ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി തന്റെ മകൾ ആസിഫ ഭൂട്ടോയെ രാജ്യത്തിന്റെ പ്രഥമ വനിത ആക്കുമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സാധാരണ രീതിയിൽ ഒരു പ്രസിഡന്റ് തന്റെ ഭാര്യയ്ക്ക് നൽകുന്ന പദവിയാണിത്. എന്നാൽ പ്രഥമ വനിത സ്ഥാനത്തേക്ക് ഒരു പാക്കിസ്ഥാൻ പ്രസിഡന്റിന്റെ ഭാര്യയ്ക്ക് പകരം തന്റെ മകളെ പ്രഖ്യാപിക്കുന്നത് ഇത് ആദ്യമാണ്. അതുകൊണ്ട് തന്നെ പാക്കിസ്ഥാന്റെ ചരിത്രം തിരുത്തി കുറിക്കുന്ന സംഭവമാണ് ഇതെന്നാണ് വിലയിരുത്തൽ.

ആസിഫ ഭൂട്ടോയെ പ്രഥമ വനിത സ്ഥാനത്തേക്ക് ഉയർത്തുന്നതിലൂടെ പാക്കിസ്ഥാന്റെ രാഷ്ടീയ ചരിത്രത്തിൽ തന്നെ ഒരു നാഴിക കല്ലായി ഈ സംഭവം മാറുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പാക്കിസ്ഥാനിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവം നടക്കുന്നത്. പ്രഥമ വനിത സ്ഥാനത്തേക്ക് ആസിഫ ഭൂട്ടോയെ പ്രഖ്യാപിച്ചതിന് ശേഷം പ്രഥമ വനിതയ്ക്ക് നൽകുന്ന പ്രോട്ടോക്കോളും പ്രത്യേകാവകാശങ്ങളും നൽകുമെന്ന് പാക്കിസ്ഥാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

പ്രഥമ വനിത എന്ന പദവി വഹിക്കുന്നത് ഒരു രാജ്യത്തിന്റെ ഒരു പ്രസിഡന്റിന്റെ മകൾ ആണെന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് സർദാരിയുടെ മകൾ ആസിഫ. സർദാരി-ഭൂട്ടോ ദമ്പതിമാരുടെ ഏറ്റവും ഇളയ മകളാണ് 31 കാരിയായ ആസിഫ. ബിലാവൽ ഭൂട്ടോ മൂത്ത സഹോദരനും, ബക്താവർ ഭൂട്ടോ സഹോദരിയുമാണ്.

ഓക്സ്ഫോർഡ് ബ്രൂക്സ് യൂണിവേഴ്സിറ്റി, കോളേജ് ഓഫ് ലണ്ടൻ, എഡിൻബർഗ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ആസിഫ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2020-ൽ ആയിരുന്നു പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി)യിലൂടെ ആസിഫയുടെ രാഷ്ട്രീയ രംഗത്തേക്ക് ചുടവു വെച്ചത്. പിന്നീട് കുറച്ചുകാലം പാക്കിസ്ഥാന്റെ പോളിയോ നിർമ്മാർജന യജ്ഞത്തിന്റെ അംബാസിഡറായിരുന്നു ആസിഫ.

മാർച്ച് പത്തിനായിരുന്നു സർദാരി പാക്കിസ്ഥാന്റെ 14മത് പ്രസിഡന്റായി വീണ്ടും സ്ഥാനമേൽക്കുന്നത്. സ്ഥാനാരോഹണ ചടങ്ങിൽ ശ്രദ്ധേയയി ആസിഫയും ഉണ്ടായിരുന്നു. ഫെബ്രുവരിയിലെ പാക്കിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിൽ പിപിപിയുടെ കാമ്പയിനുകളിൽ സജീവ പോരാളിയായിരുന്നു ആസിഫ. പിപിപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന സഹോദരൻ ബിലാവലിനുവേണ്ടി ആസിഫ മുന്നണിയിൽ തന്നെയുണ്ടായിരുന്നു.

ബേനസീറിന്റെ മൂന്നു മക്കളും ഇപ്പോൾ പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ സജീവമാണ്. മൂത്തസഹോദരനും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന ബിലാവലിനെക്കാളും ചേച്ചി ബക്താവറിനെക്കാളും കൂടുതലായി പിതാവ് സർദാരിക്കൊപ്പം കണ്ടിരുന്നത് ആസിഫയെയായിരുന്നു. രാഷ്ട്രീയ സമ്മേളനങ്ങളിലും ജാഥകളിലുമെല്ലാം ആസിഫയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. താലിബാൻ തീവ്രവാദികളുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മലാല യൂസഫിനെ ബർമിങ്ഹാമിലെ ചികിത്സയ്ക്കിടയിൽ സർദാരി സന്ദർശിച്ചിരുന്നു, അന്ന് അച്ഛനൊപ്പം ആസിഫലയും ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ആസിഫ. എക്സിലും ഫേസ്‌ബുക്കിലും അവർ പാക് രാഷ്ട്രീയം ചർച്ച ചെയ്യാറുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള ചർച്ചകളിലും അവർ മുൻപിലുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങൾക്കിടയിലും അതുപോലെ പാർട്ടിയിലും ആസിഫയ്ക്ക് സവിശേഷമായൊരു സ്ഥാനം നിലവിലുണ്ട്. പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന്റെ പ്രധാനമുഖം ആയതുവഴി രാജ്യത്ത് കൂടുതൽ അറിയപ്പെടാനും അവർക്ക് വഴിയൊരുങ്ങി.

പാക്കിസ്ഥാൻ പ്രസിഡന്റായി സർദാരി തെരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണയാണ്. സൈനിക മേധാവികളെ ഒഴിവാക്കി രണ്ടാമതും പാക്കിസ്ഥാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഏക സിവിലിയൻ സ്ഥാനാർത്ഥി എന്ന പ്രത്യേകതയും ആസിഫ് അലി സർദാരിക്കുണ്ട്. പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നതനുസരിച്ച്, തന്റെ എതിർ സ്ഥാനർഥിയായ പഷ്തൂൻഖ്വ മില്ലി അവാമി പാർട്ടിയുടെ (പികെഎംഎപി) തലവനായ മെഹ്മൂദ് ഖാൻ അചക്സായിക്കെതിരെ സർദാരി 411 വോട്ടുകളാണ് നേടിയത്. ഇസ്ലാമാബാദിലെ പ്രസിഡന്റ് ഹൗസിൽ ഇന്നലെ നടന്ന ചടങ്ങിൽ പാക്കിസ്ഥാൻ ചീഫ് ജസ്റ്റിസ് ഖാസി ഫേസ് ഈസ സർദാരിക്ക് സത്യപ്രതിജ്ഞയ്ക്കായുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആരിഫ് അൽവിയും സത്യപ്രതിജ്ഞ സമയത്ത് അടുത്തുണ്ടായിരുന്നു. ചടങ്ങിൽ കരസേന മേധാവി ജനറൽ അസിം മുനീർ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസ, പിപിപി മേധാവി ബിലാവൽ ഭൂട്ടോ സർദാരി എന്നിവരും പങ്കെടുത്തു.