- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.ഡി.എ സർക്കാറിന്റെ മൂന്നാമൂഴത്തിന് ഇന്ന് തുടക്കം
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ.ഡി.എ. സർക്കാർ ഞായറാഴ്ച അധികാരമേൽക്കും. ഇന്ന് വൈകീട്ട് 7.15-ന് രാഷ്ട്രപതിഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി ഘടകകക്ഷികളുടെ പിന്തുണയോടെയാണ് നരേന്ദ്ര മോദി ഇക്കുറി അധികാരത്തിൽ എത്തുന്നത്.
മോദിക്കൊപ്പം ബിജെപി.യുടെ മുതിർന്ന മന്ത്രിമാരും ഘടകകക്ഷികളുടെ മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ശുചീകരണത്തൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ ഭരണതലപ്പത്തുള്ളവർവരെ ഉൾപ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് ചടങ്ങ്. അതേസമയം ഇക്കുറി ബിജെപിക്ക് കനത്ത തിരിച്ചടി നൽകിയ കോൺഗ്രസിന് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ലാത്തത് വിവാദമായി.
വൈകീട്ട് 6.30-ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധി സമാധിയിൽ പുഷ്പങ്ങൾ അർപ്പിച്ചശേഷമാണ് മോദി സത്യപ്രതിജ്ഞാച്ചടങ്ങിനെത്തുക. ഡൽഹിയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. ചടങ്ങിനുശേഷം രാത്രി വൈകിയായിരിക്കും മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കുക.
മോദിക്കൊപ്പം സത്യവാചകം ചൊല്ലേണ്ട മന്ത്രിമാരെ നിശ്ചയിക്കാനുള്ള ചർച്ചകൾ ശനിയാഴ്ചയും ഡൽഹിയിലെ രാഷ്ട്രീയകേന്ദ്രങ്ങളിൽ തുടരുന്നതിനിടയിലാണ് സത്യപ്രതിജ്ഞാച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ രാഷ്ട്രപതിഭവൻ പൂർത്തിയാക്കിയത്. രണ്ടാം മോദി മന്ത്രിസഭയിലെ ബിജെപി.യുടെ പ്രധാന മുഖങ്ങളായിരുന്ന രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ എന്നിവർ മൂന്നാം മന്ത്രിസഭയിലും തുടരാനാണ് സാധ്യത.
പ്രതിരോധം, ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം എന്നീ പ്രധാന വകുപ്പുകൾക്കൊപ്പം നയവും അജൻഡയും കടന്നുവരുന്ന വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ വകുപ്പുകളും ബിജെപി.തന്നെ കൈവശം വെക്കും. സീറ്റുവിഭജനം സംബന്ധിച്ച് മുതിർന്ന ബിജെപി. നേതാക്കളായ രാജ്നാഥ് സിങ്, അമിത് ഷാ, പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ശനിയാഴ്ചയും സഖ്യകക്ഷികളുമായി ചർച്ചനടത്തി. ടി.ഡി.പി. നേതാവ് എൻ. ചന്ദ്രബാബു നായിഡു, ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ, ശിവസേനാനേതാവ് ഏക്നാഥ് ഷിന്ദേ എന്നിവരുമായാണ് ചർച്ച നടത്തിയത്.
നാലംഗങ്ങൾക്ക് ഒരു മന്ത്രി എന്ന നിലയിലായിരിക്കും ഘടകകക്ഷികൾക്ക് മന്ത്രി സ്ഥാനം വീതിക്കുകയെന്നാണ് സൂചന. ഇതനുസരിച്ച് 16 അംഗങ്ങളുള്ള ടി.ഡി.പി.ക്ക് നാല് മന്ത്രിസ്ഥാനങ്ങളും 12 അംഗങ്ങളുള്ള ജെ.ഡി.യു.വിന് മൂന്ന് മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും. ഏഴ് അംഗങ്ങളുള്ള ശിവസേന ഷിന്ദേ വിഭാഗത്തിനും കാബിനറ്റ് മന്ത്രിസ്ഥാനം ഉൾപ്പെടെ ഒന്നിലേറെ മന്ത്രിമാരെ ലഭിക്കും. അഞ്ചുമുതൽ എട്ടുവരെ കാബിനറ്റ് മന്ത്രിപദങ്ങൾ ഘടകകക്ഷികൾക്കായി വീതിക്കും. ജെ.ഡി.യു.വിന് രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചേക്കും. കേരളത്തിൽനിന്ന് ബിജെപി. അംഗം സുരേഷ് ഗോപി മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും. രണ്ടാംമന്ത്രിസഭയിൽ അംഗമായിരുന്ന രാജീവ് ചന്ദ്രശേഖർ തുടർന്നേക്കും
കോൺഗ്രസിന് ക്ഷണമില്ല
മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ക്ഷണമില്ലെന്ന് ജയ്റാം രമേശ്. വൈകീട്ട് ഏഴേകാലിന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ലോക നേതാക്കൾക്ക് വരെ ക്ഷണമുള്ള ചടങ്ങിലാണ് കോൺഗ്രസ് നേതാക്കളെ ക്ഷണിക്കാതിരുന്നത്. രാഷ്ട്രീയവും ധാർമികവുമായും തോറ്റ ഒരു വ്യക്തിയുടെ സത്യപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്ന് പ്രതികരിച്ചുകൊണ്ട് ജയ്റാം രമേശാണ് വിമർശനം ഉന്നയിച്ചത്.
സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ശശി തരൂർ, സത്യപ്രതിജ്ഞയ്ക്ക് പകരം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം തത്സമയം കാണുമെന്ന് വ്യക്തമാക്കി. സത്യപ്രതിജ്ഞയിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.