- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടക - മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി കേന്ദ്രആഭ്യന്തര മന്ത്രി; ബെളഗാവിയെ ചൊല്ലിയുള്ള സംഘർഷം ഒഴിവാക്കാൻ ധാരണ; പ്രശ്നം പരിഹരിക്കാൻ ആറംഗ സമിതിയെ രൂപീകരിക്കും; അതിർത്തി തർക്കത്തിൽ സുപ്രീം കോടതിയുടെ തീരുമാനം നിർണായകം

ന്യൂഡൽഹി: കർണാടക - മഹാരാഷ്ട്ര അതിർത്തി പ്രദേശമായ ബെളഗാവിയെ ചൊല്ലി ഇരു സർക്കാരുകൾ തമ്മിൽ നിലനിന്ന തർക്കത്തിന് താത്കാലിക പരിഹാരം. പ്രശ്‌നം പരിഹരിക്കാൻ ആറംഗസമിതിയെ രൂപീകരിക്കാനും നിലവിൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസുകളിൽ തീർപ്പാകും വരെ ബെളഗാവിക്ക് മേൽ അവകാശവാദം ഉന്നയിക്കേണ്ടെന്നും ഇരുസംസ്ഥാനങ്ങളും തമ്മിൽ ധാരണയായി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ താത്കാലിക പ്രശ്‌നപരിഹാരമുണ്ടായത്. അതിർത്തി തർക്കത്തിൽ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിക്കില്ലെന്ന് കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ സമ്മതിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കാളികളായ ചർച്ചയിൽ പങ്കെടുത്തു. യോഗത്തിന്റെ തീരുമാന പ്രകാരം ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് മന്ത്രിമാർ വീതമുള്ള സമിതി രൂപീകരിച്ച് മറ്റു പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനാണ് നിലവിലെ ധാരണ.
Union Home Minister Amit Shah chairs a meeting regarding the Maharashtra-Karnataka border dispute where Maharashtra CM Eknath Shinde along with Deputy CM Devendra Fadnavis and Karnataka CM Basavaraj Bommai along with Karnataka Home Minister Araga Jnanendra were present pic.twitter.com/iwJKX6wFHj
- ANI (@ANI) December 14, 2022
കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മയ്യും എക്‌നാഥ് ഷിൻഡേയും യോഗത്തിൽ നേരിട്ട് പങ്കെടുത്തു. ഇരു സംസ്ഥാനത്തെയും പ്രതിപക്ഷ കക്ഷികൾ അതിർത്തി തർക്കത്തെ രാഷ്ട്രീയ വത്കരിക്കരുതെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി വരും വരെ ഇരുസംസ്ഥാനങ്ങളും കാത്തിരിക്കണം. ഭരണഘടനാപരമായ രീതികളിലൂടെ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ അല്ലാതെ അതിർത്തി തർക്കം റോഡിൽ തീർക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.
''സുപ്രീം കോടതി വിധി വരുന്നതുവരെ സംസ്ഥാന സർക്കാരുകൾ അവകാശവാദം ഉന്നയിക്കില്ലെന്ന് ധാരണയായിട്ടുണ്ട്. തർക്കം ചർച്ചയിലൂടെ പരിഹരിക്കണം. ഓരോ സംസ്ഥാനത്തുനിന്നും മൂന്ന് മന്ത്രിമാരുമായി ഒരു കമ്മിറ്റി രൂപീകരിക്കും. ക്രമസമാധാന പ്രശ്നം പരിശോധിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കും'' അദ്ദേഹം പറഞ്ഞു. വിഷയത്തെ രാഷ്ട്രീയവൽകരിക്കരുതെന്നും സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരിക്കണമെന്നും ഇരു സംസ്ഥാനങ്ങളിലെയും പ്രതിപക്ഷ പാർട്ടികളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
1956 മുതലുള്ള തർക്കത്തിനിടെയാണ് ബുധനാഴ്ച വൈകിട്ട് യോഗം ചേർന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടർന്നുള്ളതാണ് അതിർത്തി പ്രശ്‌നം. നിലവിൽ കർണാടകയുടെ ഭാഗമായ ബെളഗാവിയിലെ മറാഠി സംസാരിക്കുന്ന 814 ഗ്രാമങ്ങൾക്കുവേണ്ടി മഹാരാഷ്ട്ര അവകാശവാദം ഉന്നയിക്കുന്നു. മുൻപ് പഴയ ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു ബെളഗാവി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അടുത്തിടെ, ബെളഗാവിയിൽ മഹാരാഷ്ട്ര റജിസ്‌ട്രേഷൻ വാഹനങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു.


