ന്യൂഡൽഹി: വെറുതേ ഉറങ്ങിയ സിംഹത്തെ ചെറിഞ്ഞ് പണി ഇരുന്നു വാങ്ങുക എന്നു കേട്ടിട്ടില്ലേ? അതുപോലെയാണ് ഇപ്പോൾ മാലദ്വീപിന്റെ അവസ്ഥ. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വെറുതേ ചൊറിഞ്ഞപ്പോൾ കിട്ടിയത് സ്വപ്‌നത്തിൽ പോലും ചിന്തിക്കാത്ത കനത്ത തിരിച്ചിടി. പ്രധാനമന്ത്രിക്കെതിരായ അവഹേളനത്തെ ഇന്ത്യ പൊറുക്കാതെ രാജ്യം ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ചതോടെ ഇന്ത്യാ വിരുദ്ധനായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് സ്വന്തം മന്ത്രിമാരെ സസ്‌പെന്റ് ചെയ്യേണ്ടി വന്നു. അവിടം കൊണ്ടും കാര്യങ്ങൾ തീരുമെന്ന് തോന്നുന്നില്ല. മന്ത്രിമാർ രാജി വെക്കണമെന്ന ആവശ്യം മാലദ്വീപ് പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.

മാലദ്വീപും ഇന്ത്യയുമായുള്ള ബന്ധം എന്നും മികച്ചതായിരുന്നു. അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുക്കുന്നതിൽ ഇന്ത്യക്ക് വലിയ പങ്കുണ്ടായിരുന്നു താനും. അതുകൊണ്ട് തന്നെ മാലദ്വീപിനെ കൈവിടാൻ ഇന്ത്യയും തയ്യാറാകില്ല. എന്നാൽ, മോദി വിരുദ്ധത പടർത്തി അധികാരം പിടിച്ച പ്രസിഡന്റ് മുഹമ്മദ് മുയിസു ഭരണത്തിലും ആ ശൈല തുടരുമെന്ന സൂചന പുറത്തുവന്നതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്് കാരണം. ചൈനീസ് കൂറുള്ള മുയിസു ഭരണകൂടത്തെ വരുതിയിൽ നിർത്താനും കിട്ടിയ അവസരത്തിൽ ഇന്ത്യക്ക് സാധിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദപരാമർശങ്ങൾ മന്ത്രിമാർ നടത്തിയതോടെ മാലദ്വീപിന്റെ കൈയിൽ നിന്നും കാര്യങ്ങളെല്ലാം കൈവിട്ടു പോയി. ടൂറിസം പ്രധാന വരുമാനമായ മാലദ്വീപിന് ഈ പരാമർശങ്ങൾ കൊണ്ട് മാത്രം വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ബോളിവുഡ് -ക്രിക്കറ്റ് താരങ്ങൾ കൂട്ടത്തോടെയാണ് മാലദ്വീപ് മന്ത്രിമാരുടെ മോശം പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നത്. കൂട്ടത്തോടെ ബുക്കിങ് കാൻസൽ ചെയ്യലും കൂടി ആയതോടെ മാലദ്വീപ് ടൂറിസം രംഗവും വിറച്ചു. ഇപ്പോൾ വിവാദ പരാമർശങ്ങൾ നടത്തിയവരുടെ മന്ത്രിസ്ഥാനവും പോകുന്ന അവസ്ഥയിലാണ്.

നരേന്ദ്ര മോദിക്കെതിരെ വിവാദപരാമർശം നടത്തിയ മാലദ്വീപ് മന്ത്രിമാരെ വിമർശിച്ച് മാലദ്വീപ് മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബും രംഗത്തുവന്നു. മന്ത്രിമാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരിക്കലും സംഭവിക്കാനരുതാത്ത, അതീവ ദുഃഖകരമായ സംഭവമെന്നാണ് എഎൻഐയോട് അഹമ്മദ് അദീബിന്റെ പ്രതികരണം.

'തിരഞ്ഞെടുക്കപ്പെട്ട പദവിയിലിരിക്കുമ്പോൾ നിങ്ങളൊരിക്കലും ഒരു ആക്ടിവിസ്റ്റിനെപ്പോലെ സംസാരിക്കരുത്. നിങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയുള്ള ആഗോള നേതാവിനെതിരെ ഇത്തരത്തിലുള്ള നിലവാരമില്ലാത്ത പരാമർശങ്ങൾ നടത്തുന്നത് ഒരുതരത്തിലും സ്വീകാര്യമല്ല.

