കൊൽക്കത്ത: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബംഗാൾ വിദ്യാഭ്യാസമന്ത്രി ഭ്രത്യ ബസുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ഗവർണർ സി.വി ആനന്ദബോസ്. പെരുമാറ്റച്ചട്ടം ബോധപൂർവം ലംഘിച്ചെന്നാണ് ആരോപണം. ഗൂർ ബംഗ സർവകലാശാലയിൽ രാഷ്ട്രീയക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സർക്കാറിനോട് നടപടിയെടുക്കണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തിൽ അദ്ദേഹത്തിനെതിരെ കർശന നടപടി ആവശ്യമാണെന്ന് ഗവർണർ സർക്കാറിന് നിർദ്ദേശം നൽകി. മന്ത്രിസഭയിൽ നിന്നും ബസുവിനെ പുറത്താക്കണമെന്നും നിർദ്ദേശമുണ്ട്. ബസുവിന്റെ നടപടി സർവകലാശാലയുടെ അന്തസ് നശിപ്പിക്കുന്നതാണെന്നും ചാൻസലർ കൂടിയായ ഗവർണർ ആരോപിച്ചു. മാർച്ച് 30നാണ് എംപിമാരും എംഎൽഎമാരും മറ്റു രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ സർവകലാശാല വളപ്പിൽ യോഗം ചേർന്നത്.

ഗവർണറുടെ നടപടി ചിരിക്ക് വക നൽകുന്നതാണെന്നും അധികാര പരിധിയുടെ ലംഘനമാണെന്നും ബസു തിരിച്ചടിച്ചു. താൻ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചിട്ടുണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തേണ്ട അവകാശം ഒരു രാഷ്ട്രീയ കക്ഷിക്കാണെന്ന് ബസു പറഞ്ഞു. ഇത്തരമൊരു ആരോപണം ഉന്നയിച്ചതിലൂടെ ഗവർണർ തന്റെ ഭരണഘടനാ പദവി ദുരുപയോഗിക്കുകയും, തന്റെ രാഷ്ട്രീയ വ്യക്തിത്വം വെളിവാക്കുകയും ചെയ്തിരിക്കുകയാണ്. ഒരുമന്ത്രിയെ നിയമിക്കാനോ പുറത്താക്കാനോ ശുപാർശ ചെയ്യാനുള്ള ചുമതല മുഖ്യമന്ത്രിക്കാണ്. ഗവർണർ തന്റെ തനിനിറം കാട്ടിയെന്നുമാത്രമല്ല, ഭരണഘടനാപദവി ലംഘിച്ചിരിക്കുകയുമാണെന്ന് ബസു ആരോപിച്ചു.

നേരത്തെ സർവകലാശാലകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗവർണറും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ ഇടഞ്ഞിരുന്നു. ഭ്രത്യ ബസു ഗവർണർക്ക് ഭ്രാന്താണെന്നും മറവി രോഗം ഉണ്ടെന്നും അധിക്ഷേപിച്ചിരുന്നു. ബസുവിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഉള്ള ബന്ധം വഷളാക്കാനാണെന്നും ഗവർണർ പറഞ്ഞിരുന്നു. സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കുന്ന അനധികൃത ഉത്തരവുകൾ പ്രയോഗിച്ച് സർവകലാശാല പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കരുതെന്ന് വിസിമാർക്ക് ചാൻസലർ കർശന മുന്നറിയിപ്പും നൽകി. സർവകലാശാലകളിലെ സർക്കാർ ഇടപെടലിന് എതിരെ ഗവർണർ ശക്തമായ നടപടി സ്വീകരിച്ചതാണ് തർക്കത്തിന് കാരണം.