- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഔറംഗസേബ് ഫാന്‍സ് ക്ലബിന്റെ നേതാവ് ഉദ്ധവ് താക്കറെ; ഇരിക്കുന്നത് കസബിന് ബിരിയാണി കൊടുത്തവര്‍ക്കൊപ്പം'; വിമര്‍ശിച്ച് അമിത് ഷാ
പുണെ: മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തെ ഔറംഗസേബ് ഫാന്‍സ് ക്ലബ് എന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശിവസേന നേതാവ് ഉദ്ധവ് താക്കറെയാണ് ഇതിന്റെ നേതാവെന്നും അമിത് ഷാ പറഞ്ഞു. പുണെയിലെ പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
'രാജ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഈ ഔറംഗസേബ് ഫാന്‍സ് ക്ലബിന് സാധിക്കില്ല. ആരാണ് ഔറംഗസേബ് ഫാന്‍സ് ക്ലബ് മഹാവികാസ് അഘാഡിയാണത്. ഉദ്ധവ് താക്കറെയാണ് ഔറംഗസേബ് ഫാന്‍സ് ക്ലബിന്റെ നേതാവ്. കസബിന് ബിരിയാണി കൊടുത്തവര്ക്കൊപ്പമാണ് നിങ്ങള്‍ ഇരിക്കുന്നതെന്ന് ബാലാസാഹേബിന്റ അനുയായി എന്ന് അവകാശപ്പെടുന്ന ഉദ്ധവ് താക്കറെ ഓര്‍ക്കണം', എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ പിന്തുണയ്ക്കുന്നവരുടെ മടിയിലാണ് ഉദ്ധവ് ഇരിക്കുന്നത്. യാക്കൂബ് മേമ്മനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടവര്ക്കൊപ്പമാണ് നിങ്ങള്‍. സാക്കിര്‍ നായിക്കിനെ സമാധാനത്തിന്റെ സന്ദേശവാഹകന് എന്ന് വിശേഷിപ്പിച്ചവരുടെ മടിയിലാണ് നിങ്ങളിരിക്കുന്നതെന്നും ഉദ്ധവിനോട് അമിത് ഷാ പറഞ്ഞു.
വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് മാഹാരാഷ്ട്ര. ലോക്സഭാ തിരഞ്ഞെടുപ്പിനിടെയും അമിത് ഷാ ഉദ്ധവിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. 2019-ല്‍ ലോക്സഭയിലേക്ക് 23 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണ ഒന്‍പതു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. വന്‍പരാജയം ഏറ്റുവാങ്ങിയ ശേഷം ആദ്യമായാണ് അമിത് ഷാ മഹാരാഷ്ട്രയില്‍ എത്തുന്നത്.