- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ ആം ആദ്മി സർക്കാറിൽ കടുത്ത പ്രതിസന്ധി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എ.എ.പിക്കും വലിയ തിരിച്ചടികളാണ് പുറത്തുവരുന്നത്. ഡൽഹിയിൽ ഭരണ പ്രതിസന്ധി അടക്കം രൂക്ഷമാകുന്ന അവസ്ഥയിലാണ്. ബിജെപിയെയും ഇഡിയെയും ഉപയോഗിച്ചുള്ള നീക്കങ്ങൾ ഡൽഹി സർക്കാറിന് വലിയ തിരിച്ചടിയായിരിക്കയാണ്. സാമൂഹികനീതി വകുപ്പ് മന്ത്രി രാജിവെച്ചത് ലെഫ്റ്റനന്റ് ഗവർണറെ അറിയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനായില്ല. ഇതിനിടെ കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി വൈഭവ് കുമാറിനെ വിജിലൻസ് വിഭാഗം നീക്കിയതും എഎപിക്ക് തിരിച്ചടിയായി. കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങൾക്ക് ലംഘിച്ചാണ് നിയമിച്ചതെന്ന് ആരോപിച്ച് കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ബൈഭവ് കുമാറിനെ വിജിലൻസ് ഡിപാർട്‌മെന്റ് പുറത്താക്കി.
ഫയലുകൾ തയ്യാറാക്കാൻ കോടതിയുടെ അനുമതി തേടാനാണ് കെജ്രിവാളിന്റെ നീക്കം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലായി പത്ത് ദിവസമാകുമ്പോൾ ഡൽഹിയിൽ ഭരണ പ്രതിസന്ധി ഏറുകയാണ്. പതിനഞ്ച് ദിവസത്തേക്കാണ് കെജ്രിവാളിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും തിഹാറിൽ ഫയലുകൾ നോക്കാൻ കെജ്രിവാളിന് അനുമതിയില്ല. അതിനാൽ സാമൂഹിക നീതി വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജി വെച്ചതും വകുപ്പുകൾ ഇനി ആർക്ക് നൽകുമെന്നതും ലെഫ്റ്റനന്റ് ഗവർണറെ അറിയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസീന് സാധിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച കെജ്രിവാള് കോടതി ഇടപെടലിലൂടെ ഫയലുകൾ ജയിലിൽ നിന്ന് അയക്കാൻ ശ്രമം നടത്തിയേക്കും.
പ്രൈവറ്റ് സെക്രട്ടറിയെ വിജിലൻസ് വിഭാഗം നീക്കിയതും എഎപിയിൽ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. നിയമനം ചട്ടവിരുദ്ധം എന്ന് ചൂണ്ടികാട്ടിയാണ് വൈഭവ് കുമാറിനെ വിജിലൻസ് വിഭാഗം നീക്കിയത്. അതേസമയം പാർട്ടിയുടെ അടിത്തറ തോണ്ടാനാണ് ബിജെപിയുടെ ശ്രമമെന്ന് എ.എ.പി പ്രതികരിച്ചു. 2007 ൽ വൈഭക് കുമാറിനെിരെ പൊലീസ് മർദനകേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇക്കാര്യം പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചപ്പോൾ പ്രത്യേകം സൂചിപ്പിച്ചില്ല എന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി.
മന്ത്രിമാർ കൈകാര്യം ചെയ്യുന്ന ജോലിയുടെ സെൻസിറ്റിവിറ്റി കണക്കിലെടുത്ത് സ്വഭാവവും മറ്റ് കാര്യങ്ങളും പരിശോധിക്കാതെ അവരുടെ പേഴ്സണൽ സ്റ്റാഫിൽ നിയമനം അനുവദിക്കുന്നത് ഉചിതമല്ല. ഇത് ക്രമക്കേട് മാത്രമല്ല, ഭരണപരമായ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. പൊലീസ് കേസുള്ള വ്യക്തിയെന്ന നിലയിൽ ബൈഭവ് കുമാറിന്റെ നിയമനം ചട്ടലംഘനമാണെന്നും വിജിലൻസ് ഡിപാർട്ട്‌മെന്റ് വ്യക്തമാക്കി. ഡൽഹിയിൽ ജനാധിപത്യം ചവിട്ടിമെതിക്കുകയാണ് ബിജെപിയെന്ന് എ.എ.പി നേതാവ് ജാസ്മിൻ ഷാ കുറ്റപ്പെടുത്തി.
"മദ്യനയ കേസിൽ അവർ ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരെ ലഫ്. ഗവർണർ പുറത്താക്കാൻ തുടങ്ങിയിരിക്കുന്നു. ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം എന്നതിൽ ഒരു തർക്കവുമില്ല. ദേശീയ തലസ്ഥാനത്ത് ജനാധിപത്യം ചവിട്ടിമെതിക്കുകയാണ്."-ഷാ പറഞ്ഞു.
മദ്യനയ അഴിമതിക്കേസിൽ ബൈഭവ് കുമാറിനെ ഒരാഴ്ച മുമ്പാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം കെജ്രിവാളിനെ ബൈഭവ് ജയിലിലെത്തി സന്ദർശിച്ചിരുന്നു. എ.എ.പിയിൽ നിന്ന് മന്ത്രിയായിരുന്ന രാജ്കുമാർ ആനന്ദ് രാജിവെച്ചിരുന്നു. പാർട്ടി അംഗത്വമടക്കം ഒഴിഞ്ഞ രാജ്കുമാർ എ.എ.പി അഴിമതിയിൽ മുങ്ങിക്കുളിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. മദ്യനയ കേസിൽ രാജ്കുമാറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പാർട്ടിയെ മുൾമുനയിലാക്കി മന്ത്രിയുടെ രാജി.
അതിനിടെ കെജ്രിവാളിന് വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമൊന്നും അനുകൂല വിധി ലഭിക്കാത്തത് പാർട്ടിക്കകത്തും അസ്വസ്ഥത വർധിപ്പിക്കുകയാണ്. മാർച്ച് 21ന് കെജ്രിവാൾ അറസ്റ്റിലായതിന് ശേഷമുള്ള സമരങ്ങളിൽ നിന്ന് ഭൂരിപക്ഷം എംപിമാരും വിട്ടു നിൽക്കുകയാണ്. അടുത്തിടെ ജയിൽ മോചിതനായ സഞ്ജയ് സിങ്, സന്ദീപ് പാഠക്, എൻഡി ഗുപ്ത എന്നിവർ മാത്രമാണ് സമരങ്ങളിലുള്ളത്. പഞ്ചാബിലെ എംപിമാരായ ഹർഭജൻസിങ്, അശോക് കുമാർ മിത്തൽ , സഞ്ജീവ് അറോറ, ബൽബീർ സിങ്, വിക്രംജിത്ത് സിങ് എന്നിവർ സമരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. യുവ നേതാവും എംപിയുമായ രാഘവ് ഛദ്ദ കണ്ണിന് ശസ്ത്രക്രിയക്കായി ലണ്ടനിലും സഹോദരിക്ക് സുഖമില്ലെന്ന കാരണം ഉന്നയിച്ച് സ്വാതി മലിവാൾ അമേരിക്കയിലുമാണ്.