ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുനാൾ ബാക്കി നിൽക്ക, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ 508 കോടി രൂപ മഹാദേവ ബെറ്റിങ് ആപ്പിൽ നിന്ന് കോഴ വാങ്ങിയെന്ന ഇഡി വെളിപ്പെടുത്തൽ ബിജെപി ആയുധമാക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് അനധികൃത പണം ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് ബിജെപി ചൂടുപിടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇത് ദുർഗിലെ റാലിയിൽ ശക്തമായി ഉന്നയിച്ചു.

' കോൺഗ്രസ് പാർട്ടിയുടെ ഛത്തീസ്‌ഗഡ് സർക്കാർ നിങ്ങളെ കൊള്ളയടിക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല. അവർ മഹാദേവന്റെ( പരമശിവൻ) പേരിനെ പോലും വെറുതെ വിടുന്നില്ല', മോദി റാലിയിൽ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിച്ചാൽ എല്ലാ ആരോപണവിധേയർക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മോദി പറഞ്ഞു. 'നിങ്ങളുടെ പക്കൽ നിന്ന് കൊള്ളയടിച്ച ഓരോ ചില്ലിക്കാശിനും കണക്കുചോദിക്കും. ബിജെപി അധികാരത്തിലേറിയാൽ, ഇത്തരം കൊള്ളകളെ കുറിച്ച് കണിശമായി പരിശോധിക്കുമെന്നും, കൊള്ളക്കാരെ ജയിലിൽ അയയ്ക്കുമെന്നും ഞാൻ ഉറപ്പുനൽകുന്നു,' മോദി പറഞ്ഞു.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസിനെ കടന്നാക്രമിച്ചു. ഹവാല പണമാണ് കോൺഗ്രസ് പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്ന് അവർ ആരോപിച്ചു.

ആരോപണങ്ങൾ തള്ളി ഭൂപേഷ് ബാഗേൽ

തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പ്രതിച്ഛായ തകർക്കാനാണ് ഇഡിയുടെ ഹീനശ്രമമെന്ന് ഭൂപേഷ് ബാഗേൽ പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിനെ നേരിടാൻ കഴിയാതെ വന്നതോടെ മോദിയും, അമിത്ഷായും കേന്ദ്ര ഏജൻസികളുടെ സഹായം തേടിയിരിക്കുകയാണ്. അതിനർഥം ബിജെപിക്ക് ഭയമാണ് എന്നതാണ്. എനിക്കെതിരെ ആരോപണം ഉന്നയിച്ച് എന്റെ പ്രതിച്ഛായ തകർക്കുകയാണ് ലക്ഷ്യം. അവർ ഹിമന്ത ബിശ്വ ശർമയെയും അജിത് പവാറിനെയും ഇതുപോലെ ആപോപണങ്ങളാൽ മൂടി. അവർ അന്വേഷണം പോലും നടത്തും. എന്നാൽ, അവർ ബിജെപിയിൽ ചേർന്നപ്പോൾ 'മോദി വാഷിങ് പൗഡർ' ഇട്ട് വെളുപ്പിച്ചു, ബാഗേൽ പരിഹസിച്ചു. മുഖ്യമന്ത്രിക്ക് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ, ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും പാർട്ടി നേതൃത്വം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇഡിയുടെ ആരോപണം ഇങ്ങനെ

മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് വിവാദത്തിൽ പെട്ട മഹാദേവ് ബെറ്റിങ് ആപ്പ് 508 കോടി കോഴയായി നൽകിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്. വെളിപ്പെടുത്തൽ കോൺഗ്രസ് സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.

5 കോടിയുടെ കള്ളപ്പണവുമായി പിടിയിലായ ഒരാളാണ് ഇക്കാര്യം ഏജൻസിയോട് പറഞ്ഞത്. തന്റെ പക്കലുള്ള പണം ബാഗേൽ എന്ന പേരായ ഒരു രാഷ്ട്രീയക്കാരന് നൽകാൻ വേണ്ടിയുള്ളതാണെന്ന് ഇടനിലക്കാരൻ വെളിപ്പെടുത്തിയെന്നാണ് ആരോപണം. ഛത്തീസ്‌ഗഡിലെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായാണ് ഈ പണം എത്തിച്ചത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ വൻതോതിൽ പണമൊഴുക്കുന്നതായി ഇന്റലിജൻസ് വിവരം കിട്ടിയെന്നും ഇഡി പറയുന്നു. വ്യാഴാഴ്ച ഇഡി ഭിലായിലെ ഹോട്ടൽ ട്രൈറ്റണിലും മറ്റൊരിടത്തും തിരച്ചിൽ നടത്തിയപ്പോഴാണ് അസിം ദാസ് എന്ന ഇടനിലക്കാരനെ പിടികൂടിയത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി വൻതോതിൽ പണം എത്തിക്കുകയായിരുന്നു ഇയാളുടെ ദൗത്യം.

അസിം ദാസിന്റെ കാറിൽ നിന്നും വീട്ടിൽ നിന്നുമായി 5.39 കോടി പിടിച്ചെടുത്തു. മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ ബാഗേൽ എന്ന രാഷ്ട്രീയക്കാരന് തിരഞ്ഞെടുപ്പ് ചെലവിനായി ഏൽപ്പിച്ചതാണെന്നാണ് ഇയാളുടെ മൊഴി. ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട ചില ബെനാമി ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി. അക്കൗണ്ടിൽ ഉണ്ടായിരുന്ന 15.59 കോടി ഇഡി മരവിപ്പിച്ചു.

അറസ്റ്റിലായ അസിം ദാസിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ശുഭം സോണി അയച്ച ഒരു ഇ മെയിൽ പരിശോധിച്ചപ്പോൾ മുമ്പും പതിവായി ബാഗേലിന് പണം എത്തിച്ചിരുന്നുവെന്നും ഇതുവരെ 508 കോടി എത്തിച്ചിരുന്നുവെന്നും വ്യക്തമായി. ഇക്കാര്യം ഏജൻസി അന്വേഷിച്ചുവരികയാണ്. ഛത്തീസ്‌ഗഡിൽ നവംബർ 7 നാണ് ആദ്യഘട്ട പോളിങ്. രണ്ടാം ഘട്ടം നവംബർ 17 നാണ്.