ഹൈദരാബാദ്: വരാനിരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദുർബല വിഭാഗങ്ങളെ വഞ്ചിക്കുകയാണ് ബിആർഎസ് സർക്കാർ ചെയ്തതെന്നും അമിത് ഷാ പറഞ്ഞു. സൂര്യാപേട്ടിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

പാവപ്പെട്ടവർക്കും ദുർബല വിഭാഗങ്ങൾക്കും എതിരാണ് ബിആർഎസ്. സംസ്ഥാനത്തെ ദളിതരെയും ഗോത്രവിഭാഗങ്ങളെയും ഒബിസി വിഭാഗത്തെയും കഴിഞ്ഞ ഒമ്പതര കൊല്ലമായി ബിആർഎസ് വഞ്ചിക്കുകയാണ്. ദളിത് കുടുംബങ്ങൾക്ക് മൂന്ന് ഏക്കർ ഭൂമി നൽകുമെന്നതടക്കം മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ലെന്നും അമിത് ഷാ ആരോപിച്ചു.

ബിആർഎസ് അധികാരത്തിൽ വന്നാൽ ഒരു ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് 2014-ൽ ബിആർഎസ് അധ്യക്ഷൻ കെ ചന്ദ്രശേഖർ റാവു പറഞ്ഞിരുന്നു. എന്നാൽ ആ വാഗ്ദാനം തന്നെ മറന്നു. മകൻ കെ ടി രാമറാവുവിനെ പിൻഗാമിയാക്കാനാണ് ഇപ്പോൾ ചന്ദ്രശേഖർ റാവുവിന്റെ ശ്രമമെന്നും അമിത് ഷാ പറഞ്ഞു. ഒബിസി വിഭാഗത്തിനുവേണ്ടി ഒരു കാര്യവും ചെയ്യാൻ കെസിആറിന് കഴിഞ്ഞിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.