- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും വിവേക് രാമസ്വാമി പിന്മാറി; തെരഞ്ഞെടുപ്പിൽ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു മലയാളി; അയോവ കോക്കസിൽ ട്രംപ് വിജയം നേടിയതിന് പിന്നാലെ ഇന്ത്യൻ വംശജന്റെ പിന്മാറ്റം; ട്രംപ് വിജയിച്ചാൽ വിവേക് രാമസ്വാമിയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിച്ചേക്കും
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായുള്ള മത്സരത്തിൽ നിന്നും ഇന്ത്യൻ വംശജനും മലയാളിയുമായി വിവേക് രാമസ്വാമി പിന്മാറി. അയോവ കോക്കസിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് വിവേക് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം മത്സര രംഗത്തു നിന്നും വിവേക് പിന്മാറിയതോടെ ട്രംപ് വിജയിച്ചാൽ നിർണായക റോളിൽ വിവേക് ഉണ്ടാകുമെന്നും സൂചനയുണ്ട്. വൈസ് പ്രസിഡന്റ് പദവിയിലേക്കും വിവേകിനെ പരിഗണിച്ചേക്കും
ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് അയോവ കോക്കസിൽ ട്രംപിന്റെ വിജയം. നിയമനടപടി നേരിടുന്നുണ്ടെങ്കിലും, മധ്യപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ട്രംപിന് കടുത്ത പിന്തുണയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നത്. ഇതോടെ ട്രംപ് തന്നെയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ സാധ്യത കൂടിയത്.
കഴിഞ്ഞ ദിവസം വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമർശവുമായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നിരുന്നു. വിവേക് വഞ്ചകനും ഇടനിലക്കാരനും ആണെന്നായിരുന്നു ട്രംപിന്റെ പരാമർശം. വിവേകിന് വോട്ടു ചെയ്താൽ അത് മറുവശത്താണ് ഉപകരിക്കുകയെന്നും പറഞ്ഞു.
ലോവ തിരഞ്ഞെടുപ്പിൽ നാലാമതായുള്ള വിവേകിന് പിന്തുണ വർധിക്കുന്നുവെന്ന നിരീക്ഷണത്തെ തുടർന്നാണ് ട്രംപ് ആഞ്ഞടിച്ചത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ക്രിസ് ലാ സിവിറ്റയും വിവേകിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. വിവേക് രാമസ്വാമി ചതിയനാണ്, ഇടനിലക്കാരനാണ്, സസ്യഭുക്കാണ് എന്നിങ്ങനെയാണ് ക്രിസ് ആരോപിച്ചത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ ട്രംപിന്റെ ഉറച്ച പിന്തുണക്കാരനായിരുന്നു വിവേക്. തിരഞ്ഞെടുക്കപ്പെട്ടാൽ ട്രംപിനെതിരെ ചുമത്തിയ കേസുകൾക്ക് മാപ്പ് നൽകുമെന്നും വാഗ്ദാനം ചെയ്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ട്രംപിനെ കോടതി തടഞ്ഞതിനു പിന്നാലെ പിന്മാറാൻ വിവേക് മറ്റ് റിപ്പബ്ലിക്കൻ മത്സരാർഥികളോട് ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ മാസം നാലാമത്തെ സംവാദത്തിൽ രാമസ്വാമിയെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ ട്രംപും പ്രശംസിച്ചു.
51% റിപ്പബ്ലിക്കരുടെ പിന്തുണ ട്രംപിനാണ്. മുൻ ന്യൂജഴ്‌സി ഗവർണർ ക്രിസ് ക്രിസ്റ്റിക്ക് 2% പേരുടെ പിന്തുണയാണു ലഭിച്ചത്. 8% പേർ തീരുമാനമെടുത്തിട്ടില്ലെന്ന് പറയുമ്പോൾ 5% പേർ മാത്രമാണ് വിവേക് രാമസ്വാമിയെ പിന്തുണച്ചത്. എണ്ണമറ്റ നിയമ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും ട്രംപിനുള്ള പിന്തുണയെ അതൊന്നും ബാധിച്ചിട്ടില്ലെന്നാണു പുറത്തുവരുന്ന സൂചന.
2021 ജനുവരി 6-ന് യുഎസ് ക്യാപിറ്റോളിൽ നടന്ന കലാപത്തിലെ പങ്കിനെച്ചൊല്ലി ഒന്നിലധികം ക്രിമിനൽ കുറ്റങ്ങളാണ് ട്രംപ് നേരിടുന്നത്. ഇതിനു പുറമേ ഒരു പോൺ താരത്തിന് പണം നൽകുക, രഹസ്യരേഖകൾ മോഷ്ടിക്കുക തുടങ്ങി ഒട്ടനവധി കേസുകൾ ഉണ്ടെങ്കിലും റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ മത്സരത്തിൽ ട്രംപ് മുൻനിരയിലുണ്ട്.
