ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെ, നേതാവിനെ നഷ്ടമായിരിക്കുകയാണ് ആം ആദ്മി പാർട്ടിക്ക്. ദേശീയ കൺവീനറായ അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതോടെ, നാഥനില്ലാ കളരി എന്ന സാഹചര്യം ഒഴിവാക്കാൻ ബിജെപിക്കെതിരെ പുതിയ സാമൂഹിക മാധ്യമ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എഎപി.

കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ പ്രൊഫൈൽ പിക്ചർ ക്യാംപയിനാണ് തുടക്കമിട്ടത്. 'മോദി കാ സബ്‌സേ ബഡാ ഡർ കെജ്രിവാൾ' അഥവാ മോദിയുടെ ഏറ്റവും വലിയ ഭയം കെജ്രിവാൾ എന്ന് രേഖപ്പെടുത്തിയ പ്രൊഫൈൽ പിക്ചറാണ് ( ഡിപി-ഡിസ്‌പ്ലേ പിക്ചർ) ഇതിനായി ആം ആദ്മി പാർട്ടി തയ്യാറാക്കിയിരിക്കുന്നത്.

ഡൽഹി മന്ത്രിയും, എഎപി നേതാവുമായ അതിഷി, പാർട്ടി നേതാക്കൾ, വോളണ്ടിയർമാർ എന്നിവരെല്ലാം തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിൽ പ്രൊഫൈൽ പിക്ചർ കെജ്രിവാൾ ഇരുമ്പഴിക്കുള്ളിൽ കഴിയുന്ന പ്രാഫൽ പിക്ചറാണ് ഡ്ിസ്‌പേ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മോദിയുടെ ഏറ്റവും വലിയ ഭയം കെജ്രിവാൾ എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

കെജ്രിവാളിന്റെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കാനാണ് ഡിപി ക്യാമ്പെയിൻ തുടങ്ങിയത്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ. എല്ലാ നേതാക്കളും, പ്രവർത്തകരും ഡിപി മാറ്റി. രാജ്യത്തെ ഭരണഘടനയും, ജനാധിപത്യവും സംരക്ഷിക്കാൻ ജനങ്ങളും ക്യാമ്പെയിനിൽ പങ്കുചേരണമെന്നും മന്ത്രി അതിഷി അഭ്യർത്ഥിച്ചു.

രാജ്യത്ത് മോദിയെ വെല്ലുവിളിക്കാൻ ഏക നേതാവ് കെജ്രിവാൾ മാത്രമാണ്. അതുകൊണ്ടാണ് തെളിവൊന്നുമില്ലാതെ അദ്ദേഹത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഇഡി അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ബിജെപി വ്യാജ കേസിൽ കുടുക്കി, ഇഡിയെ ഉപയോഗിച്ച് ജയിലിലാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കെജ്രിവാളിനെ തടങ്കലിലാക്കിയത്, അതിഷി ചോദിച്ചു.

അറസ്റ്റിൽ പ്രതിഷേധിച്ച് എഎപി തിങ്കളാഴ്ച ഹോളി ആഘോഷിച്ചില്ല. ഹോളി വെറും ആഘോഷം മാത്രമല്ല, തിന്മയുടെ മേൽ നന്മയുടെ വിജയാഘോഷം കൂടിയാണ്. ക്രൂരതയുടെ മേൽ നീതിയുടെ വിജയം. ഇന്ന് എല്ലാ എഎപി നേതാക്കളും ഈ തിന്മയ്ക്കും, ക്രൂരതയ്ക്കും, അനീതിക്കും എതിരെ പോരാടുകയാണ്. അതുകൊണ്ട് ഈ വർഷം ഹോളി ആഘോഷിക്കണ്ടെന്ന് തീരുമാനിച്ചു, അതിഷി എക്‌സിൽ കുറിച്ചു.

മാർച്ച് 21 നാണ് മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായത്. ഇഡി റെയ്ഡിന് ശേഷമാണ് കെജ്രിവാൾ അറസ്റ്റിലായത്. ജാമ്യാപേക്ഷ തള്ളിയ കോടതി കെജ്രിവാളിനെ ആറ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. നിലവിൽ ഇഡി കസ്റ്റഡിയിലാണ് കെജ്രിവാൾ. എന്നാൽ ഇപ്പോഴും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെജ്രിവാൾ മാറിയിട്ടില്ല. സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന ആവശ്യം ബിജെപി ഉയർത്തുന്നുണ്ടെങ്കിലും ആം ആദ്മിയും ഇന്ത്യ മുന്നണിയും ശക്തമായാണ് ഇതിനെ പ്രതിരോധിക്കുന്നത്.