ന്യൂഡൽഹി: ബിഹാറിലെ 'ഇന്ത്യാ' മുന്നണിയിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്. ആർ.ജെ.ഡിക്കും ജെ.ഡി.യുവിനുമിടയിൽ വീണ്ടും അസ്വാരസ്യങ്ങൾ ഉയരുകയാണ്. ലലൻ സിങ് എന്നറിയപ്പെടുന്ന രാജീവ് രഞ്ജൻ സിങിനെ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കം ചെയ്ത് നിതീഷ്‌കുമാർ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ അഭ്യൂഹങ്ങൾ പറക്കുകയാണ്. അതിനിടെ, തന്റെ ഔദ്യോഗിക ഓസ്ട്രേലിയൻ പര്യടനം ബിഹാർ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് റദ്ദാക്കിയതും ചർച്ചകളിലുണ്ട്. താമസിയാതെ തേജസ്വി മുഖ്യമന്ത്രിയാകുമെന്നും റിപ്പോർട്ടുണ്ട്.

ആകെ 243 അംഗങ്ങളുള്ള ബീഹാർ നിയമസഭയിൽ ലാലുപ്രസാദ് യാദവിന്റെ ആർജെഡിക്ക് 79 സീറ്റുകളുണ്ട്. കോൺഗ്രസ് (19) സിപിഐ-എംഎൽ (12), .സിപിഎം (2), സിപിഐ (2), സ്വതന്ത്രൻ (1) എന്നിങ്ങനെയാണ് സീറ്റുനിലകൾ.ഇത് എല്ലാം കൂട്ടിയാൽ 114 സീറ്റുകളാണ്. 45 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിനുള്ളത്. ഇനി ജെഡിയുവിന്റെ പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ഒരു ഏഴ് പേരുടെ പിന്തുണകിട്ടിയാൽ തേജസ്വിക്ക് മുഖ്യമന്ത്രിയാകാം. ഇവിടയാണ് നിതീഷും ലലൻ സിങും തമ്മിലെ ഭിന്നത നിർണ്ണായകമാകുന്നത്.

സംസ്ഥാന രാഷട്രീയത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ തേജസ്വിയെ രാജ്യത്തിന് പുറത്തേക്ക് അയക്കേണ്ടെന്ന തീരുമാനമാണ് ഓസ്‌ട്രേലിയൻ യാത്ര റദ്ദ് ചെയ്തതിന് പിന്നിലെന്നാണ് ആർ.ജെ.ഡി നേതാക്കൾ നൽകുന്ന സൂചന. ലലൻ സിങ് ആർ.ജെ.ഡി.യുമായി അടുത്ത് തേജസ്വി യാദവിനെ മുഖ്യമന്ത്രിപദത്തിലെത്തിക്കാൻ ശ്രമിക്കുന്നെന്ന സംശയം നിതീഷിനുമുണ്ട്. ലാലുപ്രസാദ് യാദവും ലലൻ സിങ്ങും വിമാനത്തിൽവെച്ച് എല്ലാം ചർച്ച ചെയ്തുവെന്നാണ് സൂചന. ഏതായാലും ഇന്ത്യാ മുന്നണിയിലെ ബീഹാറിലെ കെട്ടുറപ്പിനെ ബാധിക്കുന്നതാണ് ഈ സംഭവങ്ങൾ.

ഈകൂടിക്കാഴ്ചയ്ക്ക് രണ്ട് ദിവസം മുൻപേ ലാലൻസിങ്ങ് 12 ജെഡിയു എംഎൽഎമാരുമായി രഹസ്യയോഗം ചേർന്നതായി പറയുന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി ലാലൻസിങ്ങ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അത് നിതീഷ് കുമാർ സമ്മതിച്ചിരുന്നില്ല. 12 എംഎൽഎമാരെ ലലൻ സിങിന് ജെഡിയുവിൽ നിന്നും അടർത്തിയെടുക്കാനായാൽ തേജസ്വിക്ക് മുഖ്യമന്ത്രിയാകാം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഇത് അനിവാര്യമാണെന്നാണ് ആർജെഡിയുടെ വിലയിരുത്തൽ.

