കണ്ണൂര്‍: കണ്ണൂര്‍ ടൗണിലെ തെക്കിബസാറില്‍ പാര്‍ട്ടിയിലെ കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്കായി സ്ഥലവും കെട്ടിടവും വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം സി.പി.എമ്മിനുളളിലെ വിഭാഗീയതയുടെ ഭാഗമാണെന്ന് ആരോപണം. വാങ്ങിയ സ്ഥലവും കെട്ടിടവും സ്വന്തം പേരിലാക്കി സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തു ഇടപാട് തീര്‍ക്കാന്‍ ലോക്കല്‍ സെക്രട്ടറി നടത്തിയ നീക്കങ്ങളാണ് വിവാദങ്ങളായി മാറിയത്. എന്നാല്‍ സാങ്കേതികമായി നടത്തിയ താല്‍ക്കാലിക അറേഞ്ച്മെന്റിനെതിരെ പാര്‍ട്ടിയിലെ എതിര്‍വിഭാഗം പരാതിയുമായി രംഗത്തുവരികയായിരുന്നു.

ലോക്കല്‍ സെക്രട്ടറി അന്യായമായി സ്ഥലവും കെട്ടിടവും തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തുവെന്നായിരുന്നു ആരോപണം. എന്നാല്‍ പാര്‍ട്ടി ജില്ലാനേതൃത്വം പരാതി പരിശോധിച്ചതിനു ശേഷം തികച്ചും സാങ്കേതികപരമായ വീഴ്ച്ചയാണ് ഇതെന്ന് കണ്ടെത്തി ലോക്കല്‍ സെക്രട്ടറി ഇ. രമേശന് ക്ളിന്‍ ചീറ്റു നല്‍കുകയായിരുന്നു. പാര്‍ട്ടി ഓഫീസ് ഫണ്ട് ശേഖരണത്തിനായി നടത്തിയ വിട്ടുവീഴ്ചകളാണ് ക്രമക്കേടായി ആരോപിക്കപ്പെട്ടതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

എന്നാല്‍ ഇത്തരമൊരു ആരോപണം ഉണ്ടാകാതിരിക്കാനുളള ജാഗ്രത പാലിക്കണമെന്ന് നേതൃത്വം കണ്ണൂര്‍ ഏരിയാ നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടുമാസത്തിനുളളില്‍ സ്ഥലവും ഓഫീസ് കെട്ടിടവും പാര്‍ട്ടി സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ലോക്കല്‍ നേതൃത്വം ഏരിയാകമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ഇതുകണക്കിലെടുത്താണ് വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വം മൃദുസമീപനം സ്വീകരിച്ചത്.

പാര്‍ട്ടി നിരീക്ഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടമായ കോടിയേരി ബാലകൃഷ്ണന്‍ മന്ദിരത്തിന്റെ ഭാഗമായി ഏരിയാ സെക്രട്ടറി കെ.പി സുധാകരന്‍ ചെയര്‍മാനായും ലോക്കല്‍ സെക്രട്ടറി ഇ. രമേശന്‍ കണ്‍വീനറുമായ കെട്ടിട നിര്‍മാണ കമ്മിറ്റിയോഗം വിളിച്ചു ചേര്‍ത്തിരുന്നു. കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജനാണ് യോഗം ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗമായ തെക്കിബസാറില്‍ പാര്‍ട്ടി ഓഫീസിനായി നാലുസെന്റ് ഭൂമിയും മുപ്പതുവര്‍ഷം പഴക്കമുളള വീടുമാണ് വാങ്ങിയത്.

ഇതിനായി മുപ്പതുലക്ഷം വസ്തുവിന്റെ ഈടുവെച്ചു ലോക്കല്‍ സെക്രട്ടറിയുടെ പേരില്‍ സ്ഥലവും കെട്ടിടവും വാങ്ങി ബാങ്കില്‍ നിന്നും വായ്പയെടുക്കുകയും ബാക്കി തുകയായ 20ലക്ഷം അംഗങ്ങള്‍ ഉള്‍പ്പെടെയുളളവരില്‍ നിന്നും പലിശവാഗ്ദാനം ചെയ്തുവാങ്ങുകയും ചെയ്തു. എന്നാല്‍ 55 ലക്ഷം രൂപ വിലവരുന്ന സ്ഥലമാണ് 70 ലക്ഷം രൂപ മതിപ്പുവിലയായി കണ്ടു വാങ്ങിയതെന്നാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് പാര്‍ട്ടിക്കുളളിലെ ചിലര്‍ തന്നെ പരാതി നല്‍കിയത്.

