ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡിനെ ഞെട്ടിച്ചുകൊണ്ട് ഡൽഹി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലൗലി രാജി വച്ചിരിക്കുകയാണ്. എന്നാൽ, താൻ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുന്നില്ലെന്ന് അരവിന്ദർ രാജിക്ക് ശേഷം പ്രതികരിച്ചു. ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ തനിക്ക് കഴിയുന്നില്ലെന്നാണ് മുഖ്യപരാതി. താൻ പാർട്ടിയുടെ പ്രാഥമികാംഗത്വം രാജി വച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി ജനറൽ സെക്രട്ടറി ഇൻചാർജ് ദീപക് ബാബരിയയുടെ നിരന്തരമായ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് അധ്യക്ഷ പദവി അരവിന്ദർ സിങ് ലൗലി ഒഴിഞ്ഞത്. തനിക്ക് ഡൽഹി കോൺഗ്രസ് യൂണിറ്റിന്റെ പ്രസിഡന്റായി തുടരാൻ കഴിയില്ലെന്നും അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച രാജിക്കത്തിൽ വ്യക്തമാക്കുന്നു.

ബാബരിയയുടെ ഭരണത്തെ പല ഡൽഹി കോൺഗ്രസ് നേതാക്കളും എതിർത്ത നിരവധി സന്ദർഭങ്ങൾ അദ്ദേഹം പ്രസ്താവിച്ചു. ബാബരിയയ്ക്കെതിരായ അസംതൃപ്തരായ നേതാക്കളെ പുറത്താക്കാൻ താൻ കടുത്ത സമ്മർദ്ദത്തിലാണെന്നും ലൗലി പറഞ്ഞു. ബാബരിയുമായുള്ള പ്രശ്‌നം മാത്രമല്ല അരവിന്ദറിന്റെ രാജിക്ക് കാരണം. ഡൽഹിയിലെ എഎപി സഖ്യം, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളും രാജിക്ക് കാരണമായി. ഇത് രണ്ടാം തവണയാണ് അരവിന്ദർ രാജി വയ്ക്കുന്നത്‌. 2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റുമായി എഎപി നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരിയപ്പോഴായിരുന്നു ആദ്യ രാജി.

തങ്ങളുടെ ചെലവിലെ എഎപിയുടെ വളർച്ചയിൽ അസ്വസ്ഥരായ കൂടുതൽ നേതാക്കൾ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കുമെന്നും ശ്രുതിയുണ്ട്. പുറത്തുപോകുന്ന നേതാക്കൾ ബിജെപിയിൽ ചേരില്ലെങ്കിലും, അഴിമതിക്കെതിരെ പുതിയ മുന്നണി രൂപീകരിക്കുമെന്നും സൂചനയുണ്ട്. എന്നാൽ, അരവിന്ദറിന്റെ കാര്യത്തിൽ ബിജെപിയിൽ ചേരുമോ ഇല്ലയോ എന്ന് വ്യക്തതയില്ല. ചേരില്ലെന്ന ആദ്യപ്രതികരണം മുഖവിലയ്ക്ക് എടുക്കാനാവില്ല. 2017 ൽ കുറച്ചുകാലത്തേക്ക് അരവിന്ദർ ബിജെപിയിൽ ചേർന്നിരുന്നു.

തങ്ങൾക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് പൊറുതിമുട്ടിച്ച (പകുതിയോളം മന്ത്രിമാർ ജയിലിൽ കഴിയുന്ന) എഎപിയുമായുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് യൂണിറ്റ് എതിരായിരുന്നു എന്ന് അരവിന്ദർ ഖാർഗെയ്ക്കുള്ള രാജി കത്തിൽ വ്യക്തമാക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, എഎപിയുമായുള്ള സഖ്യം കാരണം കോൺഗ്രസിന് മൂന്നുസീറ്റ് മാത്രമാണ് കിട്ടിയത്. താൻ മത്സരിക്കാതെ പിന്മാറിയത് മറ്റുമുതിർന്ന നേതാക്കൾക്ക് സീറ്റ് കിട്ടുമെന്ന് ഉറപ്പാക്കാനായിരുന്നു. എന്നാൽ, അതിനെ മാനിക്കാതെ രണ്ട് അപരിചിതർക്ക് രണ്ടു സീറ്റുകൾ നൽകിയെന്നും അരവിന്ദർ പറഞ്ഞു. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ അരവിന്ദർ സിങ് ലവ്‌ലി മത്സരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. ആ സീറ്റിൽ കനയ്യ കുമാറാണ് മത്സരിക്കുന്നത്.

ലോക്‌സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ വിമതശബ്ദങ്ങളെ അനുനയിപ്പിച്ച് പ്രശ്‌നം പരിഹരിക്കാൻ എഐസിസി മുതിർന്ന നേതാക്കൾ ആരും ഇടപെട്ടില്ല. എന്നാൽ, തന്റെ നിലപാടിന് വിരുദ്ധമായി ഡൽഹിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി, മുൻ ഡൽഹി മന്ത്രി കൂടിയായ രാജ് കുമാർ ചൗഹാൻ, മുൻ എം എൽ എ സുരേന്ദർ കുമാർ തുടങ്ങിയവരെ സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. നോർത്ത് വെസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഉദിത് രാജിന്റെ സമീപനത്തെയും അരവിന്ദർ വിമർശിക്കുന്നുണ്ട്. എഎപിയുടെ വ്യാജ പ്രചാരണത്തെ ഉദിത് അംഗീകരിക്കുന്നതിലെ എതിർപ്പും കത്തിൽ പ്രകടിപ്പിക്കുന്നു. ചുരുക്കത്തിൽ ഡൽഹി കോൺഗ്രസിൽ കാര്യങ്ങൾ ഒട്ടും ഭദ്രമല്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.