- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധർമ്മോ രക്ഷതി രക്ഷിതഃ....; കോൺഗ്രസുകാർ ഒരു കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്നു; ഞാൻ ആഗ്രഹിക്കുന്നത് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ; എന്റെ വീട്ടിൽ നാലു പേർക്കും നാല് രാഷ്ട്രീയ നിലപാടുകൾ; പ്രധാനമന്ത്രിയെ പുകഴ്ത്തി കോൺഗ്രസിനെ കുത്തി വികസനം ചർച്ചയാക്കി അനിൽ ആന്റണി ബിജെപിയിൽ; താമരയേന്തി ആന്റണിയുടെ മകൻ
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും മുൻ കെപിസിസി സോഷ്യൽ മീഡിയ കൺവീനറുമായ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് ബിജെപിയിലേക്ക് അനിൽ ആന്റണി എത്തുന്നത്. പ്രധാനമന്ത്രിക്കൊപ്പം ബിജെപി അധ്യക്ഷൻ ജെപി നദ്ദയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും പ്രശംസിക്കാനും മറന്നില്ല. കോൺഗ്രസിലുള്ളവർ പ്രവർത്തിക്കുന്നത് ഒരു കുടുംബത്തിന് വേണ്ടിയാണെന്നും താൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അനിൽ ആന്റണി പറഞ്ഞു. മലയാളത്തിലും തന്റെ സന്ദേശം അനിൽ ഡൽഹിയിൽ നൽകി.
'ധർമ്മോ രക്ഷതി രക്ഷിതഃ'' ... കോൺഗ്രസുകാർ ഒരു പരിവാറിന് (കുടുംബം) വേണ്ടി ജോലി ചെയ്യുന്നു. ഞാൻ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത് രാജ്യത്തിന് വേണ്ടി. പ്രധാനമന്ത്രിയുടെ കൈയിൽ 25 കൊല്ലം കൊണ്ട് ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള ലക്ഷ്യ ബോധമുണ്ട്. ഇതിനൊപ്പമാകും ഞാൻ ഇനി-ഇതാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്ന ശേഷം നൽകിയ സന്ദേശം. കേരളത്തിൽ ബിജെപിയെ വളർത്താൻ അനിൽ ആന്റണിക്ക് കഴിയുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. കുടുംബത്തിൽ രാഷ്ട്രീയം ഉണ്ടാകില്ല. അച്ഛനും അമ്മയും സഹോദരനുമായുള്ള ബന്ധം ഊഷ്മളമായി തുടരുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തും. വീട്ടിലുള്ള നാലു പേർക്കും നാല് നിലപാട്. അതിൽ മറ്റൊന്നുമില്ലെന്നാണ് അനിൽ ആന്റണി പറയുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും കേന്ദ്ര മന്ത്രി വി. മുരളീധരന്റേയും സാന്നിധ്യത്തിൽ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ് അനിൽ ആന്റണിക്ക് ബിജെപി അംഗത്വം നൽകിയത്. അംഗത്വം സ്വീകരിക്കുന്നതിന് മുമ്പായി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ അടക്കമുള്ളവരേയും അനിൽ ആന്റണി കണ്ടിരുന്നു. ബിജെപിയുടെ 43ാം സ്ഥാപക ദിനം കൂടിയാണ് ഇന്ന്. ക്രൈസ്തവരും ബിജെപിയുമായി അടക്കുമെന്നതിന്റെ സൂചനകൾ കേന്ദ്രമന്ത്രി മുരളീധരനും അനിൽ ആന്റണിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് നടത്തി.
മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോൺഗ്രസിൽ നിന്നടക്കം രൂക്ഷമായ വിമർശനം നേരിട്ട അനിൽ ആന്റണി പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞിരുന്നു. പിന്നീട് പാർട്ടി വിടുകയും ചെയ്തു. അടുത്തിടെ പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനേയും അനിൽ ആന്റണി പുകഴ്ത്തുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധി പരിഹസിച്ചതിന് പിന്നാലെ സവർക്കറെ പിന്തുണച്ചും അനിൽ ആന്റണി രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ബിജെപിയിലേക്ക് അനിൽ ആന്റണി ഔദ്യോഗിക പ്രവേശം നേടിയിരിക്കുന്നത്.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ അനിൽ ആന്റണി ട്വിറ്ററിൽ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ ഇതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചതോടെ അനിൽ ആന്റണി പാർട്ടിയിൽ നിന്നും എല്ലാ പദവികളും രാജിവെയ്ക്കുകയായിരുന്നു. .
ശേഷം 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോൺഗ്രസിനെ ചവറ്റുകൊട്ടയിലെറിയാൻ രാജ്യത്തെ ജനങ്ങൾക്കുള്ള മികച്ച അവസരമാണെന്ന് അനിൽ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസൻ ഉയർത്തിയ പ്രസ്താവനയ്ക്കെതിരേയും അദ്ദേഹം പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. 'സ്വന്തം കഴിവു കൊണ്ട് ഉയർന്നു വന്ന വനിത നേതാവ്' എന്നാണ് സ്മൃതിയെ അനിൽ വിശേഷിപ്പിച്ചത്. കൂടാതെ കർണാടകയിൽ മറ്റ് പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ കോൺഗ്രസ് നേതാക്കൾ ഏതാനും വ്യക്തികൾക്കായി ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.
ദേശീയ തലത്തിൽ തന്നെ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ചർച്ചയായിട്ടുണ്ട്. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് എ.കെ. ആന്റണി, കൂടാതെ നെഹ്റു കുടുംബവുമായി ആന്റണിക്ക് അടുത്ത ബന്ധമാണ് ഉള്ളത്. അതേസമയം വിഷയത്തിൽ എ.കെ. ആന്റണി ഇതുവരെ പ്രതികരിച്ചിട്ടില്ല. മകനുമായി രാഷ്ട്രീയം ചർച്ച ചെയ്യാറില്ല എല്ല തണുത്ത പ്രതികരണമാണ് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