ന്യൂഡൽഹി: ഇന്ത്യാ മുന്നണി യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് ഉയർത്തിയ മമത ബാനർജിയാണ് മുന്നണിയിൽ അശാന്തി വിതച്ചത്. ഖാർഗെയുെട പേരുയർന്നതോടെ അസ്വസ്തനായ നിതീഷ് കുമാർ ഉടക്കുമായി രംഗത്തുവന്നു. ഇടഞ്ഞു നിൽക്കുന്ന നിതീഷിനെ അനുനയിപ്പിക്കാൻ വേണ്ടി രാഹുൽ ഗാന്ധി നേരിട്ടു രംഗത്തിറങ്ങിയിരിക്കയാണിപ്പോൾ.

നിതീഷിനെ ഫോണിൽ വിളിച്ച രാഹുൽ അനുനയ നീക്കം ഊർജ്ജിതമാക്കി. സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പല വിഷയങ്ങളിലും ഇടഞ്ഞുനിൽക്കുന്ന നിതീഷ് കുമാറിനെ അനുനയിപ്പിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. ഇന്ത്യാ സഖ്യത്തിന്റെ പ്രധാന സൂത്രധാരൻ നിതീഷ് കുമാറാണ്.

സഖ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റണം എന്നതടക്കമുള്ള വിവിധ വിഷയങ്ങളിൽ ഇന്ത്യ സഖ്യത്തിലെ നേതാക്കളും നിതീഷ് കുമാറും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. പേര് മാറ്റണമെന്ന നിർദ്ദേശം സോണിയ ഗാന്ധി നിരസിച്ചിരുന്നു. രാഷ്ട്രീയ ജനത ദൾ നേതാവായ മനോജ് ത്സായുമായും നിതീഷ് തർക്കത്തിലാണ്. ഡി.എം.കെ നേതാക്കൾക്ക് മനസിലാകാനായി മനോജ് ത്സാ നിതീഷ് കുമാറിന്റെ ഹിന്ദിയിലുള്ള പ്രസംഗം തമിഴിലേക്ക് വിവർത്തനം ചെയ്തിരുന്നു.

നവംബറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പരാജയത്തിലും നിതീഷ് വിമർശനമുന്നയിച്ചിരുന്നു. കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പരാജയമാണ് വിമർശനത്തിന് കാരണം. ഇന്ത്യ സഖ്യത്തിലെ പാർട്ടികളുമായി സീറ്റ് പങ്കുവെക്കാൻ തയാറാവാത്തതാണ് ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയത്.

ഇന്ത്യ സഖ്യത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പേര് ഉയർന്നതിനു പിന്നാലെ അത് തള്ളി ഖാർഗെ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് വിജയിക്കുക എന്നതാണ് പ്രധാനമെന്നായിരുന്നു ഖാർഗെയുടെ മറുപടി. പ്രധാനമന്ത്രി മോഹം വെച്ചുപുലർത്തുന്നില്ലെന്ന് പലതവണ പൊതുമധ്യത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട് നിതീഷ് കുമാർ. എന്നാൽ ആ സ്ഥാനത്തേക്ക് ഏറ്റവും പര്യാപ്തനായ ഒരാൾ താനാണെന്നാണ് നിതീഷ് കുമാർ കരുതുന്നത്.

നിതീഷ് കുമാറാണു മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവേണ്ടതെന്നു ജെഡിയു പലപ്പോഴായി പറഞ്ഞിട്ടുണ്ട്. മമത ബാനർജിയും അരവിന്ദ് കേജ്രിവാളും ഖർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിച്ചതു നിതീഷിനെ അടക്കിയിരുത്താനാണെന്നു വ്യക്തമായിരുന്നു. ഇതോടെയാണ് ഇന്ത്യ മുന്നണി രൂപീകരിക്കുന്നതിന് മുൻകൈ എടുത്ത നിതീഷ് ഉടക്കിയത്. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി നിതീഷ് കുമാറുമായി ബന്ധപ്പെട്ടത്.

