ന്യൂഡൽഹി: താൻ കേന്ദ്രമന്ത്രി ആകുമെന്ന വാർത്ത തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ തള്ളി. കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് തന്റെ പേര് പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയാകാൻ തനിക്ക് ക്ഷണമില്ല. സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തുടരുമെന്നും അണ്ണാമലൈ അറിയിച്ചു.

അണ്ണാമലൈക്കു പകരം തമിഴ്‌നാട്ടിൽ നിന്നും എൽ മുരുകൻ കേന്ദ്രമന്ത്രിയാകും. സഹമന്ത്രിസ്ഥാനമാകും മുരുകനു ലഭിക്കുക. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുരുകൻ. ഇത്തവണ നീലഗിരി മണ്ഡലത്തിൽ നിന്നും മുരുകൻ ഡിഎംകെയിലെ എ രാജയോടു വൻ മാർജിനിൽ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മോദി സർക്കാരിലും മുരുകൻ കേന്ദ്രമന്ത്രിയായിരുന്നു. ഫിഷറീസ്, മൃഗസംരക്ഷണം, വാർത്താവിതരണ പ്രക്ഷേപണം തുടങ്ങിയ വകുപ്പുകളാണ് മുരുകന് ലഭിച്ചത്. തമിഴ്‌നാട് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനാണ് മുരുകൻ.

കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ഡി.എം.കെയുടെ മുന്മേയർ ഗണപതി രാജ്കുമാറിനോട് 1,18,068 വോട്ടുകൾക്ക് അണ്ണാമലൈ പരാജയപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി ആയാൽ ആറുമാസത്തിനുള്ളിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തുനിന്ന് മത്സരിച്ച് രാജ്യസഭാംഗമാകേണ്ടി വരുമായിരുന്നു.

ഐ.പി.എസ് ഉപേക്ഷിച്ച് ബിജെപിയിലെത്തിയ അണ്ണാമലൈയുടെ വളർച്ച അതിവേഗമായിരുന്നു. തമിഴ്‌നാട്ടിൽ, ബിജെപി പോലെയൊരു ഹിന്ദി ലേബലുള്ള പാർട്ടിക്ക് ഒരു കാരണവശാലും കടന്നുവരാനാകില്ലെന്ന ചിന്തയെ അണ്ണാമലൈ മാറ്റിമറിച്ചു. സ്റ്റാലിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചു. ഡി എം കെയ്‌ക്കെതിരെ മുഖ്യപ്രതിപക്ഷമായി വളരാൻപോലും കെൽപ്പുള്ള പാർട്ടിയായി ബിജെപി മാറിയെന്നുള്ള പ്രതീതിയും സൃഷ്ടിക്കാൻ കഴിഞ്ഞതും അണ്ണാമലൈയുടെ നേട്ടമായി.

അണ്ണാമലൈയുടെ സ്ഥാനാർത്ഥിത്വത്തോടെയാണ് ബിജെപി കേന്ദ്രനേതൃത്വം വരെ ഉറ്റുനോക്കുന്ന തലത്തിലേക്ക് കോയമ്പത്തൂർ മണ്ഡലം മാറുന്നത്. 2019 തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യകക്ഷിയായ സിപിഎം. വിജയിച്ച ഇടമാണ് കോയമ്പത്തൂർ. എന്നാൽ, ഇത്തവണ സിപിഎമ്മിന് ദിണ്ടിഗൽ സീറ്റുനൽകി ഗണപതി രാജ്കുമാറിനെ ഡി.എം.കെ. കളത്തിലിറക്കിയതിന് പിന്നിലും ഇതേ വാശിയായിരുന്നു.