- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഈ ഒരു അവസരത്തിനായി താൻ കാലങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയാഗാന്ധി; ജോഡോ യാത്രയ്ക്കിടയിൽ ബെല്ലാരിയിൽ വോട്ട് രേഖപ്പെടുത്തി രാഹുൽ; 24 വർഷങ്ങൾക്ക് ശേഷം തങ്ങൾക്ക് പുറത്തുനിന്നുള്ള അദ്ധ്യക്ഷനെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി ഗാന്ധി കുടുംബാംഗങ്ങൾ
ന്യൂഡൽഹി:22 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ പങ്കാളികളായി ഗാന്ധി കുടുംബം.തന്റെ പിൻഗാമി ആരെന്ന് കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ മകളും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കൊപ്പമെത്തിയാണ് ഡൽഹിയിൽ സോണിയ ഗാന്ധി വോട്ട് ചെയ്തത്.
വോട്ട് ചെയ്തതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് 'താൻ ഈ ഒരു അവസരത്തിനായി വളരെ കാലമായി കാത്തിരിക്കുകയായിരുന്നു' എന്നായിരുന്നു സോണിയയുടെ മറുപടി. ഡൽഹിയിലെ എഐസിസി ഓഫീസിലായിരുന്നു സോണിയയ്ക്കും പ്രിയങ്കയ്ക്കും വോട്ട്.തെരഞ്ഞെടുപ്പിൽ നിഷ്പക്ഷമായിരിക്കുമെന്നാണ് നെഹ്റു കുടുംബത്തിന്റെ നേരത്തെ തന്നെയുള്ള നിലപാട്.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.കർണാടകയിലെ ബെല്ലാരിയിൽ ജോഡോ യാത്രികർക്കായി സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് രാഹുൽ വോട്ട് ചെയ്തത്.ഗാന്ധി കുടുംബാഗങ്ങളെ കൂടാതെ മുതിർന്ന നേതാക്കളായ പി ചിദംബരം, ജയറാം രമേശ്, അടക്കമുള്ളവരും ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വോട്ട് ചെയ്തു.കോൺഗ്രസിലെ ജനാധിപത്യത്തിന്റെ തെളിവാണിതെന്നും ഐതിഹാസിക മുഹൂർത്തമെന്നുമാണ് ജയറാം രമേശ് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.തെരഞ്ഞെടുപ്പ് ജനാധിപത്യപരമായിരിക്കുമെന്ന് പി ചിദംബരവും പ്രതികരിച്ചു.
ശശി തരൂരും മല്ലികാർജ്ജുൻ ഖാർഗെയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.ഗാന്ധി കുടുംബത്തിന്റെ പിന്തുണ വേർതിരിച്ച് കാണേണ്ടെന്നാണ് വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടത്. തനിക്ക് എല്ലാവരുടേയും പിന്തുണയുണ്ട്. മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഖാർഗെ വ്യക്തമാക്കി.തിരെഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്കാ ഗാന്ധി തന്നെ ഫോണിൽ വിളിച്ച് പറഞ്ഞെന്ന് ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
നെഹ്റു കുടുംബത്തിന് നിഷ്പക്ഷ നിലപാടാണ് എന്നതിൽ തനിക്ക് യാതൊരു സംശയവുമില്ല. തന്നോടും എല്ലാവരോടും അവർ അതുതന്നെയാണ് ആവർത്തിച്ചത്.അവർ മാത്രമല്ല നേതൃത്വം.പല നേതാക്കളും മറ്റ് രീതികളിൽ സംസാരിച്ചതിനെക്കുറിച്ച് തനിക്ക് അറിയാം.അതിന് തെളിവുകളുണ്ട്.എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും തരൂർ പറഞ്ഞു.
കേരളത്തിൽ കെപിസിസി ആസ്ഥാനത്ത് ഒരുക്കിയ പോളിങ് സ്റ്റേഷനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, രാഘവൻ,കെ.മുരളീധരൻ അടക്കമുള്ള വോട്ട് ചെയ്തു.തരൂർ തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാർത്ഥിയാണെന്നും എന്നാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് താൻ ഖാർഗെയെ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു വോട്ട് ചെയ്ത ശേഷം കെ മുരളീധരന്റെ പ്രതികരണം.
തരൂരിനെ പിന്തുണക്കുന്നവർ വോട്ടില്ലാത്തവരാണെന്നും തന്റെ പിന്തുണ ഗർഖെയ്ക്കെന്നും കൊടിക്കുന്നിൽ അറിയിച്ചു. എന്നാൽ തന്റെ പിന്തുണ തരൂരിനാണെന്നായിരുന്നു എംകെ രാഘവൻ എംപിയുടെ പ്രതികരണം.മുംബൈയിൽ പിസിസി അധ്യക്ഷൻ നാനാ പട്ടോലെ, മുന്മുഖ്യമന്ത്രി പ്രിഥ്വിരാജ് ചവാൻ, മുതിർന്ന നേതാവ് സുശീൽ കുമാർ ശിൻഡെ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി.
22 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.രാവിലെ പത്തുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.വിവിധ സംസ്ഥാനങ്ങളിലായി ആകെ 9308 വോട്ടർമാരാണുള്ളത്.ബുധനാഴ്ചയാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
2000 ൽ സോണിയ ഗാന്ധിയും ജിതേന്ദ്ര പ്രസാദയും തമ്മിലാണ് ഇതിനു മുൻപു തിരഞ്ഞെടുപ്പു നടന്നത്.അന്ന് സോണിയ വൻഭൂരിപക്ഷത്തിലാണ് വിജയിച്ചത്.24 വർഷത്തിനു ശേഷമാണു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാളെ പ്രസിഡന്റായി സ്വീകരിക്കാൻ പാർട്ടി ഒരുങ്ങുന്നത്. സീതാറാം കേസരിയാണ് (1996 -98) ഏറ്റവുമൊടുവിൽ ഗാന്ധി കുടുംബത്തിനു പുറത്തുനിന്നു പ്രസിഡന്റായത്.
മറുനാടന് മലയാളി ബ്യൂറോ