അതേസമയം 2024 ൽ വരാണസിയിൽ മോദിക്കെതിരെ കരുത്തുറ്റ പോരാട്ടം നടത്തണമെന്നാണ് 'ഇന്ത്യ' സഖ്യത്തിന്റെ തീരുമാനം. അതിനായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേരാണ് മമത ബാനർജി നിർദേശിച്ചത്. ഉത്തർപ്രദേശുകാരിയും ഗാന്ധി കുടുംബാംഗവുമായി പ്രിയങ്ക കന്നി പോരാട്ടത്തിന് മോദിയെ വെല്ലുവിളിക്കാൻ വരാണസിയിലിറങ്ങിയാൽ ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ വിലയിരുത്തൽ. എന്നാൽ, ഈ നിർദ്ദേശം കോൺഗ്രസ് അംഗീകരിച്ചട്ടില്ല.

പ്രിയങ്ക മാത്രമല്ല, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വരാണസിയിലെ പോരട്ടത്തിനിറങ്ങാനുള്ള പട്ടികയിലേക്ക് 'ഇന്ത്യ' സഖ്യം ഉൾപ്പെടുത്തിയിട്ടുണ്ട്. കെജ്രിവാളാകട്ടെ 2014 ൽ മോദിക്കെതിരെ വരാണസിയിൽ പോരാട്ടം നടത്തിയിട്ടുമുണ്ട്. അന്ന് 2 ലക്ഷത്തോളം വോട്ട് നേടിയ കെജ്രിവാളിന് 2024 ൽ വലിയ മുന്നേറ്റം നടത്താനാകുമെന്നും 'ഇന്ത്യ' സഖ്യം വിലയിരുത്തിയിട്ടുണ്ട്.

സഖ്യത്തിന്റെ കൺവീനറായി പ്രഖ്യാപിക്കുമെന്ന് നിതീഷ് കുമാർ കരുതിയെങ്കിലും അതുമുണ്ടായില്ല. അതുകൊണ്ടുതന്നെ മല്ലികാർജ്ജുൻ ഖർഗയെ കേന്ദ്രീകരിച്ച് ഇന്ത്യ സഖ്യയോഗത്തിൽ പ്രധാനമന്ത്രി പദ ചർച്ച ഉയർന്നതിൽ പ്രതിഷേധം തുടരുകയാണ് നിതീഷ് കുമാറെന്നാണ് വിവരം. മമതയും കെജരിവാളും ചേർന്ന് കുളം കലക്കിയെന്ന ആക്ഷേപം ഉയരുമ്പോൾ ദളിതനായ ഖർഗെ പ്രധാനമന്ത്രി പദത്തിന് അർഹനാണെന്ന വാദം മമത ബാനർജി ആവർത്തിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രി പദത്തെ ചൊല്ലി സഖ്യത്തിലുണ്ടായിരിക്കുന്ന കല്ലുകടി സീറ്റ് വിഭജന ചർച്ചകളേയും ബാധിച്ചേക്കാമെന്നാണ് സൂചന.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയേയും അടുപ്പിക്കാതെ ഒറ്റക്ക് നീങ്ങിയ കോൺഗ്രസിന്റെ നിലപാടും വിമർശന വിധേയമായിട്ടുണ്ട്. ഇന്ത്യ സഖ്യമായി വേണമായിരുന്നു മത്സരിക്കാനെന്ന അഖിലേഷ് യാദവിന്റെയും , സ്റ്റാലിന്റെയും വിമർശനങ്ങൾക്ക് തെറ്റ് ആവർത്തിക്കാതിരിക്കാനാണ് അഞ്ചംഗ സമിതിയെ ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയോഗിച്ചതെന്ന് കോൺഗ്രസ് മറുപടി നൽകി.