ന്യൂഡൽഹി: ഛണ്ഡിഗഡിൽ മേയർ തിരഞ്ഞെടുപ്പിൽ, നിയമപോരാട്ടത്തിലൂടെ കോൺഗ്രസ്-എഎപി സഖ്യം വിജയം കൊയ്തതിന് പിന്നാലെ ഇന്ത്യ സഖ്യത്തിന് എല്ലാം ശുഭ വാർത്തകളായിരുന്നു. ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന എന്നിവിടങ്ങളിലെല്ലാം സീറ്റ് പങ്കിടൽ ധാരണ അന്തിമമായി കഴിഞ്ഞു. യുപിയിൽ എസ്‌പിയുമായി സീറ്റ് ധാരണയായതിന് പിന്നാലെ മഹാരാഷ്ട്രയിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. എന്നാൽ, ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം, ബംഗാളിൽ കോൺഗ്രസിന് നിരാശപ്പെടേണ്ടി വരും. ബംഗാളിലെ 42 സീറ്റ്ിലും തങ്ങൾ മത്സരിക്കുമെന്ന പ്രഖ്യാപനം തൃണമൂൽ കോൺഗ്രസ് ആവർത്തിച്ചിരിക്കുകയാണ്.

തൃണമൂലുമായുള്ള സീറ്റ് പങ്കിടൽ ചർച്ച വീണ്ടും ട്രാക്കിലായെന്ന് പ്രചാരണമുണ്ടായെങ്കിലും, ഫലമുണ്ടായില്ല. തൃണമൂലിന്റെ രാജ്യസഭാ നേതാവ് ഡെറക് ഒബ്രിയൻ പറഞ്ഞത് ഇങ്ങനെ:' ഏതാനും ആഴ്്ചകൾക്ക് മുമ്പ് മമത ബാനർജി ബംഗാളിലെ എല്ലാ 42 സീറ്റിലും മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ആ നിലപാടിൽ ഒരു മാറ്റവുമില്ല'.

ഈ ശക്തമായ പ്രസ്താവന ഇന്ത്യ സഖ്യത്തിനും കോൺഗ്രസിനും തിരിച്ചടിയാണ്. മമതയുമായി നല്ല ബന്ധം പുലർത്തുന്ന സോണിയ ഗാന്ധി ഇടപെട്ടാൽ ഫലമുണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പശ്ചിമബംഗാളിലെ സഖ്യം പ്രതിപക്ഷ സഖ്യത്തിന്റെ ആത്മവിശ്വാസം കൂട്ടാൻ വലിയ ഊർജ്ജമാകുമായിരുന്നു. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതൽ എംപിമാരെ അയയ്ക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനമാണ് ബംഗാളിന് എന്ന രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

ബംഗാളിൽ ആവശ്യപ്പെടുന്ന സീറ്റുകളുടെ എണ്ണം കോൺഗ്രസ് അഞ്ചായി കുറച്ചിരുന്നു. എസ്‌പിയുമായും, എഎപിയുമായും സീറ്റ് ധാരണയുണ്ടാക്കിയ കോൺഗ്രസ് തൃണമൂലുമായി കൂടി ധാരണയുണ്ടാക്കി ഹാട്രിക് അടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. അസമിലും, മേഘാലയിലും തൃണമൂലിന് രണ്ടു സീറ്റ് നൽകാനും കോൺഗ്രസ് തയ്യാറായിരുന്നു. ചർച്ചകൾ ശരിയായ ദിശയിലാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നെങ്കിലും, വെള്ളിയാഴ്ച രാവിലെ, രണ്ടുസീറ്റിന് അപ്പുറം കോൺഗ്രസിന് നൽകാനാവില്ലെന്നും, മൂന്നാമതൊരു സീറ്റ് തങ്ങൾക്ക് കണ്ടെത്താനായില്ലെന്നുമാണ് തൃണമൂൽ നേതാക്കൾ പരസ്യമാക്കിയത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചത് 2 സീറ്റുകളിലായിരുന്നു. ബൈനോക്കുലർ വച്ച് നോക്കിയെങ്കിലും, മൂന്നാമതൊരു സീറ്റ് കോൺഗ്രസിനായി കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, തൃണമൂൽ വക്താവ് ദേശീയ മാധ്യമത്തോട് പറഞ്ഞു.

അവിശുദ്ധ ബന്ധ ആരോപണം

തൃണമൂലിന്റെ ഇന്ത്യ സഖ്യകക്ഷികളായ കോൺഗ്രസും സിപിഎമ്മും ബിജെപിയുമായി ബംഗാളിൽ അവിശുദ്ധ ബന്ധം ഉണ്ടാക്കുകയാണെന്ന് മമത ആരോപിച്ചിരുന്നു. ഡെറക് ഓബ്രിയന്റെ പ്രസ്താവന മമത കടുത്ത നിലപാട് തുടരുന്നു എന്നത് സംശയമില്ലാതെ തെളിയിക്കുന്നു.