ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, ഒഡിഷയിൽ, പൊടുന്നനെ രാഷ്ട്രീയ കളികളിൽ വലിയ ട്വിസ്റ്റുണ്ടായത് ഭരണകക്ഷിയായ ബിജുജനതാദളിലാണ്. നവീൻ പട്‌നായിക്കും, നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം ഉയർത്തിക്കാട്ടി സഖ്യസാധ്യതകൾ ആരാഞ്ഞെങ്കിലും ഫലവത്തായില്ല. ഇപ്പോൾ, കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി ബിജെഡി നേതാക്കൾ ബിജെപിയിൽ ചേരാനായി നിരനിരയായി പോവുകയാണ്.

ഭർതൃഹരി മഹ്തബ്, സിദ്ധാന്ത് മൊഹാപാത്ര, അനുഭവ് മൊഹന്തി, ആകാശ് ദാസ് നായക് തുടങ്ങിയ നേതാക്കളാണ് ബിജെഡി വിട്ടത്. ചിലർ പാർട്ടിയിൽ നേരിടുന്ന അവഗണനയും, മറ്റുചിലർ പാർട്ടിയെ ഗ്രസിച്ച അഴിമതിയും കാരണങ്ങളായി പറയുന്നു.

21 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും, 147 നിയമസഭാ മണ്ഡലങ്ങളിലേക്കും നാല് ഘട്ടങ്ങളായുള്ള വോട്ടെടുപ്പ് മെയ് 13 ന് ആരംഭിക്കും. നവീൻ പട്‌നായിക് കഴിഞ്ഞ 24 വർഷമായി ഒഡിഷ ഭരിക്കുന്നു. 2000 മാർച്ചിൽ ആദ്യമായി മുഖ്യമന്ത്രിയായ പട്‌നായിക് തന്റെ അഞ്ചാമൂഴത്തിന്റെ അവസാനഘട്ടത്തിലാണ്. ആറാം തവണയും തുടർച്ചയായി പട്‌നായിക് പാർട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്നാണ് ബിജെഡി നേതാക്കളുടെ പ്രതീക്ഷ.

എന്നാൽ, ബിജെപിക്ക് മറ്റുചില പദ്ധതികൾ മനസ്സിലുണ്ട്. സംസ്ഥാനത്ത് കോൺഗ്രസിന് പകരം തങ്ങൾക്ക് മുഖ്യപ്രതിപക്ഷം ആകണം എന്നുള്ളതാണ് മനസ്സിലിരുപ്പ്. നവീൻ പട്‌നായിക് സർക്കാരിനെ താഴെയിടുകയാണ് ആത്യന്തിക ലക്ഷ്യം. മോദിയും അമിത്ഷായും അടക്കം പ്രമുഖർ പങ്കെടുക്കുന്ന 100 റാലികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. 21 ലോക്‌സഭാ മണ്ഡലങ്ങളിലും മെഗാ റാലികൾ ഉണ്ടാകും.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, 21 സീറ്റിൽ ബിജെഡി 12 ഉം, ബിജെപി 8 ഉം, കോൺഗ്രസ് ഒരു സീറ്റും നേടി. ഇത്തവണ സീറ്റുകളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം. സംസ്ഥാന നിയമസഭയിലാകട്ടെ, ബിജെഡി 147 സീറ്റിൽ 112 ലും ജയിച്ച് തകർപ്പൻ ജയമാണ് കരസ്ഥമാക്കിയത്. ബിജെപിക്ക് 23 സീറ്റുകൾ മാത്രമായിരുന്നു. ഒഡിഷയിൽ ബിജെപി ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചത് 2000 ത്തിലായിരുന്നു-38 സീറ്റുകൾ. 2019 ൽ കോൺഗ്രസിന് 9 സീറ്റിലേ വിജയിക്കാൻ കഴിഞ്ഞുള്ളു.

ബിജെഡിയിൽ നിന്ന് ചേക്കേറിയവരെ സഹകരിപ്പിച്ച് തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുകയാണ് ബിജെപി ലക്ഷ്യം. എല്ലാവരും തങ്ങളുടെ അടിമകളാണെന്നാണ് ബിജെഡി ചിന്തിക്കുന്നതെന്നും, ഇത്തവണ ജനങ്ങൾക്ക് ബിജെഡിയോട് മടുപ്പുണ്ടെന്നുമാണ് മുൻ ബിജെഡി നേതാവായ സിദ്ധാന്ത് മൊഹാപാത്ര പ്രതികരിച്ചത്. ബിജെഡിയുടെ കോട്ട തകരുകയാണെന്ന് ബിജെപിയിൽ ചേർന്ന കട്ടക് എംപി ഭർതൃഹരി മഹ്താബ് പറഞ്ഞു. അഴിമതിക്കെതിരെ പോരാടാനാണ് ബിജെഡി രൂപീകരിച്ചത്. 25 വർഷം പിന്നിടുമ്പോൾ, സർക്കാർ തലത്തിൽ കടുത്ത അഴിമതിയാണെന്നും, കോൺഗ്രസ് ഭരണം തിരിച്ചുവന്നത് പോലെയുണ്ടെന്നും മഹ്താബ് പറഞ്ഞു.

ബംഗാളിൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ തൃണമൂലിലെ അസംതൃപ്തരായ നേതാക്കൾ ബിജെപിയിലേക്ക് മറുകണ്ടം ചാടിയിരുന്നു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ, തൃണമൂൽ സർക്കാരിനെ താഴെയിടാൻ ഈ വിമത നേതാക്കൾക്ക് കഴിഞ്ഞില്ല. അതോടെ, ബിജെപിയിൽ ചേക്കേറിയവർ തൃണമൂലിലേക്ക് മടങ്ങുകയും ചെയ്തു. ഒഡിഷയിൽ മറുകണ്ടം ചാടിയവരുടെ വിധി അറിയാൻ ജൂൺ 4 വരെ കാത്തിരിക്കണം.