- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് ന്യായ് യാത്രയുടെ പേര് ഭാരത് ജോഡോ ന്യായ് യാത്ര എന്ന് മാറ്റി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി പാർട്ടി അണികളെ ഉണർത്താൻ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് രാഹുൽ ഗാന്ധി തുടക്കമിടുകയാണ്. ഭാരത് ന്യായ് യാത്ര എന്ന് പേരിട്ടിരുന്ന പര്യടനം ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി പുതുക്കി. ജനുവരി 14 ന് വടക്ക് കിഴക്ക് നിന്ന് പടിഞ്ഞാറൻ തീരത്തേക്കാണ് യാത്ര. ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് പേരുമാറ്റിയ വിവരം അറിയിച്ചത്.
ജനറൽ സെക്രട്ടറിമാരും, പിസിസി അദ്ധ്യക്ഷന്മാരും നിയമസഭാകക്ഷി നേതാക്കളും പങ്കെടുത്ത എഐസിസി ഭാരവാഹിയോഗത്തിൽ ഭാരത് ജോഡോ യാത്ര എന്നത് ആളുകളുടെ മനസ്സിൽ ബ്രാൻഡ് പോലെയായെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ഭാരത് ജോഡോ ന്യായ് യാത്ര എന്ന് പരിഷ്കരിച്ചത്. 2022 സെപ്റ്റംബർ മുതൽ 2023 ജനുവരി വരെ കന്യാകുമാരി മുതൽ ശ്രീനഗർ വരെയായിരുന്നു ഭാരത് ജോഡോ യാത്ര.
പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണം കൂട്ടി. 14 എന്നത് 15 സംസ്ഥാനങ്ങളാക്കി. പട്ടികയിൽ അരുണാചൽ പ്രദേശും ഉൾപ്പെടുത്തി. യാത്ര 11 ദിവസം ഉത്തർപ്രദേശിലൂടെ കടന്നുപോകും. 20 ജില്ലകളിലായി 1,074 കിലോമീറ്ററാണ് യാത്ര.മൊത്തം 110 ജില്ലകൾ, 100 ലോക്സഭാ സീറ്റുകൾ, 337 നിയമസഭാ സീറ്റുകൾ എന്നിവിടങ്ങളിലാണ് യാത്ര. ആകെ സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററിൽ നിന്ന് 6,700 കിലോമീറ്ററായി ഉയർത്തി. മൊത്തം 66 ദിവസമാണ് യാത്ര.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ വിഴുപ്പലക്കൽ വേണ്ടെന്ന് പ്രസിഡണ്ട് ഖർഗെ പറഞ്ഞു.പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കരുത് .അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മല്ലികാർജ്ജുൻ ഖർഗെ.എഐസിസി ഭാരവാഹിയോഗത്തിൽ ആവശ്യപ്പെട്ടു
ആദ്യം അരുണാചലിലെ പാസിഘട്ട് മുതൽ ഗുജറാത്തിലെ പോർബന്ദർ വരെയാണ് യാത്ര ആസൂത്രണം ചെയ്തിരുന്നത്. പിന്നീട് മണിപ്പൂരിലെ സംഘർഷം കണക്കിലെടുത്താണ് ആ സംസ്ഥാനത്ത് നിന്ന് യാത്ര തുടങ്ങാൻ തീരുമാനം മാറ്റിയത്. യുപിയിൽ 1000 കിലോമീറ്ററോളം യാത്രയുണ്ടാകും. യുപിയിൽ സോണിയ ഗാന്ധി മാത്രമാണ് കോൺഗ്രസിന്റെ ഏക എംപി. ബംഗാളിൽ അഞ്ച് ദിവസം കൊണ്ട് ഏഴുജില്ലകളിലായി 523 കിലോമീറ്റർ പര്യടനമുണ്ടാകും.
ഭാരത് ജോഡോ യാത്രയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. യാത്രയ്ക്കിടെ ഗുജറാത്തിൽ കോൺഗ്രസ് വമ്പൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും, ഹിമാചലിൽ സർക്കാർ രൂപീകരിച്ചു. ഹിന്ദി ഹൃദയഭൂമിയിൽ പരാജയപ്പെട്ടെങ്കിലും, കർണാടകയിലും, തെലങ്കാനയിലും ജയിച്ചുകയറി.