കണ്ണൂര്‍: മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. ന്യൂ മീഡിയയുടെയുടെ ചുമതല നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം .

സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് നികേഷ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ അഴീക്കോട് നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നികേഷ് കുമാര്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയോട് പരാജയപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിലാണ് നികേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടി വിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം. 1967 മുതല്‍ 1978 വരെ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്നു എം വി രാഘവന്‍.