പാര്‍ട്ടി ഏരിയാസെക്രട്ടറി കെ.പി സുധാകരന്റെ ഒത്താശയോടെ ലോക്കല്‍ സെക്രട്ടറി ഇ. രമേശന്‍ 15-ലക്ഷത്തിന്റെ അധികബാധ്യത ഉണ്ടാക്കിയെന്നു കുറ്റപ്പെടുത്തിക്കൊയാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് കത്തുലഭിച്ചത്. ഇത്തരമൊരു ആരോപണം വന്നതോടെ ഇക്കാര്യം പുറത്തറിഞ്ഞാല്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നും നേതൃത്വം അടിയന്തരമായി ഇടപെടണമെന്നുമാണ് ജില്ലാ നേതൃത്വത്തിന് ലഭിച്ച കത്തില്‍ പറയുന്നത്.

കെട്ടിട നിര്‍മാണത്തിനായി പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ കാഴ്ചയെന്ന പേരില്‍ വ്യാവസായിക, കാര്‍ഷിക പ്രദര്‍ശനമേള നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ലാഭം കിട്ടിയില്ലെന്നാണ് ലോക്കല്‍ നേതൃത്വം പറയുന്നത്. മേളയില്‍ പങ്കെടുത്ത സ്ഥാപനങ്ങളില്‍ നിന്നും വ്യകതികളില്‍ നിന്നും ചെലവുകഴിച്ചുളള പണം കെട്ടിട നിര്‍മാണത്തിനായി നീക്കിവയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പാര്‍ട്ടി വാങ്ങിയ സ്ഥലത്തുളള വീടിന്റെ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കുകയാണ്. ബാങ്ക് വായ്പ അനിവാര്യമായതിനാലാണ് വസ്തു സ്വന്തം പേരിലാക്കിയതെന്നാണ് പാര്‍ട്ടി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി നേതൃത്വത്തിന് രേഖാമൂലം നല്‍കിയ മറുപടി. രണ്ടുമാസത്തിനകം കണക്കുകള്‍ ബോധിപ്പിച്ചു സ്ഥലവും ഓഫീസും പാര്‍ട്ടിയുടെ പേരിലാക്കുമെന്നും എല്ലാവിധ ബാധ്യതകളും തീര്‍ക്കുമെന്നും ഇദ്ദേഹം മറുപടി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ തന്നെ ഒരു പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവിന്റെ ഭാര്യാസഹോദരനാണ് ലോക്കല്‍ സെക്രട്ടറി. കണ്ണൂര്‍ നഗരത്തില്‍ സി.പി. എം നിയന്ത്രണത്തിലുളള ഒരു സഹകരണ ബാങ്കില്‍ ജീവനക്കാരനുമാണ് ഇദ്ദേഹം. കണ്ണൂര്‍ തെക്കിബസാറിലെ കക്കാട് റോഡില്‍ പഴയ കെട്ടിടത്തിന്റെ ഒറ്റമുറിയിലാണ് പാര്‍ട്ടി ഈസ്റ്റ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

സ്വന്തമായി പാര്‍ട്ടിക്ക് ആസ്ഥാനം വേണമെന്നത് ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലുസെന്റ് ഭൂമിയും പഴയ കെട്ടിടവും വിലയ്ക്കു വാങ്ങിയത്. എന്നാല്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതിയടങ്ങിയ കത്ത് പുറത്തായത് സി.പി. എമ്മിലുളള വിഭാഗീയതയുടെ ഭാഗമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കത്ത് മാധ്യമങ്ങള്‍ക്ക് എങ്ങനെയാണ് ചോര്‍ന്നുകിട്ടിയതെന്ന അന്വേഷണവും ജില്ലാ നേതൃത്വം നടത്തുന്നുണ്ട്.