- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അംബേദ്കർ വെറും സ്റ്റെനോഗ്രഫർ, അദ്ദേഹത്തിന്റേതായി ഭരണഘടനയിൽ ഒന്നുമില്ല; ഭരണഘടനാ ശിൽപ്പിയെ അവഹേളിച്ചു വിഎച്ച്പി നേതാവിന്റെ പ്രസംഗത്തിൽ പ്രതിഷേധം ഇരമ്പി; ആർ.ബി.വി എസ്. മണിയനെ അറസ്റ്റു ചെയ്തു തമിഴ്‌നാട് പൊലീസ്
ചെന്നൈ: ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്കറിനെ അവഹേളിച്ച വിശ്വഹിന്ദു പരിഷത്ത് നേതാവിന്റെ പ്രസംഗത്തിൽ പ്രതിഷേധം ഇരമ്പിയപ്പോൾ അറസ്റ്റു നടപടിയുമായി തമിഴ്‌നാട് പൊലീസ്. വിശ്വഹിന്ദു പരിഷത് മുൻ നേതാവ് ആർ.ബി.വി എസ്. മണിയനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഡോ. അംബേദ്കറെയും തിരുമാവളവനെയും അപമാനിച്ച് മണിയൻ പ്രസംഗിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.
വിശ്വഹിന്ദു പരിഷത്തിന്റെ മുൻ തമിഴ്‌നാട് ഉപാധ്യക്ഷനാണ് മണിയൻ. ഭരണഘടനാ ശിൽപിയായ അംബേദ്കറിനെ സ്റ്റെനോഗ്രഫർ എന്നു വിശേഷിപ്പിച്ച മണിയൻ, തിരുമാവളവന്റെ മഹത്വത്തെയും ചോദ്യം ചെയ്തു സംസാരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ത്യാഗരായനഗറിലെ വസതിയിൽനിന്ന് ഇന്നു രാവിലെയാണ് തമിഴ്‌നാട് പൊലീസ് മണിയനെ അറസ്റ്റു ചെയ്തത്.
മണിയന്റെ വിവാദ പ്രസംഗം ഇങ്ങനെയായിരുന്നു:
ഇന്ത്യൻ ഭരണഘടന അംബേദ്കർ എഴുതിയതല്ല. അംബേദ്കറാണ് നമുക്ക് ഭരണഘടന സമ്മാനിച്ചതെന്ന് പറയുന്നവർക്ക് ഭ്രാന്താണ്. സ്വന്തം ബുദ്ധി പണയം വച്ചവരാണ് അവർ. എല്ലാ പാർട്ടികളും അങ്ങനെ ചെയ്തവരാണ്. അംബേദ്കർ നിങ്ങളുടെ ജാതിയല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ ആളുകൾ അദ്ദേഹത്തിന്റെ പേരിൽ വോട്ടു ചെയ്യുന്നതെങ്കിലും അവസാനിപ്പിക്കും. കാരണം അംബേദ്കർ അവരുടെ ജാതിയിൽപ്പെട്ടയാളല്ലല്ലോ. അദ്ദേഹം തിരുമാവളവന്റെ ജാതിയിൽപ്പെട്ടയാളാണോ? പറയൂ. തിരുമാവളവൻ പറയനാണ്. അംബേദ്കർ ചക്കിലിയാരാണ്. പിന്നെ അംബേദ്കർ എങ്ങനെയാണ് നിങ്ങളുടെ ജാതിയാകുന്നത്? ഇവിടെ ഏതെങ്കിലും പറയൻ ചക്കിയാർ വിഭാഗത്തിൽപ്പെട്ടവരെ വിവാഹം കഴിക്കുമോ? പറയർ ആരെങ്കിലും പള്ളരെ വിവാഹം കഴിക്കുമോ? ആരും അത്തരം സാഹോദര്യമൊന്നും കാണിക്കില്ല. ഈ ജാതികളെല്ലാം പരസ്പരം ശത്രുത പുലർത്തുന്നവരാണ്.
