- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റക്ക് മത്സരിക്കാൻ എഐഎംഐഎം; ഉവൈസി ബിജെപിയുടെ ചാരനോ?
ന്യൂഡൽഹി: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ എന്ന എഐഎംഐഎം എന്ന പാർട്ടിയുടെയും അതിന്റെ പരമോന്നത നേതാവായ അസദുദ്ദീൻ ഉവൈസിയുടെയും നിലപാടുകൾ എപ്പോഴും അങ്ങേയറ്റം വിചിത്രമാണ്്. കടുത്ത സംഘപരിവാർ വിരുദ്ധതയിൽ മുസ്ലിം വോട്ടുകൾ സമാഹരിക്കയാണ് ഇവരുടെ രീതി. രക്തം തിളപ്പിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളാണ് ഇതിനായി ഉവൈസി ഉപയോഗിക്കുക. പക്ഷേ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴോ. കോൺഗ്രസ് മുന്നണിക്ക് പിന്തുണ കൊടുക്കാതെ എഐഎംഐഎം ഒറ്റക്ക് മത്സരിക്കും. അങ്ങനെ മുസ്ലിം വോട്ടുകൾ വിഭജിക്കപ്പെടുന്നതോടെ ബിജെപിയുടെ വിജയം ഉറപ്പാവും. കഴിഞ്ഞ ബിഹാർ- യുപി നിയമസഭാ തെരഞ്ഞെടുപ്പിലും, ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ രീതി കണ്ടു. അതുകൊണ്ടുതന്നെ ഉവൈസിയെ സംഘപരിവാറിന്റെ ബി ടീം എന്നാണ്, പൊതുവേ വിശേഷിപ്പിക്കുന്നത്.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതേ പരിപാടിയാണ് ഉവൈസി ചെയ്യുന്നത്. തന്റെ ശക്തികേന്ദ്രമായ തെലങ്കാനയിൽ മാത്രമല്ല, ബീഹാറിലും, മഹാരാഷ്ട്രയിലും, യുപിയിലുമെല്ലാം ഉവൈസിയുടെ പാർട്ടി ഒറ്റക്കാണ് മത്സരിക്കുന്നത്. ഇതുവഴി ബിജെപിയുടെ ജയം അവർ ഉറപ്പാക്കുകയാണെന്നാണ് വിമർശനം.
ഇന്ത്യ മുന്നണിക്ക് ഭീഷണി
ബിഹാറിലെ 11 ലോക്സഭാ സീറ്റുകളിൽ മൽസരിക്കാനാണ് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം തീരുമാനിച്ചത് 'ഇന്ത്യ' മുന്നണിക്കു ഭീഷണിയാകും. എഐഎംഐഎം സ്ഥാനാർത്ഥികൾ ന്യൂനപക്ഷ വോട്ടു ഭിന്നിപ്പിക്കുമെന്നതാണ് 'ഇന്ത്യ' മുന്നണി നേരിടേണ്ട വെല്ലുവിളി. ബിഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിൽ മുസ്ലിം വോട്ടു നിർണായകമായ മണ്ഡലങ്ങളിലാണ് എഐഎംഐഎം സ്ഥാനാർത്ഥികളെ നിർത്തുന്നത്. ഇതു ഫലത്തിൽ എൻഡിഎ സ്ഥാനാർത്ഥികൾക്കു അനുകൂല ഘടകമാകും.
കിഷൻഗഞ്ച്, അരാരിയ, കതിഹാർ, പുർണിയ, ദർഭംഗ, ഭാഗൽപുർ, കാരാകട്ട്, ബക്സർ, ഗയ, മുസഫർപുർ, ഉജിയാർപുർ മണ്ഡലങ്ങളിൽ എഐഎംഐഎം മൽസരിക്കുമെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ അക്തറുൽ ഇമാൻ അറിയിച്ചു. കിഷൻഗഞ്ചിൽ അക്തറുൽ ഇമാൻ സ്ഥാനാർത്ഥിയാകുമെന്നു അസദുദ്ദീൻ ഉവൈസി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതേ അവസ്ഥയാണ് തെലങ്കാനലിയും, യുപിയിലുമൊക്കെ. അതുകൊണ്ടുതന്നെ ഉവൈസിയെ ബിജെപിയുടെ ചാരൻ എന്നാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. എന്നാൽ കോൺഗ്രസാണ് ബിജെപിയുടെ ബി ടീം എന്നാണ് ഉവൈസി തിരിച്ചടിക്കുന്നത്. മഹാരാഷ്ട്രയിൽ കോൺഗ്രസ് നേതാവ് അശോക് ചവാൻ ബിജെപിയിൽ ചേർന്നപ്പോൾ, 'ആർഎസ്എസിന്റെ യഥാർത്ഥ ടീമിനെയും ബിജെപിയുടെ ബി ടീമിനെയും' ഇപ്പോൾ എല്ലാവർക്കും മനസ്സിലായി എന്നാണ് ഉവൈസി പരിഹസിക്കുന്നത്.
