- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അച്ചടക്ക നടപടിയെടുത്താൽ 'തിരിച്ചടി ഭീതി'; രാജസ്ഥാനിലെ 'വിമത നീക്കത്തിൽ' അശോക് ഗെലോട്ടിന് ക്ലീൻ ചിറ്റ്; മൂന്ന് വിശ്വസ്തർക്ക് കാരണം കാണിക്കൽ നോട്ടീസ്; നടപടി, ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ടിന്മേൽ; ബുധനാഴ്ച നിർണായക കൂടിക്കാഴ്ചകൾ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ ചർച്ചകൾക്ക് പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിമത നീക്കത്തിൽ അശോക് ഗെലോട്ടിന് ക്ലീൻ ചിറ്റ് നൽകിയും അനുഭാവികളായ മൂന്ന് എംഎൽഎമാർക്കേതിരേ നടപടി ആവശ്യപ്പെട്ടും സോണിയയ്ക്ക് ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ട്. അതേ സമയം, ഹൈക്കാമാൻഡിനെ നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ ഡൽഹിയിലെത്തിയ സച്ചിൻ പൈലറ്റ് സോണിയ ഗാന്ധിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും.
മന്ത്രി ശാന്തി ധരിവാൾ, ചീഫ് വിപ്പ് മഹേഷ് ജോഷി, ധർമ്മേന്ദ്ര റാത്തോഡ് എം എൽ എ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 10 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. അച്ചടക്ക നടപടിയെടുത്താൽ തിരിച്ചടിയാകുമെന്ന് കണ്ട് അശോക് ഗെലോട്ടിന് ക്ലീൻ ചിറ്റ് നൽകിയാണ് എഐസിസി നിരീക്ഷകർ റിപ്പോർട്ട് നൽകിയത്. അജയ് മാക്കനും മല്ലികാർജുൻ ഖാർഗേയുമാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന് എംഎൽഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു
കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം വിളിച്ച നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാതെ സമാന്തര യോഗം വിളിച്ച് ചേർത്തതിനാണ് അച്ചടക്ക നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന് കഴിഞ്ഞ ദിവസം അജയ്മാക്കനും മല്ലികാർജുൻ ഖാർഗേയും മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു.
അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന തീരുമാനമായതോടെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പ്രതിസന്ധി ഉയർന്നത്. ഗെലോട്ട് അധ്യക്ഷനായാൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹൈക്കമാൻഡ് നിർദ്ദേശം. എന്നാൽ ഇതിനെതിരേ ഗെലോട്ട് പക്ഷം കലാപക്കൊടി ഉയർത്തുകയായിരുന്നു.
രണ്ട് വർഷം മുമ്പ് സച്ചിൻ പൈലറ്റ് രാജസ്ഥാൻ മന്ത്രിസഭയെ അട്ടിമറിക്കാൻ ശ്രമിച്ചയാളാണെന്നും അന്ന് സർക്കാരിനെ സംരക്ഷിച്ച എംഎൽഎമാരിൽ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നുമായിരുന്നു ഗെലോട്ട് പക്ഷത്തിന്റെ ആവശ്യം. നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാൻ 92 എംഎൽഎമാർ രാജിഭീഷണിയും മുഴക്കിയിരുന്നു. തുടർന്ന് അജയ്മാക്കനും ഖാർഗെയും എംഎൽഎമാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും അവർ നിരസിക്കുകയായിരുന്നു.
അതിനിടെ, അധ്യക്ഷ ചർച്ചകൾ വഴിമുട്ടിയതോടെ എ കെ ആന്റണിയെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ് നടത്തിയ നിർണ്ണായക നീക്കം വലിയ ചർച്ചയായി. അശോക് ഗലോട്ടിന് പകരം പുതിയ പേരുകളിൽ ചർച്ചകൾ തുടങ്ങിയതോടെയാണ് ആന്റണിയെ സോണിയ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചത്. അധ്യക്ഷനാകാനില്ലെന്ന് ഡൽഹിക്ക് പുറപ്പെടും മുൻപ് എ കെ ആന്റണി പ്രതികരിച്ചു.
നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിക്കാൻ മൂന്ന് ദിവസം മാത്രമുള്ളപ്പോൾ രാജസ്ഥാൻ പ്രതിസന്ധിയിൽ ഔദ്യോഗിക സ്ഥാനാർത്ഥി ആരെന്ന ചിത്രം ഇപ്പോഴും തെളിഞ്ഞിട്ടില്ല. മത്സരിക്കാനില്ലെന്ന് കമൽനാഥും, രണ്ട് സെറ്റ് പത്രിക വാങ്ങിയ പവൻ ബൻസലും തുറന്നു പറഞ്ഞു കഴിഞ്ഞു. മാധ്യമങ്ങളെ കണ്ട അംബികസോണിയും മത്സര സാധ്യത തള്ളി. മുകുൾ വാസ്‌നിക്, ദിഗ് വിജയ് സിങ്, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരുടെ പേരുകൾ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചയിലുണ്ട്.
സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് പ്രവർത്തക സമിതിയിലെ മുതിർന്ന അംഗമായ എ കെ ആന്റണിയെ സോണിയ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.