ഹൈദരാബാദ്: ക്രിക്കറ്റിൽ നിന്നും വിരമിച്ച അമ്പാട്ടി റായിഡു രാഷ്ട്രീയത്തിൽ ഒരാഴ്‌ച്ച മാത്രം പ്രവർത്തിച്ചു ആ ഇന്നിങ്‌സും അവസാനിപ്പിച്ചു. ക്രിക്കറ്റിന്റെ ക്രീസിൽനിന്ന് രാഷ്ട്രീയത്തിന്റെ ഗോദയിലിറങ്ങാൻ മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു തീരുമാനിച്ചത് പത്തുദിവസം മുമ്പ് മാത്രമാണ്. ആന്ധ്രപ്രദേശിൽ ഭരണത്തിലിരിക്കുന്ന വൈ.എസ്.ആർ കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാനുള്ള റായുഡുവിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. തുടർന്ന് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരുകയും ചെയ്തു.

നടന്ന ചടങ്ങിലാണ് നീലയും പച്ചയും നിറത്തിലുള്ള ഷാളൊക്കെയണിഞ്ഞ് റായുഡു ആഘോഷമായി രാഷ്രടീയത്തിലേക്ക് ചുവടുവെച്ചത്. ഈ വാർത്ത ദേശീയതലത്തിൽതന്നെ ഏറെ വാർത്താപ്രാധാന്യം നേടിയ നീക്കം ചർച്ചയായതിനിടെ ശനിയാഴ്ച റായുഡു വീണ്ടും എല്ലാവരെയും ഞെട്ടിച്ചു. താൻ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചാണ് അമ്പാട്ടി റായിഡു രംഗത്തുവന്നത്.

വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി വിടാനും അൽപ കാലം രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാനുമാണ് പുതിയ തീരുമാനമെന്നാണ് റായിഡു എക്‌സിൽ കുറിച്ചത്. ക്രിക്കറ്റിൽ പ്രായത്തെ തോൽപിച്ച പോരാട്ടവീര്യത്തിലൂടെ ശ്രദ്ധേയനായ അമ്പാട്ടിയുടെ പ്രഖ്യാപനം. മറ്റുള്ള കാര്യങ്ങൾ വരുംദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും റായുഡു പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഡിസംബർ 28ന് ജഗൻ മോഹൻ റെഡ്ഡിക്കു പുറമെ ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും പാർലമെന്റംഗം പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയും പങ്കെടുത്ത ചടങ്ങിലാണ് റായുഡു വൈ.എസ്.ആർ കോൺഗ്രസിൽ ചേർന്നത്. താരം പാർട്ടിയിൽ ചേരുന്നതിന്റെ ദൃശ്യങ്ങൾ പാർട്ടിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നു.

അമ്പാട്ടി റായുഡു പത്തുദിവസം മുമ്പ് വൈ.എസ്.ആർ കോൺഗ്രസിൽ ചേർന്നപ്പോൾ രാഷ്ട്രീയത്തിലിറങ്ങാനുള്ള താൽപര്യം 2023 ജൂണിൽ റായുഡു വെളിപ്പെടുത്തിയിരുന്നു. ഗുണ്ടൂരിലെ ഗ്രാമീണ മേഖലകൾ സന്ദർശിക്കുന്നതിനിടെയായിരുന്നു ഇതേക്കുറിച്ച് സൂചന നൽകിയത്. 'ആന്ധ്ര പ്രദേശിലെ ജനങ്ങളെ സേവിക്കാനായി ഞാൻ വൈകാതെ രാഷ്ട്രീയത്തിലിറങ്ങും. അതിനുമുമ്പ് ജില്ലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ താൽപര്യവും പ്രശ്‌നങ്ങളുമറിയണം. രാഷ്ട്രീയത്തിൽ എങ്ങനെ മുന്നോട്ടുപോകണമെന്നും ആർക്കൊപ്പം ചേരണമെന്നൊക്കെയുള്ള വ്യക്തമായ ആക്ഷൻ പ്ലാനുമായി ഞാൻ രംഗത്തെത്തും' -അന്ന് റായുഡു പറഞ്ഞതിങ്ങനെ. ഒടുവിൽ രാഷ്ട്രീയത്തിലിറങ്ങിയതിനുപിന്നാലെ പാർട്ടി വിടാനുള്ള കാരണമെന്തെന്നതിന്റെ സൂചനകളൊന്നും റായുഡു നൽകിയിട്ടില്ല.