മതം എടുത്തിട്ട് അലക്കുന്ന തീവ്ര സംഘപരിവാർ നേതാക്കളുടെ അതേശൈലിയാണ് ഉവൈസിക്കും. മസ്ജിദുകൾ സംരക്ഷിക്കേണ്ടത് മുസ്ലീങ്ങളുടെ കടമയാണെന്നും ഈ കടമ ഞങ്ങൾ ഒരിക്കലും മറക്കില്ലെന്നും പറഞ്ഞാണ് അദ്ദേഹം വോട്ടുപിടിക്കുന്നത്. -'1992 ഡിസംബർ 6 മുസ്ലീങ്ങൾ ഒരിക്കലും മറക്കരുത്. ജൂതന്മാർ ഹോളോകോസ്റ്റിനെ ഓർക്കുന്നതുപോലെ മുസ്ലീങ്ങൾ ബാബരിയെ ഓർക്കണം'- ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം വോട്ടുപിടിക്കുക.
2024-ലെ തിരഞ്ഞെടുപ്പിൽ ലോക്‌സഭയിലെ മുസ്ലിം അംഗങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്നും 48 എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന മഹാരാഷ്ട്രയിൽ നിന്ന് 4 സീറ്റുകൾ നേടുകയെന്ന ലക്ഷ്യമാണ് എഐഎംഐഎമ്മിന് നൽകേണ്ടതെന്നും ഒവൈസി അവകാശപ്പെട്ടു. 2019-ലെ പൊതുതെരഞ്ഞെടുപ്പിൽ, മഹാരാഷ്ട്രയിൽ നിന്ന് ഔറംഗബാദ്ലോക്‌സഭാ മണ്ഡലത്തിൽ എഐഎംഐഎം വിജയിച്ചിരുന്നു. ഇത്തവണ അവർ ഇടിടെ നിന്ന് കൂടുതൽ സീറ്റിലേക്ക് മത്സരിക്കുന്നുണ്ട്. ഫലത്തിൽ ഇത് ബാധിക്കുക ഇന്ത്യാ മുന്നണിയുടെ സാധ്യതയെ ആണ്.
മധ്യപ്രദേശിലും ബിജെപിയെ വിജയിപ്പിച്ചു
2022ൽ നടന്ന മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ ന്യൂനപക്ഷ വോട്ടുകൾ അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എം ചോർത്തിയിട്ടുണ്ട്. മൂന്ന് നഗരങ്ങളിലെ നാല് കോർപ്പറേറ്റർ സീറ്റുകളിൽ വിജയിച്ച് മധ്യപ്രദേശിൽ അക്കൗണ്ട് തുറന്നപ്പോൾ നിരവധി സീറ്റുകളിൽ കോൺഗ്രസിനെ പരാജയപ്പടുത്തി ബിജെപി വിജയം നേടുന്നതിനും എഐഎംഐ എമ്മിന്റെ മത്സരം ഇടയാക്കിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞത് ആറ് കോർപ്പറേഷനുകളിലെങ്കിലും കോൺഗ്രസ് പാർട്ടിയുടെ സാധ്യതകളെ എ ഐഎംഐഎം തകിടം മറിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഖണ്ട്വയിൽ ബിജെപിയുടെ അമൃത യാദവ് 19,765 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ എഐഎംഐഎമ്മിന്റെ മേയർ സ്ഥാനാർത്ഥി കനിസ് ഫാത്തിമ 9,601 വോട്ടുകളാണ് കരസ്ഥമാക്കിയത്. ബുർഹാൻപൂരിൽ എ ഐ എം ഐ എമ്മിന്റെ മേയർ നോമിനി ഷൈസ്ത സൊഹൈൽ ഹാഷ്മി 10,274 വോട്ടുകൾ നേടി. ബിജെപിയുടെ മാധുരി പട്ടേൽ കോൺഗ്രസിന്റെ ഷഹനാസ് ബാനോയെ 542 വോട്ടുകൾക്കാണ് ഇവിടെ പരാജയപ്പെടുത്തിയത് എന്നതാണ് ശ്രദ്ധേയം.
ഈ രണ്ട് കോർപ്പറേഷനിലും ബിജെപി - എ ഐ എം ഐ എം കൂട്ടുകകെട്ട് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ പാർട്ടിയെ പരാജയപ്പെടുത്താൻ ഒവൈസിയുടെ പാർട്ടി ബിജെപിയെ സഹായിച്ചെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് അരുൺ യാദവ് ആരോപിച്ചത്. എ ഐ എം ഐ എമ്മിന് 'രാജ്യത്തെ തെരഞ്ഞെടുപ്പിൽ കൊള്ളയടിക്കുള്ള' ഫണ്ട് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി നേതാവും എംപിയുമായ ഒവൈസി തിരഞ്ഞെടുപ്പിനായി ഖണ്ട്വ, ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ബുർഹാൻപൂർ എന്നിവിടങ്ങളിൽ വിപുലമായ പ്രചാരണം നടത്തിയിരുന്നു.
എഐഎംഐഎമ്മിനെ നേരത്തെ മുതൽ തന്നെ ബിജെപിയുടെ ബി ടീമെന്നാണ് പ്രതിപക്ഷം വിളിക്കുന്നത്. കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ നിന്ന് ബിജെപി വിരുദ്ധ മുസ്ലിം വോട്ടുകൾ എ ഐ എം ഐ എം അടർത്തിമാറ്റി ബിജെപിയുടെ വിജയം എളുപ്പമാക്കുന്നു എന്നതാണ് ബി ടീം വിളിക്ക് പിന്നിലെ ഹേതു. കഴിഞ്ഞ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അഞ്ച്് സീറ്റുകൾ നേടിയിരുന്നെങ്കിലും ആ അഞ്ച് എംഎൽഎമാരും അടുത്തിടെ ആർ ജെ ഡിയിലേക്ക് കൂറുമാറുകയും ചെയ്തു.