- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാത്രി മുഴുവൻ ഗുസ്തി താരങ്ങൾ കരയുകയായിരുന്നു; പ്രധാനമന്ത്രിക്ക് വൈകാരികമായ കത്ത് എഴുതി ബജ്റംഗ് പൂനിയ; പത്മശ്രീ മടക്കി നൽകുമെന്ന് പ്രഖ്യാപനം; ബ്രിജ്ഭൂഷന്റെ കൂട്ടാളിയുടെ വിജയത്തോടെ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ
ന്യൂഡൽഹി: ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ കൂട്ടാളി സഞ്ജയ് സിങ്ങിനെ റസ്ലിങ് ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതിന് പിന്നാലെ പ്രതിഷേധം കടുക്കുന്നു. സാക്ഷി മാലിക് ഗുസ്തി ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച താൻ പത്മശ്രീ ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഒളിമ്പിക് മെഡൽ ജേതാവായ ബജ്‌റങ് പൂനിയ രംഗത്തെത്തി. താൻ പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും പത്മശ്രീ മടക്കി നൽകുമെന്നും പൂനിയ അറിയിച്ചു.
ബിജെപി എംപിയും, റസ്ലിങ് ഫെഡറേഷൻ അദ്ധ്യക്ഷനുമായിരുന്ന ബ്രിജ്ഭൂഷണ് എതിരെ പ്രതിഷേധത്തിന് ഇറങ്ങിയ ഗുസ്തി താരങ്ങളിൽ പ്രധാനിയാണ് പൂനിയ. ബ്രിജ്ഭൂഷണ് എതിരെ 12 വനിതാ ഗുസ്തി താരങ്ങളാണ് ലൈംഗിക പീഡനാരോപണം ഉയർത്തിയത്.
റസ്ലിങ് ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബ്രിജ്ഭൂഷൺ നടത്തിയ പരാമർശം പ്രധാനമന്ത്രിക്ക് അയച്ച വൈകാരികമായ കത്തിൽ പൂനിയ എടുത്തുപറയുന്നുണ്ട്. ഞങ്ങളുടെ ആധിപത്യം തുടരും എന്നാണ് ബ്രിജ്ഭൂഷൺ വിജയത്തിൽ പ്രതികരിച്ചത്. ഈ മാനസിക സമ്മർദ്ദം കാരണമാണ് സാക്ഷി മാലിക് ഗുസ്തി ഉപേക്ഷിക്കാൻ നിർബന്ധിതയായതെന്നും, പ്രതിഷേധത്തിൽ പങ്കെടുത്ത ഗുസ്തി താരങ്ങൾ എല്ലാം രാത്രി മുഴുവൻ കരയുകയായിരുന്നുവെന്നും പൂനിയ കത്തിൽ കുറിച്ചു.
ബ്രിജ് ഭൂഷൺ യാദവ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചത്. ഗുസ്തി ഫെഡറേഷന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. വൈകാരികമായിട്ടായിരുന്നു സാക്ഷിയുടെ വിരമിക്കൽ പ്രഖ്യാപനം.
വാർത്താസമ്മേളനത്തിന് പിന്നാലെ സാക്ഷി മാലിക്ക് തന്റെ ബൂട്ടുകൾ പ്രസ് ക്ലബ്ബിൽ ഉപേക്ഷിച്ചു. പീഡനക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനും ആർഎസ്എസ് അനുഭാവിയുമായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന തീരുമാനവുമായി താരം രംഗത്തെത്തിയത്.
മാധ്യമങ്ങൾക്ക് മുന്നിൽ സാക്ഷി മാലിക്ക് പൊട്ടിക്കരഞ്ഞു. ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ കേന്ദ്രം നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. ആ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചില്ല. തങ്ങൾ പൂർണമായും കേന്ദ്ര സർക്കാരിനെ വിശ്വസിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ലെന്നും വ്യക്തമാക്കിയ ശേഷമായിരുന്നു, ഗുസ്തി അവസാനിക്കുന്നതായി സാക്ഷി മാലിക്ക് അപ്രതീക്ഷിതമായി വ്യക്തമാക്കിയത്. ബജ്റംഗ് പുനിയയും വിനയ് ഫോഗട്ടും സാക്ഷി മാലിക്കും ഒരുമിച്ചാണ് വാർത്താസമ്മേളനം നടത്തിയത്.