അംബേദ്കറാണ് ഇന്ത്യയുടെ ഭരണഘടന കൊണ്ടുവന്നതെന്നാണു ചിലരുടെ അവകാശവാദം. ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്കും അതേ നിലപാടാണ്. അവരും അദ്ദേഹത്തിനു സ്തുതി പാടുകയാണ്. പക്ഷേ, എന്താണ് സത്യം? ഞാൻ ഭരണഘടനയെക്കുറിച്ച് ഒരു ലഘുലേഖ തയാറാക്കിയിരുന്നു. ഭരണഘടന രൂപപ്പെടുത്തിയ മുന്നൂറിലധികം പേരുടെ കയ്യൊപ്പും അതിലുണ്ട്. ഭരണഘടന ഉണ്ടാക്കിയ 300 പേരുടെ പേരും ലഭ്യമാണ്. രാജേന്ദ്ര പ്രസാദായിരുന്നു ചെയർമാൻ. അപ്പോൾ ആരാണ് ഭരണഘടന രൂപപ്പെടുത്തിയത്? ചെയർമാനാണ് അവകാശിയെങ്കിൽ അത് രാജേന്ദ്ര പ്രസാദാണ്. ഭരണഘടനയുടെ ഡ്രാഫ്റ്റ് തയാറാക്കിയ, അതെല്ലാം ടൈപ്പ് ചെയ്ത, തെറ്റില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ വെറും ക്ലർക്ക് മാത്രമാണ് അംബേദ്കർ. അദ്ദേഹത്തിന്റെ സംഭാവനയായി അതിൽ ഒന്നുമില്ലെന്ന് നിങ്ങൾക്ക് അറിയാമോ? അംബേദ്കർ സ്വന്തം ബുദ്ധികൊണ്ട് തയാറാക്കിയതാണ് ഭരണഘടനയെന്നു കരുതരുത്.
ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ നടന്നു. ആ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ ടൈപ്പ് ചെയ്യാൻ ഒരു സ്റ്റെനോഗ്രഫർ വേണം. ടൈപ്പ് ചെയ്തത് ശരിയാണോയെന്നു പരിശോധിക്കാനും ആളു വേണം. ആ ജോലിയായിരുന്നു അംബേദ്കറിന്റേത്. അതായത് ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാൻ. ഇദ്ദേഹത്തിന്റെ ജോലി എന്താണെന്ന് അറിയാമോ? എല്ലാവരും ചർച്ച ചെയ്ത് രൂപീകരിച്ച ആശയങ്ങൾ ടൈപ്പ് ചെയ്‌തെടുത്തതിൽ തെറ്റില്ലെന്ന് ഉറപ്പുവരുത്തുന്നു. തൊട്ടടുത്ത ദിവസം അദ്ദേഹം അത് ഉച്ചത്തിൽ വായിക്കും. ഇതാണ് നിങ്ങളെല്ലാം പറഞ്ഞത്. ആർക്കെങ്കിലും സംശയങ്ങളുണ്ടോയെന്നു ചോദിക്കും.
ഭരണഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് 12 വോള്യങ്ങളുണ്ട്. അതെല്ലാം ടൈപ്പ് ചെയ്തത് സ്റ്റെനോഗ്രഫർമാരാണ്. അവരെയാണ് ഭരണഘടന ഡ്രാഫ്റ്റ് ചെയ്യുന്നതിനായി താൽക്കാലികമായി ചുമതലപ്പെടുത്തിയിരുന്നത്. ഇതിൽ ചില സ്റ്റെനോഗ്രഫർമാരെ നെഹ്‌റു പിന്നീട് സ്ഥിരം ജോലിക്കാരാക്കി. അങ്ങനെയാണ് അംബേദ്കറിനു സ്ഥിരം ജോലി ലഭിച്ചത്. അതുകൊണ്ട് അംബേദ്കറിന്റേതായി ഈ ഭരണഘടനയിൽ യാതൊന്നുമില്ലെന്ന് എല്ലാവരും ആദ്യം മനസ്സിലാക്കുക.