ലലനെതിരെ സംശയംകൂടിയായതോടെയാണ് ജെ.ഡി.യു. ദേശീയഅധ്യക്ഷപദം വീണ്ടും നിതീഷ് ഏറ്റെടുത്തതെന്നാണ് റിപ്പോർട്ടുകൾ. കടുത്ത ബിജെപി വിരുദ്ധ നേതാവ് കൂടിയായിരുന്നു ലലൻ. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷത്തെ 'ഇന്ത്യ' സഖ്യത്തിലും ബിഹാറിലെ മഹാസഖ്യത്തിലും സമ്മർദശക്തിയാകാനുള്ള നിതീഷിന്റെ നീക്കത്തിന് ഇതെല്ലാം തിരിച്ചടിയാണ്. ഡൽഹിയിൽ ചേർന്ന ജെ.ഡി.യു. ദേശീയ കൗൺസിൽ യോഗത്തിൽ കോൺഗ്രസിനെ പേരെടുത്ത് നിതീഷ്‌കുമാർ കുറ്റപ്പെടുത്തിയതായാണ് സൂചന.

ഒരു കാലത്ത് ലാലുപ്രസാദ് യാദവും മകനും ലാലുവിന്റെ ഭാര്യ റബ്രിദേവിയും ചേർന്ന് നടത്തിയ രഹസ്യനീക്കങ്ങളുടെ ഫലമായാണ് ബിജെപിയെ ഉപേക്ഷിച്ച് നിതീഷ് ലാലുപ്രസാദ് യാദവിലേക്ക് ചാഞ്ഞത്. ഇപ്പോൾ ലാലുപ്രസാദ് യാദവും മകനും ലലൻ സിങ്ങും ചേർന്ന് നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും വലിച്ചുപുറത്തിടാനുള്ള ഗൂഢാലോചന നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജെഡിയുവിന്റെ പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ഒരു ഏഴ് പേരുടെ പിന്തുണകിട്ടിയാൽ തേജസ്വിക്ക് മുഖ്യമന്ത്രിയാകാം. അതാണ് ലാലൻ സിങ്ങ് ജെഡിയുവിന്റെ 12 എംഎൽഎമാരെ കൂടെ കൂട്ടിയത്. ഉടൻ ഈ 12 ജെഡിയു എംഎൽഎമാരെ ലാലുപ്രസാദ് യാദവിന്റെ ക്യാമ്പിൽ എത്തിക്കുകയായിരുന്നു ലലൻ സിങ്ങിന്റെ ലക്ഷ്യം. ഇതിന് പ്രത്യുപകാരമായി ലലൻ സിങ്ങിന് രാജ്യസഭാ എംപി പദവി നല്കാമെന്നതാണ് ലാലുപ്രസാദ് നൽകിയിരിക്കുന്ന വാഗ്ദാനം എന്നാണ് സൂചന.

എന്നാൽ, ലലൻ സിങ്ങുമായി ചേർന്ന് ഗൂഢാലോചന നടത്തിയ 12 എംഎൽഎമാരിൽ ഒരാൾ ഈ വാർത്ത നിതീഷ് കുമാറിന് ചോർത്തിക്കൊടുത്തു. ഇതോടെയാണ് നിതീഷ് കുമാർ തന്റെ മുഖ്യമന്ത്രിക്കസേര ഏത് വിധേനയും സംരക്ഷിക്കാൻ ഓപ്പറേഷൻ ലലൻ എന്ന പദ്ധതിയുമായി ഇറങ്ങിത്തിരിച്ചത്. അതാണ് വെള്ളിയാഴ്ച ലാലൻ സിങ്ങിന്റെ രാജിയിലും ജെഡിയുവിന്റെ ദേശീയ പ്രസിഡന്റ് പദവി നിതീഷ് കുമാർ തന്നെ ഏറ്റെടുക്കുന്നതിലേക്കും നയിച്ചതെന്നാണ് സൂചന.