മുംബൈ: മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് ബിജെപി കരകയറുന്നു. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം 11 സീറ്റില്‍ 9 സീറ്റിലും ജയിച്ചു. പ്രതിപക്ഷമായ മഹാവികാസ് അഗാഡി രണ്ടു സീറ്റിലും. എന്നാല്‍, ശരദ് പവാറിന്റെ പിന്തുണയുള്ള പെസന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ( പി ഡബ്ല്യു പി) സ്ഥാനാര്‍ഥി ജയന്ത് പാട്ടീല്‍ തോറ്റു.

മഹായുതി 9 സ്ഥാനാര്‍ഥികളെയും എം വി എ മൂന്നു സ്ഥാനാര്‍ഥികളെയുമാണ് മത്സരിപ്പിച്ചത്. ഒരു എം എല്‍ സി സീറ്റിന് 23 എംഎല്‍മാരുടെ വോട്ടാണ് വേണ്ടത്. 66 സീറ്റുമാത്രമേ ഉള്ളുവെങ്കിലും എം വി എ ക്രോസ് വോട്ടിങ് പ്രതീക്ഷിച്ച് ഒരു സ്ഥാനാര്‍ഥിയെ അധികമായി നിര്‍ത്തിയിരുന്നു. ഇതോടെ ഒരു സീറ്റിലെ മത്സരം കൗതുകകരമായി

വിധാന്‍ സഭ സമുച്ചയത്തില്‍ രാവിലെ 9 മുതല്‍ വൈകിട്ട് നാലുവരെ നടന്ന എംഎല്‍സി തിരഞ്ഞെടുപ്പില്‍, 274 എംഎല്‍എമാരും വോട്ടുചെയ്തതോടെ 100 ശതമാനം പോളിങ് രേഖപ്പെടുത്തി. രഹസ്യ ബാലറ്റ് സമ്പ്രദായം വഴി ശിവസേനയുടെ സഞ്ജയ് ഗെയ്ക്കാവാദാണ് ആദ്യം വോട്ടുചെയ്തത്. ജൂലൈ 27 ന് കാലാവധി അവസാനിക്കുന്ന അംഗങ്ങളുടെ ഒഴിവുകള്‍ നികത്താനായിരുന്നു തിരഞ്ഞെടുപ്പ്.

കല്യാണ്‍ ഈസ്റ്റിലെ ഗണ്‍പത് ഗെയ്കവാദ് വോട്ടുചെയ്യുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഗെയ്ക്ക്‌വാദിനെ വോട്ടുചെയ്യിക്കരുതെന്ന് കാട്ടി കോണ്‍ഗ്രസ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതിയും നല്‍കി.

11 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ ത്രില്ലര്‍ പോലെയായി മാറിയിരുന്നു. പ്രിഫറന്‍ഷ്യല്‍ വോട്ടിങ് ( ആദ്യ പരിഗണന, രണ്ടാം പരിഗണന) ആയതുകൊണ്ട് വോട്ടിങ് സങ്കീര്‍ണ പ്രക്രിയയായിരുന്നു. ക്രോസ് വോട്ടിങ് നടക്കുമോയെന്ന ആശങ്ക കാരണം തങ്ങളുടെ സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിക്കുന്ന രീതിയില്‍ വോട്ടുകള്‍ വീഴുന്നുവെന്ന് പാര്‍ട്ടികള്‍ക്ക് ഉറപ്പിക്കണമായിരുന്നു,

ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ അടക്കം അഞ്ചുപേരെ ബിജെപി മത്സരിപ്പിച്ചപ്പോള്‍ എല്ലാവരും ജയിച്ചു. ഷിന്‍ഡെ സേന വിഭാഗവും അജിത് പവാറിന്റെ എന്‍സിപിയും രണ്ടുവീതം പേരെ മത്സരിപ്പിച്ച് ജയിപ്പിച്ചു.

എംഎല്‍സി തിരഞ്ഞെടുപ്പ് ഈ വര്‍ഷാവസാനം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായാണ് കണക്കാക്കുന്നത്.
ബിജെപി നേതാവും, ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് സന്തോഷം മറച്ചുവച്ചില്ല. 9/9- ടമ്പ്്‌സ് അപ് ഇമോജിയുടെ അകമ്പടിയോടെ അദ്ദേഹം കുറിച്ചു.

അഞ്ച് സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച ബിജെപിക്ക് 103 എംഎല്‍മാരുണ്ട്. നാല് സീറ്റ് ഉറപ്പായിരുന്നു. അഞ്ചാമത്തെ സീറ്റിന് 12 വോട്ട് കുറവുണ്ടായിരുന്നു. 37 എംഎല്‍എമാരുള്ള ഷിന്‍ഡെ സേനയ്ക്ക് 9 ന്റെ കുറവും 39 എംഎല്‍എമാരുള്ള അജിത് പവാറിന്റെ എന്‍സിപിക്ക് ഏഴിന്റെ കുറവും ഉണ്ടായിരുന്നു. മൊത്തം 9 സീറ്റില്‍ മത്സരിച്ച മഹായുതിക്ക് 28 വോട്ടിന്റെ കുറവുണ്ടായിരുന്നു.

37 എംഎല്‍എമാരുളള കോണ്‍ഗ്രസ് ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ശേഷം 14 അധിക വോട്ടുകള്‍ എംവിഎ സഖ്യകക്ഷികള്‍ക്കായി വീതിച്ചുനല്‍കി. ശരദ് പവാറിന്റെ എന്‍സിപി ജയന്ത് പാട്ടീലിന്റെ പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ പിന്തുണച്ചു. 13 എംഎല്‍എമാരുള്ള പാര്‍ട്ടിക്ക് 10 വോട്ടിന്റെ കുറവും. 8 വോട്ടിന്റെ കുറവുള്ള ഉദ്ധവ് താക്കറെയുടെ സേന ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി. മൊത്തത്തില്‍ എംവിഎക്ക് മൂന്നുസീറ്റില്‍ ജയിക്കാന്‍ നാല് വോട്ടിന്റെ കുറവുണ്ടായിരുന്നു.

സഖ്യത്തിന് പുറത്തുള്ള എംഎല്‍എമാരുടെ -എസ്പിയില്‍ നിന്നും ഒവൈസിയുടെ എഐഎംഐഎമ്മില്‍ നിന്നും ഒരു സിപിഎം നേതാവില്‍ നിന്നും ഒരു സ്വതന്ത്രനില്‍ നിന്നുമുളള വോട്ടുകള്‍ നിര്‍ണായകമായി. അപ്പോഴും ആറ് സീറ്റ് മാത്രമേ ആകുന്നുള്ളു. ചുരുക്കി പറഞ്ഞാല്‍ ഫലം അറിഞ്ഞപ്പോള്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകും എന്നുറപ്പായി.