ബംഗളൂരു: ഭരണഘടന മാറ്റിയെഴുതുമെന്ന വിവാദ പരാമർശവുമായി കർണാടക ബിജെപി എംപി.രംഗത്ത്. ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് അനന്ത് കുമാർ ഹെഗ്‌ഡെ പറഞ്ഞു. ലോക്‌സഭയിൽ ബിജെപിക്ക് നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാൻ കുറച്ച് സീറ്റുകളുടെ കുറവുണ്ട്. രാജ്യസഭയിൽ ഭൂരിപക്ഷമുറപ്പിക്കാൻ വിവിധ സംസ്ഥാന നിയമസഭകളിൽ കൂടുതൽ അംഗങ്ങൾ വേണം- ഹെഗ്‌ഡെ പറഞ്ഞു.

ഹിന്ദുസമൂഹത്തിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പല മാറ്റങ്ങളും കോൺഗ്രസ് ഭരണഘടനയിൽ കൊണ്ടുവന്നു. ഇതെല്ലാം തിരുത്തിയെഴുതാൻ ഇരു സഭകളിലും നല്ല ഭൂരിപക്ഷം വേണം. ലോക്‌സഭയിൽ 400 സീറ്റുകളോടെ മൃഗീയഭൂരിപക്ഷം ഉറപ്പാക്കണമെന്ന് മോദി പറഞ്ഞതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻകാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഭരണഘടനയിൽ വരുത്തിയ മാറ്റങ്ങൾ ഹിന്ദുമതത്തിന്റെ പ്രധാന്യം നഷ്ടപ്പെടുത്തി. അത് മാറ്റി ഹിന്ദു മതത്തെ സംരക്ഷിക്കണം. ലോക്സഭയിൽ ഇതിനകം ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്, ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള ഭൂരിപക്ഷം രാജ്യസഭയിൽ പാർട്ടിക്ക് ഇല്ല. അത് നേടാൻ 400 പ്ലസ് സീറ്റുകൾ നമ്മളെ സഹായിക്കും' -ഹെഗ്‌ഡെ പറഞ്ഞു.

ലോക്‌സഭ, രാജ്യസഭ എന്നിവക്കു പുറമെ, സംസ്ഥാന നിയമസഭകളിലും പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. അതിലൂടെ ഭരണഘടന മാറ്റി എഴുതാനുള്ള എല്ലാ തടസ്സങ്ങളും നീങ്ങും. ഇതിലൂടെ ഹിന്ദുമതത്തെ മുൻനിരയിലെത്തിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റി എഴുതുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, എസ്‌പി നേതാവ് അഖിലേഷ് യാദവ് എന്നിവരെല്ലാം നേരത്തെ തന്നെ സൂചന നൽകിയിരുന്നു.

കർണാടക സർക്കാർ സംസ്ഥാനത്തുടനീളം ഭരണഘടന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നതിനിടെയാണ് ബിജെപി എംപിയുടെ വിവാദ പരാമർശം. ഉത്തര കന്നഡിയിൽനിന്നുള്ള എംപിയാണ് ഹെഗ്‌ഡെ. നേരത്തെയും സമാനരീതിയിലുള്ള വിവാദ പരാമർശങ്ങൾ അദ്ദേഹം നടത്തിയിരുന്നു.

അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റുമെന്ന് ചിലർ പറയുന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദിവസങ്ങൾക്ക് മുമ്പ് സൂചിപ്പിച്ചിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ശക്തി പോലും അറിയാത്ത ഏതാനും നേതാക്കൾ നിരുത്തരവാദപരമായ അഭിപ്രായപ്രകടനം നടത്തുകയാണ്. നമ്മുടെ ഇന്ത്യൻ ഭരണഘടന എത്ര മഹത്തരമാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടായിരിക്കണം. അതിനെക്കുറിച്ച് പഠിക്കാൻ ഈ അവബോധന പരിപാടി അവരെ സഹായിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

അതേസമയം ഭരണഘടന മാറ്റിയെഴുതുമെന്ന ബിജെപി എംപിയുടെ പ്രസ്താവന ജനാധിപത്യ തത്വങ്ങളെ അവഹേളിക്കുന്നതെന്ന് സിപിഎം പിബി കുറ്റപ്പെടുത്തി. ഭരണഘടനയെ സംരക്ഷിക്കുന്നതിൽ ഉറച്ച് നിൽക്കും.ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിർക്കുമെന്നും സിപിഎം വ്യക്തമാക്കി.