ന്യൂഡൽഹി: പാക്-അധീന കശ്മീരിന്റെ പിറവിക്ക് കാരണം രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അനവസരത്തിലെ വെടിനിർത്തൽ ഇല്ലായിരുന്നെങ്കിൽ, പാക് അധിന കശ്മീർ ഉണ്ടാകുമായിരുന്നില്ല. നമ്മുടെ രാജ്യം അപ്പോൾ ജയിക്കുകയായിരുന്നു. രണ്ട് ദിവസം കൂടി നെഹ്‌റു കാത്തിരുന്നെങ്കിൽ, കശ്മീർ മുഴുവൻ നമ്മുടെ പക്കൽ ഉണ്ടാകുമായിരുന്നു, ഷാ പറഞ്ഞു.

കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെയാണു രാജ്യസഭയിൽ അമിത് ഷായുടെ പ്രസ്താവന.

നെഹ്‌റു ഇല്ലായിരുന്നെങ്കിൽ, കശ്മീർ ഉണ്ടാകില്ലായിരുന്നു എന്നാണ് ചിലർ പറയുന്നത്. ചരിത്രമറിയുന്നവരോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു, ഹൈദരാബാദ് അതിലും വലിയ പ്രശ്‌നത്തെ നേരിട്ടപ്പോൾ നെഹ്‌റു അവിടെ പോയോ? ലക്ഷദ്വീപിലോ, ജുനാഗഡിലോ, ജോധ്പൂരിലോ അദ്ദേഹം പോയോ? അദ്ദേഹം കശ്മീരിൽ മാത്രമേ പോകാറുള്ളായിരുന്നു. അവിടെ അദ്ദേഹം ജോലി അപൂർണമായി അവശേഷിപ്പിക്കുകയും ചെയ്തു.

കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സർക്കാർ ശ്രമഫലമായി ജനജീവിതം മെച്ചപ്പെട്ടിട്ടുണ്ട്. ഭീകരവാദവും, വിഘടനവാദവും സംസാരിക്കുന്നവരെ കശ്മീരികൾ കേൾക്കുന്നില്ല. അവർ ജനാധിപത്യത്തെ കുറിച്ചുള്ള പ്രഭാഷണങ്ങളാണ് കേൾക്കുന്നത്. 2014 ന് മുമ്പ് ഭീകരരുടെ സംസ്‌കാര ചടങ്ങുകളിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. ഇപ്പോൾ അങ്ങനെയെന്തെങ്കിലും കാണുന്നുേേണ്ടാ? ചോദിച്ചു.

കല്ലെറിയൽ കേസുകളും കുറഞ്ഞിരിക്കുകയാണ്. കാരണം ആരെങ്കിലും കല്ലെറിയൽ കേസുകളിൽ പ്രതികളായാൽ, ആ കുടുംബത്തിൽ നിന്നാർക്കും സർക്കാർ ജോലി കിട്ടില്ലെന്ന ചട്ടം കൊണ്ടുവന്നതോടെയാണിത്. കല്ലെറിഞ്ഞിരുന്ന യുവാക്കളുടെ കൈകളിൽ ഈ സർക്കാർ ലാപ്‌ടോപ്പ് നൽകി. തീവ്രവാദ മുക്ത കശ്മീരിന് വളരെ നാൾ വേണ്ടി വരില്ലെന്നും ഷാ പറഞ്ഞു.

''കശ്മീരിനേക്കാൾ കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്. എന്നിട്ടുമെന്താണു ജമ്മു കശ്മീരിൽ മാത്രം ഭീകരതയുള്ളത്? ആർട്ടിക്കിൾ 370 കാരണം വിഘടനവാദം രൂപപ്പെട്ടതാണു കാരണം. തെറ്റായ മാർഗത്തിലൂടെയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്നാണു സുപ്രീംകോടതിയുടെ വിധിക്കു ശേഷവും കോൺഗ്രസ് പറയുന്നത്. അംഗീകരിക്കില്ലെന്നും പറയുന്നു. 40 വർഷങ്ങളുടെ തെറ്റുകൾ മോദി നാലു വർഷം കൊണ്ട് ശരിയാക്കുമെന്ന് അവർ പ്രതീക്ഷിച്ചില്ലെന്നും ഷാ പറഞ്ഞു.