെത്തിയെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഹമാസ് ആയുധങ്ങൾ ഒളിപ്പിക്കുകയും ഒളിയുദ്ധം നടത്തുകയും ചെയ്യുന്ന ടണലുകൾ കണ്ടെത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. വിപുലമായ ടണൽ ശൃംഖല തന്നെ ഉണ്ടെന്നാണ് ഐ.ഡി.എഫ് പറയുന്നത്. ഗസ്സയിലെ അൽ അസ്ഹറർ യൂണിവേഴ്‌സിറ്റി കാമ്പസിന് താഴെയായാണ് വിശാലമായ ടണലുകൾ കണ്ടെത്തിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ടണലുകൾ ഉണ്ടാക്കി ഹമാസ് മനുഷ്യ കവചം സൃഷ്ടിക്കുകയാണെന്നാണ് ഇസ്രയേൽ ചൂണ്ടിക്കാട്ടുന്നത്. ടണലുകളിൽ ഒളിച്ചിരിക്കുന്ന ഹമാസ് തീവ്രവാദികളെ തുരത്താൻ ഇസ്രയേൽ സൈന്യം ശ്രമിക്കുന്നുണ്ട്.

അതിനിടെ വടക്കൻ ഗസ്സയിൽനിന്ന് ഹമാസ് തീവ്രവാദികൾ എന്നാരോപിച്ചു ഇസ്രയേൽ പിടികൂടിയത് ഫലസ്തീൻ പൗരന്മാരാണെന്നാണ് ഹമാസിന്റെ അവകാശവാദം. നൂറോളം വരുന്ന ആളുകളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് കൈകൾ ബന്ധിച്ച് കുനിച്ചിരുത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇക്കൂട്ടത്തിൽ പ്രമുഖ ഫലസ്തീനി മാധ്യമപ്രവർത്തകൻ ദിയ അൽ കഹ്‌ലൂതും ഉൾപ്പെടുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

വിദ്യാർത്ഥികൾ ഉൾപ്പെടെ സിവിലിയന്മാരെയാണ് ഇത്തരത്തിൽ പിടികൂടിയതെന്ന് ബി.ബി.സി, അൽജസീറ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇവരെ എവിടേക്കോ കൊണ്ടുപോയി. തീവ്രവാദികളെന്ന് സംശയിക്കുന്നവരെ ചോദ്യംചെയ്യാനായി പിടികൂടിയതാണെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് വക്താവ് ഡാനിയൽ ഹഗാരി പ്രതികരിച്ചത്.

എന്നാൽ, ഇസ്രയേൽ സൈന്യം സാധാരണക്കാരെയും പലായനംചെയ്യുന്നവരെയും പിടികൂടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതായി റിപ്പോർട്ടുകൾ പറയുന്നു. തടവുകാരോടുള്ള ഇസ്രയേലിന്റെ പെരുമാറ്റം ഞെട്ടിക്കുന്നതും രണ്ടാം ലോകയുദ്ധകാലത്തെ ഓർമിപ്പിക്കുന്നതുമാണെന്ന് അൽ ഹഖ് മനുഷ്യാവകാശ സംഘടന ഡയറക്ടർ ഷവാൻ ജബറിൻ പറഞ്ഞു.

ഇത് മനുഷ്യത്വവിരുദ്ധവും ക്രൂരവും എല്ലാത്തിനുമപ്പുറം യുദ്ധക്കുറ്റവും മാനവികതക്കെതിരായ കുറ്റകൃത്യവുമാണെന്ന് അദ്ദേഹം അൽജസീറയോട് പ്രതികരിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ വിമർശനവും മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലുമൊന്നും അവർ പരിഗണിക്കുന്നേയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പിടിയിലായവർക്ക് ഹമാസുമായി ബന്ധമില്ലെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

നേരത്തെ ഗസ്സയിൽ ഹിസ്ബുല്ല ഹമാസിനെ പിന്തുണക്കാനെത്തിയാൽ ബെയ്‌റൂത്തിലും നാശംവിതക്കുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും രംഗത്തുവന്നിരുന്നു. ഹിസ്ബുല്ല ഒരു സമ്പൂർണ യുദ്ധം ആരംഭിക്കാൻ തീരുമാനിച്ചാൽ ഗസ്സയിൽനിന്ന് ഒട്ടും അകലെയല്ലാത്ത ബെയ്‌റൂത്തിനെയും ലബനാനെയും ഗസ്സയും ഖാൻ യൂനിസുമാക്കി മാറ്റും എന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

അതിനിടെ, വെസ്റ്റ്ബാങ്കിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സമുനമ്പിലുടനീളം ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗസ്സയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ കനത്ത വ്യോമാക്രമണമാണ് നടക്കുന്നത്. 24 മണിക്കൂറിനിടെ 350 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

ഗസ്സയിലെ പുതിയ സംഭവവികാസങ്ങ?ളെ കുറിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവുമായും ജോർഡനിലെ അബ്ദുല്ല രണ്ടാമൻ രാജാവുമായും സംസാരിച്ചുവെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. തെക്കൻ ഗസ്സയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേൽ സൈന്യം ഖാൻ യൂനിസിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ട്.