- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിര്‍ണായക നീക്കം; മായാവതി-ചൗട്ടാലയുമായി കൂടിക്കാഴ്ച്ച; ബിഎസ്പി-ഐഎന്‍എല്‍ഡി സഖ്യത്തിന് ധാരണ
ഗുരുഗ്രാം: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പിയുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ സാധ്യത. മായാവതിയും ചൗട്ടാലയുമായി നടത്തിയ കൂടിക്കാഴ്ച്ചയാണ് ഇതിന് വഴി തുറന്നിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ ബിഎസ്പിയുമായി സഖ്യത്തിലായാല്‍ അത് വിജയപ്രതീക്ഷ വെക്കുന്ന കോണ്‍ഗ്രസിനും വെല്ലുവിളി ആയേക്കും.
സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഐഎന്‍എല്‍ഡി സെക്രട്ടറി ജനറല്‍ അഭയ് സിംഗ് ചൗട്ടാല ശനിയാഴ്ച്ച മായാവതിയുമായി ഡല്‍ഹിയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും സഖ്യത്തിലായിരുന്നു.
'സഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 11ന് ചണ്ഡീഗഡില്‍ നടത്തും. സഖ്യ പ്രഖ്യാപന വാര്‍ത്താ സമ്മേളനത്തില്‍ മായാവതിയുടെ അനന്തരവന് ആകാശ് ആനന്ദും പങ്കെടുക്കും. സീറ്റ് വിഭജനം, മണ്ഡലം അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള യോഗത്തില്‍ അന്തിമ ധാരണയാകും' ചൗട്ടാല പറഞ്ഞു. 2024ലെ ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ഇരു പാര്‍ട്ടികളും ചേരി തിരിഞ്ഞാണ് മത്സരിച്ചിരുന്നത്. ഇരു പാര്‍ട്ടികള്‍ക്കും സീറ്റുകള്‍ നേടാനുമായിരുന്നില്ല.
പൊതുതിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ഡി സംസ്ഥാനത്ത് ഏഴ് സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ ബിഎസ്പി ഒമ്പത് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഐഎന്‍എല്‍ഡിയുടെ വോട്ട് വിഹിതം 1.74 ശതമാനവും ബിഎസ്പിയുടേത് 1.28 ശതമാനവുമായിരുന്നു.