- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്ന് നോട്ടീസുകൾ അവഗണിച്ച ആംആദ്മി നേതാവ്; ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്യാൻ ഇഡി തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹം ശക്തം; കെജ്രിവാളിന്റെ വീട്ടിന് പുറത്ത് വൻ പൊലീസ് സന്നാഹം; അറസ്റ്റും റെയ്ഡും മുൻകൂട്ടി കണ്ട് ആപ്പ്; ജയിൽ ഇരുന്ന് ഭരണം തുടരാൻ കെജ്രിവാൾ റെഡിയെന്ന് നേതാക്കൾ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത നടപടികളിലേക്ക് ഇഡി നീങ്ങുന്നുവെന്ന് സൂചന. കെജ്‌രിവാളിന്റെ അറസ്റ്റിന് സാധ്യതയെന്ന് മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യങ്ങളിൽ കുറിച്ചു. വീട് റെയ്ഡ് ചെയ്തേക്കുമെന്നും ആപ് നേതാക്കൾ പറയുന്നു. മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് കെജ്രിവാൾ ഹാജരായിരുന്നില്ല. എന്നാൽ ചോദ്യം ചെയ്യലിന് എത്താത്ത സാഹചര്യത്തിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇഡിയുടെ നീക്കം.
മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയ്ൻ എന്നിവർ ജയിലിലായതിനു പിന്നാലെ ഇങ്ങനെയൊരു നീക്കം എഎപി നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. ജയിലിലായാലും അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നും ജയിലിലിരുന്ന് ജോലികൾ ചെയ്യണമെന്നുമാണ് പാർട്ടി തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാത്തതും ഇഡിയെ പ്രകോപിപ്പിക്കാനാണ് എന്നാണ് സൂചന. ഇഡിക്ക് വഴങ്ങില്ലെന്ന സന്ദേശമാണ് കെജ്‌രിവാൾ നൽകുന്നത്.
തിരക്ക് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. ചോദ്യാവലി അയച്ചു തന്നാൽ മാത്രമേ ചോദ്യം ചെയ്യലിന് ഹജാരാകുകയുള്ളൂവെന്ന് നേരത്തെ കെജ്‌രിവാൾ പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പും കെജ്‌രിവാളിനെ കേസിൽ ചോദ്യം ചെയ്തിരുന്നു. മദ്യനയക്കേസിൽ സിബിഐ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്. സിബിഐ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. പിന്നീട് കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡിയുടെ നിലപാട്. അതിനിടെ കെജ്രിവാളിന്റെ വസതിയിലേക്കുള്ള റോഡുകൾ ഡൽഹി പൊലീസ് തടഞ്ഞതായും ആംആദ്മി പാർട്ടി ആരോപിച്ചു.
'രാവിലെ അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഇഡി റെയ്ഡ് നടത്തുമെന്ന വാർത്തകൾ വരുന്നുണ്ട്. അറസ്റ്റും ഉണ്ടായേക്കും', മുതിർന്ന പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി എക്സിൽ കുറിച്ചു. മറ്റു മുതിർന്ന് പാർട്ടി നേതാക്കളായ സൗരഭ് ഭരദ്വാജ്, ജാസ്മിൻ ഷാ, സന്ദീപ് പഥക് എന്നിവരും സമാന പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. നവംബർ രണ്ടിനും ഡിസംബർ 21നും രണ്ടുതവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല. തുടർന്നാണ് മൂന്നാം തവണയും നോട്ടീസ് അയച്ചത്.
ഇതിനും ഹാജരാവാതെയിരുന്ന കെജ്‌രിവാൾ, രാജ്യസഭാ തിരഞ്ഞെടുപ്പിന്റെയും റിപ്പബ്ലിക്ക് ദിന തയ്യാറെടുപ്പുകളുടെയും തിരക്കിലാണെന്നും ചോദ്യാവലി നൽകിയാൽ മറുപടി നൽകാമെന്നും ഇ.ഡി.യെ രേഖാമൂലം അറിയിച്ചു. ആവശ്യപ്പെട്ടാൽ കൈവശമുള്ള രേഖകൾ നൽകാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതു കൊണ്ട് തന്നെ വേണമെങ്കിൽ കെജ്രിവാളിനെ അറസ്റ്റു ചെയ്യാം.
നോട്ടീസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും കേസിൽ സാക്ഷിയായാണോ പ്രതിയായാണോ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് വ്യക്തമല്ലെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രചരണം നടത്തുന്നതിൽ നിന്നും അദ്ദേഹത്തെ തടയുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിതെന്ന് ആം ആദ്മി പാർട്ടിയും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