- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സമുദ്രത്തിൽ കപ്പലിന് നേരെ ആക്രമണം നടത്തിയത് അതീവ ഗൗരവതരമായി കാണുന്നു; കടലിനടിയിൽ പോയി ഒളിച്ചാലും കപ്പലാക്രമിച്ചവരെ കണ്ടെത്തുമെന്ന് പ്രതിരോധമന്ത്രി; ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബിക്കടലിൽ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ വിന്യസിച്ചു
ന്യൂഡൽഹി: അറബിക്കടലിൽ വാണിജ്യക്കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾ കണക്കിലെടുത്ത് നാവിക സേന മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ചു. പി 8 ഐ ലോങ് റേഞ്ച് പട്രോളിങ് വിമാനവും യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് മോർമുഗാവോ, ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് കൊൽക്കത്ത എന്നിവയാണ് വിന്യസിച്ചതെന്ന് നാവിക സേന അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സമുദ്രത്തിൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണം ശക്തമായതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ നടപടികളിലേക്ക് കടന്നത്.
ഇതിനിടെ, ഇന്ത്യൻ നാവിക സേനയുടെ സ്‌ഫോടക വസ്തു നിർമ്മാർജന സംഘം മുംബൈ തുറമുഖത്ത് എത്തിയ വാണിജ്യക്കപ്പലിൽ പരിശോധന നടത്തുകയും ചെയ്തു. എംവി ചെം പ്ലൂട്ടോയിലാണ് പരിശോധന നടത്തിയത്. ആക്രമണം നടന്നത് നാവികസേന സ്ഥിരീകരിച്ചു. കപ്പലിന്റെ പിൻഭാഗത്താണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ തകർന്ന ഭാഗങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം ഇന്ത്യൻ സമുദ്രത്തിൽ കപ്പലിന് നേരെ ആക്രമണം നടത്തിയത് അതീവ ഗൗരവതരമായി കാണുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. കടലിനടിയിൽ പോയൊളിച്ചാലും അക്രമികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മിസൈൽവേധ യുദ്ധക്കപ്പലായ ഐ.എൻ.എസ് ഇംഫാൽ കമ്മിഷൻ ചെയ്ത ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
എം.വി കെം പ്ലൂട്ടോ, എം.വി സായിബാബ എന്നീ കപ്പലുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സമുദ്രത്തിൽ നാവികസേന പട്രോളിങ് ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിൽനിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന എം വി കെം പ്ലൂട്ടോ എന്ന കപ്പലിന് നേരെ ശനിയാഴ്ചയാണ് ഡ്രോണാക്രമണമുണ്ടായത്. ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്ന് 217 നോട്ടിക്കൽ മൈൽ അകലെവച്ചായിരുന്നു ആക്രമണം നടന്നത്. ഡ്രോൺ പതിച്ചതിനെ തുടർന്ന് വൻ സ്‌ഫോടനമുണ്ടായി. 20 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണ്.
25 ഇന്ത്യൻ നാവികരുള്ള എണ്ണക്കപ്പൽ എം.വി സായിബാബക്ക് നേരെ ചെങ്കടലിൽ വച്ചാണ് ഡ്രോണാക്രമണമുണ്ടായത്. മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിന്റെ പതാകയും വഹിച്ചായിരുന്നു കപ്പലിന്റെ സഞ്ചാരം. ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനുമായി നാല് യുദ്ധക്കപ്പലുകൾ വിന്യസിച്ചതായി നാവികസേന ചീഫ് അഡ്‌മിറൽ ആർ. ഹരികുമാർ പറഞ്ഞു. പി.81 വിമാനങ്ങൾ, ഡോർണിയേഴ്‌സ്, സീ ഗാർഡിയൻസ്, ഹെലികോപ്റ്ററുകൾ, കോസ്റ്റ് ഗാർഡ് കപ്പലുകൾ എന്നിവയെല്ലാം കടൽക്കൊള്ളയുടെയും ഡ്രോൺ ആക്രമണത്തിന്റെയും ഭീഷണിയെ നേരിടാൻ സംയുക്തമായി വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടയിൽ ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ വിവിധ വാണിജ്യ കപ്പലുകൾ ലക്ഷ്യമിടുന്നുവെന്ന ആശങ്കകൾക്കിടയിലാണ് ലൈബീരിയൻ പതാകയുള്ള എം.വി കെം പ്ലൂട്ടോയ്ക്ക് നേരെ ശനിയാഴ്ച ഡ്രോൺ ആക്രമണം ഉണ്ടായത്.
20 ഇന്ത്യക്കാരാണ് സൗദിയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവന്ന കപ്പലിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപടർന്നിരുന്നു. എന്നാൽ പെട്ടെന്ന് അണക്കാൻ സാധിച്ചത് മൂലം വൻ ദുരന്തം ഒഴിവായി. പല കമ്പനികളും ആക്രമണം ഭയന്ന് ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം നിർത്തിവെച്ചിരിക്കുകയാണ്.
മറുനാടന് ഡെസ്ക്