ഇംഫാൽ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര'യ്ക്ക് തുടക്കം. മണിപ്പുരിലെ തൗബാലിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. യാത്രയുതെ തുടക്കത്ിതൽ ഇന്ത്യാ മുന്നണി നേതാക്കളും പങ്കെടുത്തു എന്നതും ശ്രദ്ധേയമാണ്. പ്രത്യേക ഇൻഡിഗോ വിമാനത്തിൽ മണിപ്പുരിലെ ഇംഫാലിലെത്തിയ രാഹുലും നേതാക്കളും തൗബാലിലെ ഖാൻജോം യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

സിപിഐ, സിപിഎം, ജെഡി(യു), എഎപി, തൃണമൂൽ, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്, ശിവസേന (ഉദ്ധവ് വിഭാഗം), എൻസിപി തുടങ്ങിയ 'ഇന്ത്യ' മുന്നണിയിലെ പാർട്ടികളുടെ നേതാക്കളും ഫ്‌ളാഗ് ഓഫ് ചടങ്ങിനെത്തി. ബി.എസ്‌പി. പുറത്താക്കിയ ഡാനിഷ് അലി എംപിയും ഭാരത് ജോഡോ ന്യായ് യാത്ര വേദിയിൽ പങ്കെടുത്തു. ഇന്നുച്ചയ്ക്ക് 12നായിരുന്നു യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യേണ്ടിയിരുന്നത്. മൂടൽമഞ്ഞ് കാരണം ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെടാൻ വൈകിയതിനാൽ ഫ്‌ളാഗ് ഓഫും വൈകുകയായിരുന്നു.

രാഹുലിനൊപ്പം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ.രേവന്ത് റെഡ്ഡി, സുഖ്വിന്ദർസിങ് സുഖു, പ്രവർത്തക സമിതിയംഗങ്ങൾ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവരടക്കം കോൺഗ്രസിന്റെ നേതൃനിര ഒന്നടങ്കം യാത്രയിൽ അണിനിരക്കുന്നുണ്ട്. സുരക്ഷാകാരണങ്ങളാൽ സോണിയ ഗാന്ധി പങ്കെടുത്തില്ല.

യാത്ര നാളെ നാഗാലാൻഡിൽ പ്രവേശിക്കും. മാർച്ച് വരെയായി 66 ദിവസം നീളുന്ന ബസ് യാത്രയിൽ 15 സംസ്ഥാനങ്ങളിലൂടെ രാഹുൽ സഞ്ചരിക്കും. 6713 കിലോമീറ്റർ നീളുന്ന യാത്ര മുംബൈയിൽ സമാപിക്കും. 2022- 23 ൽ കന്യാകുമാരിയിൽനിന്നു കശ്മീരിലേക്കു നടത്തിയ പദയാത്രയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് രാജ്യത്തിന്റെ കിഴക്കുനിന്നു പടിഞ്ഞാറേക്ക് രാഹുൽ സഞ്ചരിക്കുന്നത്. ദിവസവും ഏതാനും കിലോമീറ്റർ പദയാത്രയുമുണ്ട്.

മണിപ്പൂർ, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ്, മേഘാലയ, ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്‌ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ 15 സംസ്ഥാനങ്ങളിലിലെ 110 ജില്ലകളിലൂടെ യാത്ര കടന്നുപോകും. ഏറ്റവുമധികം ദിവസം ചെലവിടുന്നത് യുപിയിൽ 11 ദിവസം (1074 കിലോമീറ്റർ).

ഉത്തർപ്രദേശിലാണ് യാത്ര ഏറ്റവും കൂടുതൽ ദിവസങ്ങൾ ചെലവഴിക്കുക. 15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്റർ പിന്നിട്ട് മാർച്ച് 20-ന് മുംബൈയിൽ യാത്ര സമാപിക്കും. ഒന്നാം ഭാരത് ജോഡോ യാത്രയിൽ 4080 കിലോമീറ്റർ ദൂരം 150 ദിവസം കൊണ്ട് പൂർണ്ണമായും കാൽനടയായാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര പൂർത്തിയാക്കിയത്. അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രയിൽ ബസ്സിലും കാൽനടയായുമാണ് രാഹുൽ ഗാന്ധി സഞ്ചരിക്കുക.

നേരത്തെ ഇംഫാൽ പാലസ് ഗ്രൗണ്ടിൽ നിന്ന് യാത്ര ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് വേദി മാറ്റിയത്. പാലസ് ഗ്രൗണ്ടിൽ പരമാവധി ആയിരം പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂ എന്നാണ് മണിപ്പുരിലെ എൻ. ബീരേൻ സിങ് നയിക്കുന്ന ബിജെപി. സർക്കാർ പറഞ്ഞിരുന്നത്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന് ഭാരത് ജോഡോ ന്യായ് യാത്ര ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷ. രാമക്ഷേത്രത്തിന്റെ തരംഗം ഹിന്ദി ഹൃദയഭൂമിയിൽ ആഞ്ഞെടിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും സാധിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതേസമയം ഇന്ത്യാ മുന്നണി സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നിട്ടുണ്ട്. മുന്നണിയിലെ അസ്വാരസ്യങ്ങൾ തീർക്കുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.