- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിനെ ചൊല്ലി ഉടക്കുമായി അഖിലേഷ്; 'ഇന്ത്യ' സഖ്യത്തിൽ ഭിന്നത; ജാതി സെൻസസിൽ കോൺഗ്രസ് നിലപാട് അത്ഭുതപ്പെടുത്തുന്നു; പിന്നോക്കക്കാരുടേയും ആദിവാസികളുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായെന്ന് പരിഹാസം
ന്യൂഡൽഹി: മധ്യപ്രദേശിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം പാളിയതോടെ സമാജ്‌വാദി പാർട്ടി (എസ്‌പി) കോൺഗ്രസുമായി ഉടക്കിൽ. ഇതോടെ മധ്യപ്രദേശിലെ പ്രശ്‌നത്തിന്റെ അലയൊലികൾ ദേശീയതലത്തിലുമെത്തി. തെരഞ്ഞെടുപ്പ് സഖ്യത്തിലുണ്ടായ തർക്കത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തു വന്നു. ജാതി സെൻസസ് വിഷയത്തിലെ കോൺഗ്രസ് നിലപാടിനെ പരിഹസിച്ചാണ് അഖിലേഷ് യാദവ് രംഗത്തുവന്നത്.
ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ആദിവാസികളുടേയും പിന്നോക്കക്കാരുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ജാതി സെൻസസുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാത്തത് ഇതേ കോൺഗ്രസ് പാർട്ടിയായിരുന്നു. ഇപ്പോൾ എല്ലാവർക്കും മനസ്സിലായി, പിന്നോക്കക്കാരുടേയും ആദിവാസികളുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന്. ഇപ്പോൾ ജാതി സെൻസസ് വേണം എന്ന കോൺഗ്രസിന്റെ ആവശ്യം അത്ഭുതപ്പെടുത്തുന്നു. അവർ തിരഞ്ഞുകൊണ്ടിരിക്കുന്ന വോട്ട് അവരുടെ കൂടെ ഇല്ല എന്ന് കോൺഗ്രസിന് ബോധ്യപ്പെട്ടിരിക്കുന്നു - അഖിലേഷ് യാദവ് പറഞ്ഞു.
സീറ്റുവിഭജനത്തിനുള്ള 'ഇന്ത്യ'യുടെ നാലാം യോഗത്തിന്റെ വേദിക്കാര്യത്തിൽ അഭിപ്രായ ഐക്യം ഉണ്ടാകാത്തതടക്കമുള്ള കാരണങ്ങളാൽ വൈകുന്നതിനിടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. മധ്യപ്രദേശിൽ തങ്ങൾക്ക് സീറ്റുനൽകാതെ ആംല ഒഴികെയുള്ള എല്ലാ സീറ്റിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് എസ്‌പി.യെ ചൊടിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റുധാരണയ്ക്ക് കോൺഗ്രസ് തയ്യാറല്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് സീറ്റുധാരണയ്ക്ക് ശ്രമിക്കേണ്ടതില്ലെന്ന് എസ്‌പി. നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം തന്നെ തുറന്നടിച്ചിരുന്നു. തങ്ങൾ 'ഇന്ത്യ' യോഗത്തിൽ പ്രതിനിധികളെ അയക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.
മധ്യപ്രദേശിൽ, ഉത്തർപ്രദേശിനോട് ചേർന്ന സീറ്റുകളിൽ എസ്‌പി.ക്ക് സ്വാധീനമുണ്ട്. 2018-ലെ തിരഞ്ഞെടുപ്പിൽ എസ്‌പി. ഛത്തർപുരിലെ ബിജാവർ സീറ്റിൽ ജയിച്ചു. ഒപ്പം ആറുസീറ്റുകളിൽ രണ്ടാംസ്ഥാനത്തുമെത്തി. 2003-ലെ തിരഞ്ഞെടുപ്പിൽ ഏഴുസീറ്റ് പാർട്ടി നേടിയിരുന്നു. അതിനുമുമ്പും സീറ്റുകൾ ലഭിച്ചു. പാർട്ടിയുടെ കഴിഞ്ഞകാല പ്രകടനങ്ങളുടെയെല്ലാം വിവരണങ്ങളടങ്ങിയ ഫയലുകളുമായാണ് എസ്‌പി. നേതാക്കൾ കമൽനാഥും ദിഗ്‌വിജയ് സിങ്ങുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയത്. രാത്രി ഒരുമണിവരെ സീറ്റുവിഭജനചർച്ചകൾ നീണ്ടു. ഇതെല്ലാം നിഷ്പ്രഭമാക്കി തങ്ങളുടെ സിറ്റിങ് സീറ്റായ ബിജാവറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെയാണ് എസ്‌പി.ക്ക് നിയന്ത്രണംവിട്ടത്.
എല്ലാ സീറ്റിലും തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്താനാണിപ്പോൾ എസ്‌പി. നീക്കം. അധികാരത്തിലെത്താനുള്ള സാധ്യതയാണ് കോൺഗ്രസ് ഇല്ലാതാക്കുന്നതെന്നാണ് എസ്‌പി. നേതാക്കൾ പറയുന്നത്. സംസ്ഥാനത്ത് ആരുമായും കൂട്ടുകൂടാതെ തന്നെ അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് പി.സി.സി. പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥ്.
സംസ്ഥാനത്ത് കോൺഗ്രസ് സീറ്റു നൽകാൻ വിസമ്മതിക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാത്രമാണോ 'ഇന്ത്യ' സഖ്യമുണ്ടാക്കിയതെന്ന് നേതാക്കൾ വ്യക്തമാക്കാതിരിക്കുകയും ചെയ്തതോടെ സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് പിണക്കത്തിലാണ്. മധ്യപ്രദേശിൽ കോൺഗ്രസ് എസ്‌പിയെ കൈകാര്യം ചെയ്തതുപോലെയായിരിക്കും കോൺഗ്രസിനെ ഉത്തർപ്രദേശിൽ പരിഗണിക്കുകയെന്ന് അഖിലേഷ് കഴിഞ്ഞ ദിവസം പാർട്ടി നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ജാതി സെൻസസിനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നിലപാട് തങ്ങളുടെ വോട്ടുബാങ്കിൽ വിള്ളൽ ഉണ്ടാക്കുമെന്നും എസ് പി ഭയക്കുന്നുണ്ട്. ഇതോടൊയണ് തർക്കം പൊട്ടിത്തെറിയുടെ വക്കിൽ എത്തുന്നത്.