സഹിഷ്ണുത, ഐക്യം, സൗഹൃദം, ആതിഥ്യമര്യാദ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് നമ്മുടെ വിനോദസഞ്ചാര മേഖല. ഞാൻ മന്ത്രിയായിരുന്ന കാലത്ത് നിരവധി ബോളിവുഡ് അഭിനേതാക്കൾക്ക് സ്വാഗതമരുളിയിട്ടുണ്ട്. അവർ നമുക്ക് വേണ്ട പിന്തുണ നൽകുകയും മാലദ്വീപിനെ ഇന്ന് കാണുന്ന തരത്തിലെത്തിക്കാൻ സഹായിക്കുകയും ചെയ്തു. അവരെല്ലാം നമുക്കെതിരെ വിമർശനം ഉന്നയിക്കാനുള്ള സാഹചര്യമുണ്ടായത് ഖേദകരമാണ്. കോവിഡിനുശേഷം ഇന്ത്യൻ വിനോദസഞ്ചാരികളാണ് മാലദ്വീപിന്റെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിച്ചത്.

ഒരുതരത്തിലും ഇത്തരത്തിലുള്ള പ്രവൃത്തി അംഗീകരിക്കാനാകില്ല. ആ മന്ത്രിമാർക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിലൂടെ അവർ സ്വയം രാജിവെച്ചൊഴിയുമെന്നും കരുതുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ശക്തമായ നടപടിയിലൂടെ നാം പ്രതികരിക്കുക തന്നെ വേണം', അഹമ്മദ് അദീബ് പറഞ്ഞു.

ലക്ഷദ്വീപ് ചിത്രത്തിൽ ചൊറിഞ്ഞു, കിട്ടിയത് എട്ടിന്റെ പണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുപിന്നാലെ അദ്ദേഹം നടത്തിയ സ്നോർക്കലിങ്ങിന്റേതുൾപ്പെടെയുള്ള വീഡിയോകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. മാലദ്വീപിന് ബദലായി ഇന്ത്യയുടെ ലക്ഷദ്വീപിനെ വിനോദസഞ്ചാര ശ്രദ്ധാകേന്ദ്രമാക്കാനുള്ള നീക്കമാണെന്ന തരത്തിൽ ചർച്ചകളും ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് മാലദ്വീപ് മന്ത്രിമാർ സാമൂഹികമാധ്യമത്തിലൂടെ മോദിക്കെതിരെ പരാമർശം നടത്തിയത്. സംഗതി വിവാദമായതോടെ മറിയം ഷിനൂയ, മാൽഷ ഷെരീഫ്, മഹ്സൂം മാജിദ് എന്നീ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്പെൻഡ് ചെയ്തു. വിദേശനേതാക്കൾക്കും ഉന്നതസ്ഥാനീയരായ വ്യക്തികൾക്കുമെതിരെ മാലദ്വീപ് മന്ത്രിമാരോ മറ്റോ നടത്തുന്ന പരാമർശങ്ങളോ അഭിപ്രായപ്രകടനങ്ങളോ ഭരണകൂടത്തിന്റെ അഭിപ്രായമോ നയമോ അല്ലെന്നും ഭരണകൂടം പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.

ശീലം തെറ്റിച്ചു മുയിസു, കരുതേണ്ടത് ചൈനീസ് താൽപ്പര്യത്തെ

ഇന്ത്യാ വിരുദ്ധ നിലപാടുകാരനായ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നാളെ ചൈനയിലേക്ക് സന്ദർശത്തിനായി പുറപ്പെടാൻ ഇരിക്കവേയാണ് ഇപ്പോഴത്തെ വിവാദങ്ങളെല്ലാം ഉണ്ടായത്. സാധാരണയായി മാലദ്വീപ് പ്രസിഡന്റുമാർ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്നത് ഇന്ത്യയാണ്. ഈ ശീലം തെറ്റിക്കുന്നതിലൂടെ ചൈനീസ് ബാന്ധവത്തിനാണ് മുയിസു ശ്രമിക്കുന്നത്. പ്രസിഡന്റായി രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു വിദേശയാത്ര നടത്തിയ അദ്ദേഹം ആദ്യം തുർക്കിയിലേക്കാണു പോയത്. പിന്നീട് കാലാവസ്ഥാ ഉച്ചകോടിയിൽ സംബന്ധിക്കാൻ യുഎഇയിലേക്ക്. ഇവിടെവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു.