കേരളത്തിലെ പാലക്കാട് ജില്ലയിൽ കുടുംബ വേരുകളുള്ള വ്യക്തിയാണ് വിവേക് രാമസ്വാമി. യേൽ സർവകലാശാലകളിൽ പഠിച്ച വിവേക് സ്വന്തം ബയോടെക് കമ്പനിയുണ്ടാക്കിയാണ് ശതകോടീശ്വരനായത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആരാവണമെന്ന് തീരുമാനിക്കാനുള്ള പ്രൈമറികളിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസുമാണു വിവേകിന്റെ മുന്നിലുള്ളത്.
1970കളിലാണ് വിവേകിന്റെ മാതാപിതാക്കാൾ അമേരിക്കയിലേയ്ക്ക് കുടിയേറിയത്. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ് വിവേക് രാമസ്വാമിയുടെ അച്ഛൻ വി.ജി. രാമസ്വാമി. കോഴിക്കോട് റീജിയണൽ എൻജീനിയറിങ് കോളേജിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം പഠനത്തിന് ശേഷം അമേരിക്കയിലേക്ക് പോയി. അവിടെ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം അമേരിക്കയിൽ തന്നെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. മൈസൂർ മെഡിക്കൽ കോളേജിൽ നിന്നും ബിരുദം നേടിയ ഗീതയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. 1985ൽ ഈ ദമ്പതികളുടെ മകനായാണ് വിവേക് രാമസ്വാമിയുടെ ജനനം.
ഹാർവാഡ്, യേൽ സർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിവേക് പിന്നീട് സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു. പിന്നീടുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. ബിസിനസിലൂടെ വലിയ നേട്ടങ്ങൾ കൊയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. അമേരിക്കയിലാണ് ജനിച്ച് വളർന്നതെങ്കിലും തമിഴിൽ അസാധ്യമായി സംസാരിക്കാനും വിവേകിന് കഴിയും. ഡോ. അപൂർവ്വ രാമസ്വാമിയെയാണ് വിവേക് വിവാഹം കഴിച്ചത്. യേൽ സർവകലാശാലയിലെ പഠനകാലത്താണ് വിവേക് അപൂർവ്വയെ കണ്ടുമുട്ടിയത്.
2007ൽ ബിസിനസുകൾ ആരംഭിക്കാൻ താൽപ്പര്യമുള്ള സർവകലാശാല വിദ്യാർത്ഥികൾക്കായി അദ്ദേഹം ക്യാംപസ് വെഞ്ച്വർ നെറ്റ് വർക്ക് എന്ന സ്ഥാപനം ആരംഭിച്ചിരുന്നു. 2014 വരെ ഹെഡ്ജ് ഫണ്ട് ഝഢഠ ഫിനാൻഷ്യലിൽ അദ്ദേഹം ജോലി ചെയ്യുകയും ചെയ്തിരുന്നു. 2014ൽ അദ്ദേഹം റോവന്റ് സയൻസസ് എന്ന ബയോടെക്‌നോളജി സ്ഥാപനം ആരംഭിച്ചു. മെഡിസിൻ പേറ്റന്റുകൾ വാങ്ങുകയും മരുന്നുകൾ വിപണിയിലെത്തിക്കുകയും ചെയ്യുന്ന കമ്പനിയായിരുന്നു ഇത്. 2021ൽ കമ്പനിയുടെ സിഇഒ സ്ഥാനത്ത് നിന്ന് അദ്ദേഹം പടിയിറങ്ങി. എന്നാൽ ഇപ്പോഴും കമ്പനിയുടെ ഓഹരിയുടമയായി തുടരുന്നുണ്ട്.
വിവേകിന്റെ സഹോദരൻ ശങ്കറും അമേരിക്കയിലെ ബിസിനസ് രംഗത്ത് സജീവമാണ്. 2018 ലാണ് ഏറ്റവും ഒടുവിലായി വിവേക് വടക്കാഞ്ചേരിയിൽ എത്തിയത്. എന്നാൽ വിവേകിന്റെ അച്ഛനും അമ്മയും എല്ലാ വർഷവും നാട്ടിലെത്താറുണ്ട്. വടക്കഞ്ചേരി സ്വദേശി ഗണപതി അയ്യർ തങ്കം ദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമനാണ് രാമസ്വാമി. മറ്റു മക്കളായ ഡോ. രാമനാഥൻ, മോഹൻ, പ്രൊഫ. വൃന്ദ, ഇന്ദിര, ശോഭ തുടങ്ങിയവരും അമേരിക്കയിൽ സ്ഥിരതാമസമാണ്. രാമസ്വാമിയുടെ സഹോദരി ചന്ദ്ര സുബ്രഹ്മണ്യൻ മാത്രമാണ് നാട്ടിലുള്ളത്.
മറുനാടന് ഡെസ്ക്