ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ മറ്റൊരു മുഖ്യമന്ത്രിയായ ഭഗവന്ത് സിങ് മാനിനെയും അഴിമതി കേസിൽ കുരുക്കാൻ നീക്കം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പഞ്ചാബ് ഘടകം കത്തും നൽകി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിലവിൽ റിമാൻഡിലാണ്. ഡൽഹി മദ്യനയ കേസ് അഴിമതിയാണ് ഇതിന് കാരണം. ഇതിനൊപ്പമാണ് പഞ്ചാബിലും ആംആദ്മിയെ തളയ്ക്കാനുള്ള നീക്കം.

പഞ്ചാബിലെ മദ്യനയ അഴിമതിയിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. മദ്യനയ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിനു ആയിരം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന ആരോപണം ബിജെപി സജീവമാക്കിയിരിക്കുകയാണ്. പഞ്ചാബിലെ എഎപി എംഎൽഎയും വ്യവസായിയുമായ കുൽവന്ത് സിങിന്റെ മൊഹാലിയിലെ വീട്ടിൽ കഴിഞ്ഞ വർഷം ഇ.ഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് പുനരന്വേഷണം ഉണ്ടായേക്കാമെന്നും സൂചനയുണ്ട്.

കുൽവന്ത് സിങിനെ കൂടാതെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ നിർണായ പങ്കുവഹിച്ച മൂന്ന് ഉദ്യോഗസ്ഥന്മാരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെയും സംസ്ഥാനത്തെ ആം ആദ്മി പാർട്ടിയുടെ ചുമതലയുള്ള രാഘവ് ഛദ്ദയുടെയും മൗനാനുവാദത്തോടെയാണ് മദ്യനയ അഴിമതി നടത്തിയത് എന്നാണ് ബിജെപി ആരോപണം.

ഇതിലേക്കും അന്വേഷണം എത്തിച്ച് ആംആദ്മിയെ തളയ്ക്കാനാണ് നീക്കം. ഡൽഹി മദ്യനയ കേസിലെ പ്രതികളിൽ ഒരാൾക്ക് പഞ്ചാബിലെ മദ്യ വ്യവസായം നടത്താൻ അനുമതി ലഭിച്ചത് ദുരൂഹമാണെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. അതിനിടെ ഡൽഹി മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യംചെയ്ത് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹർജി അടുത്ത ബുധനാഴ്ച പരി?ഗണിക്കാമെന്ന് കോടതി അറിയിച്ചു.

വ്യാഴാഴ്ചരാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സിബിഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കെജ്രിവാളിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമാണ് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നുവെന്നായിരുന്നു വ്യാഴാഴ്ച കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞത്. ജയിലിനകത്തായാലും പുറത്തായാലും താൻ രാജ്യത്തെ സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്റെ ഭാര്യ സുനിത കെജ്രിവാളിനയച്ച സന്ദേശവും ശനിയാഴ്ച പുറത്തുവന്നിരുന്നു. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നത് തുടരണം. ബിജെപി പ്രവർത്തകരോട് വെറുപ്പ് പാടില്ല.

അവർ നമ്മുടെ സഹോദരീ സഹോദരന്മാരാണ്. ഒരു ജയിലിനും എന്നെ അധികകാലം അഴിക്കുള്ളിലാക്കാൻ കഴിയില്ല. ഞാൻ ഉടൻ പുറത്ത് വന്ന് നൽകിയ ഉറപ്പുകൾ പാലിക്കും-കെജ്രിവാൾ സന്ദേശത്തിൽ വ്യക്തമാക്കി.