മൂന്നാമതായി ഇന്ത്യയിലേക്ക് എത്തും എന്നു കരുതിയിരുന്നെങ്കിലും മുയിസു ചൈനയിലേക്കു പോകാനാണു തീരുമാനിച്ചിരിക്കുന്നത്. അതേസമയം എവിടേക്കു പോകണമെന്നു തീരുമാനിക്കേണ്ടതും ഏതു തരത്തിലുള്ള രാജ്യാന്തരബന്ധം വേണമെന്ന് നിശ്ചയിക്കേണ്ടതും മാലദ്വീപാണെന്ന് ഇന്ത്യ പ്രതികരിച്ചു. മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ ഇന്ത്യയും ചൈനയും ശ്രമിക്കുന്നതിനിടെ മാലദ്വീപ് ചൈനയുമായി അടുക്കാൻ ശ്രമിക്കുന്നത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. രാജ്യാന്തര നാണയ നിധിയുടെ റിപ്പോർട്ട് പ്രകാരം മാലദ്വീപിന് ചൈന 1.3 ബില്യൺ ഡോളർ കടമായി നൽകിയിട്ടുണ്ട്.

മുയിസു അധികാരത്തിലെത്തിയാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടാകാമെന്ന് നേരത്തേതന്നെ ഇന്ത്യയ്ക്ക് ആശങ്കയുണ്ടായിരുന്നതാണ്.രണ്ടാഴ്ച മുൻപു മൊറിഷ്യസിന്റെ അധ്യക്ഷതയിൽ നടന്ന സമുദ്രസുരക്ഷാ സമ്മേളനത്തിൽനിന്നു മാലദ്വീപ് വിട്ടുനിന്നതും ഇന്ത്യ സൂക്ഷ്മതയോടെയാണ് കാണുന്നത്. ഇന്ത്യ, ശ്രീലങ്ക, മൊറീഷ്യസ്, മാലദ്വീപ് എന്നിവരാണ് സമ്മേളനത്തിലെ സ്ഥിരാംഗങ്ങൾ. ഇന്ത്യൻ സമുദ്രപ്രദേശത്തു സുരക്ഷാതലത്തിൽ സഹകരിക്കാനുള്ള മാർഗങ്ങൾ ആലോചിക്കുകയാണ് ഈ സമ്മേളനത്തിന്റെ അജൻഡ. ഈ സമ്മേളനം ബഹിഷ്‌കരിച്ച മാലദ്വീപ്, സമാന്തരമായി കുന്മിങ്ങിൽ ചൈന സംഘടിപ്പിച്ച ചൈന ഇന്ത്യൻ സമുദ്രപ്രദേശ ഫോറം സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതോടെ ചൈനീസ് താൽപ്പര്യമാണ് മുയിസു സംരക്ഷിക്കുന്നത് എന്ന് വ്യക്തമാകുകയാണ്.

ഇന്ത്യയുമായുള്ള സമുദ്രപര്യവേക്ഷണകരാർ അവസാനിപ്പിക്കാനും മാലദ്വീപ് ശ്രമം നടത്തുന്നുണ്ട്. അഞ്ചുകൊല്ലം മുൻപു മോദിയുടെ സന്ദർശനസമയത്ത് ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ കോസ്റ്റ്ഗാർഡും നാവികസേനയും ഇന്ത്യയുടെ സമുദ്രശാസ്ത്ര സാങ്കേതികസ്ഥാപനങ്ങളും മാലദ്വീപ് തീരക്കടലിൽ പര്യവേക്ഷണം നടത്തുന്നുണ്ട്. മാലദ്വീപ് തീരക്കടലിന്റെ ഘടനയും ധാതുനിക്ഷേപങ്ങളും ആഴവും താപനിലയും ഒഴുക്കും മറ്റും പഠിക്കുകയാണ് ലക്ഷ്യം. ഇതു തങ്ങളുടെ ദേശീയതാൽപര്യത്തിന് എതിരാണെന്നാണ് പുതിയ ഭരണകൂടത്തിന്റെ നിലപാട്. ഈ കരാർ നീട്ടാതിരിക്കാനാണ് മുയിസു ശ്രമിക്കുന്നത്.

അതേസമയം, ഇന്ത്യയുമായുള്ള സൈനികബന്ധങ്ങൾ പൂർണമായി അവസാനിപ്പിക്കാൻ താൽപര്യമില്ലെന്നതിന്റെ സൂചനകളുമുണ്ട്. ഇന്ത്യൻ അംബാസഡർ മുനു മഹാവറും മാലദ്വീപ് സൈനികമേധാവി ലഫ്. ജനറൽ അബ്ദുൽ റഹീം അബ്ദുൽ ലത്തീഫും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ നിലവിലുള്ള യോജിച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയെന്നും സൈന്യങ്ങൾ തമ്മിലുള്ള ബന്ധം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നു ചർച്ച ചെയ്‌തെന്നും മാലദ്വീപ് സൈനികവൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. മാലദ്വീപ് ജനതയ്ക്കും ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിനാണ് താൽപ്പര്യം. ഇപ്പോഴത്തെ നയതന്ത്ര ഉലച്ച അധികം താമസിയാതെ മെച്ചപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ.