ന്യൂഡൽഹി: എഎപി അഴിമതിയിൽ മുങ്ങി കുളിച്ചെന്ന് ആരോപിച്ച് പാർട്ടി വിട്ട മുൻ മന്ത്രി രാജ് കുമാർ ആനന്ദ് ഇഡി ഭീഷണികളെ ഭയന്നിരുന്നുവെന്ന് എം പി സഞ്ജയ് സിങ്. ഡൽഹിയിലെ എഎപി സർക്കാരിനെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി വക്താവായ സഞ്ജയ് സിങ് ആരോപിച്ചു.

' ആനന്ദ് അഴിമതിക്കാരനാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു, ഇനി ആനന്ദ് അതേ പാർട്ടിയിൽ ചേരും. ബിജെപി ഇഡിയെ ഉപയോഗിച്ച് ഞങ്ങളുടെ മന്ത്രിമാരെയും എംഎൽഎമാരെയും തകർക്കാൻ ശ്രമിക്കുകയാണ്. ഇത് എഎപി മന്ത്രിമാർക്കും, എംഎൽഎമാർക്കും ഒരുപരീക്ഷണമാണ്'- സഞ്ജയ് സിങ് പറഞ്ഞു.

' കഴിഞ്ഞ വർഷം നവംബറിൽ രാജ് കുമാർ ആനന്ദിന്റെ വസതിയിൽ ഇഡി 23 മണിക്കൂർ റെയ്ഡ് നടത്തിയിരുന്നു. അദ്ദേഹം അഴിമതിക്കാരനാണെന്നാണ് ബിജെപി ആരോപിച്ചത്. ജെപി നദ്ദയും, അനുരാഗ് ഠാക്കൂറും, പീയൂഷ് ഗോയലും എല്ലാം അദ്ദേഹത്തിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഇനി നമുക്ക് കാത്തിരുന്നു കാണാം. അഴിമതിക്കാരനെന്ന് ബിജെപി ആരോപിച്ച ആനന്ദിനെ അവർ തങ്ങളുടെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമോ? സഞ്ജയ് സിങ് ചോദിച്ചു

എഎപിയെയും, ഡൽഹിയിലെയും, പഞ്ചാബിലെയും സർക്കാരുകളെയും തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് തെളിയിക്കുന്നതാണ് ആനന്ദിന്റെ രാജിയെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഇക്കാര്യം കെജ്രിവാളും പലവട്ടം പറഞ്ഞിട്ടുണ്ട്. നമ്മുടെ പല സഹപ്രവർത്തകരും കരുതുന്നത് ഞങ്ങൾ ആനന്ദിനെ വെറുക്കുമെന്നും അദ്ദേഹത്തെ വഞ്ചകനെന്ന് വിളിക്കുമെന്നുമാണ്. ഞങ്ങൾ അങ്ങനെ പറയില്ല. ഇഡിയെയും തിഹാർ ജയിലിനെയും ഭയക്കുന്ന കുടുംബനാഥനാണ് അദ്ദേഹമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരും സഞ്ജയ് സിങ് അല്ലല്ലോ. അദ്ദേഹം ഭയചകിതനായിരുന്നു എന്നു ഞാൻ കരുതുന്നു. താൻ ഇത്തിരി സജീവമാകുന്നതായി കണ്ടാൽ ഉടൻ തനിക്ക് ഫോൺ കോൾ വരുമെന്ന് അദ്ദേഹം പലവട്ടം പാർട്ടി പ്രവർത്തകരോട് പറഞ്ഞിരുന്നു', സൗഭ് ഭരദ്വാജ് പറഞ്ഞു. രാജ് കുമാർ ആനന്ദ് സമ്മർദ്ദത്തിൽ ആയിരുന്നുവെന്നും അദ്ദേഹത്തിന് ഒരു തിരക്കഥ കൊടുത്തിരുന്നുവെന്നും അതുവായിക്കുകയല്ലാതെ അദ്ദേഹത്തിന് നിവൃത്തിയില്ലായിരുന്നുവെന്നും ഭരദ്വാജ് പറഞ്ഞു.

ഇഡി അറസ്റ്റ് ഭയന്നാണ് രാജ്കുമാർ ആനന്ദിന്റെ വിട്ടുപോക്ക് എന്നാണ് സൂചന.കഴിഞ്ഞ വർഷം നവംബറിൽ രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഇ ഡി റെയ്ഡ് നടന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്ര അന്വേഷണ ഏജൻസിയുടെ നടപടി. ഡൽഹി സിവിൽ ലൈൻ മേഖലയിലെ രാജ് കുമാറിന്റെ വസതിയിലും മന്ത്രിയുമായി ബന്ധപ്പെട്ട മറ്റ് ഒമ്പതിടങ്ങളിലും പരിശോധന നടത്തി. കെജ്രിവാളിന് ഇഡി സമൻസ് അയച്ചതിന് പിന്നാലെയായിരുന്നു രാജ്കുമാറിനെയും ഇഡി ലക്ഷ്യമിട്ടത്.