പട്‌ന: ബീഹാറിലെ 'താമരത്തോണിയിൽ' കോൺഗ്രസ് എംഎൽഎമാരും കയറുമോ? മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും എൻഡിഎയിലേക്ക് ചേക്കേറുമെന്ന സൂചനകൾക്കു പിന്നാലെ ബിഹാറിൽ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ സജീവമാണ്. ബിഹാറിലെ പത്തിലധികം കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തുന്നതായി ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ബിഹാറിൽ 19 എംഎൽഎമാർ കോൺഗ്രസിനുണ്ട്. അതായത് കോൺഗ്രസിനെ പിളർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ബീഹാറിലെത്തുമ്പോൾ കോൺഗ്രസിന് തിരിച്ചടിയുണ്ടാക്കുകയാണ് ലക്ഷ്യം.

ഞായറാഴ്ച ജെഡിയു എംഎൽഎമാരുടെ യോഗം നിതീഷ് കുമാർ വിളിച്ചു. രാവിലെ 10 മണിക്കാണ് എംഎൽഎമാരുടെ യോഗം. ബിഹാറിലെ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരുമായി ചർച്ച നടത്തിയതായും വിവരമുണ്ട്. നിർണ്ണായക നീക്കങ്ങളാണ് ബിജെപിയും നടത്തുന്നത്. നിതീഷിനെതിരെ പ്രസ്താവനകൾ ഇറക്കരുതെന്ന് എല്ലാ നേതാക്കൾക്കും അമിത് ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതായാലും ഞായറാഴ്ചയോടെ ചിത്രം തെളിയും.

ഏഴ് ജെഡിയു എംഎൽഎമാരെ പിളർത്തിയാൽ ബീഹാറിൽ നിതീഷ് കുമാർ പിണങ്ങിയാലും ലാലു പ്രസാദ് യാദവിന്റെ ആർജെഡിക്ക് ഭരണം പിടിക്കാം. ഇതിന് വേണ്ടിയുള്ള കുരുനീക്കം ആർജെഡി നടത്തുന്നുണ്ട്. ഇത് മുന്നിൽ കണ്ടാണ് പത്ത് കോൺഗ്രസ് എംഎൽഎമാരെ മറുപക്ഷത്ത് എത്തിക്കാനുള്ള ബിജെപി നീക്കം. ആർജെഡിയെ പിളർത്താനും ആലോചനകൾ സജീവമാണ്. ഏതായാലും ബീഹാറിൽ രണ്ടു ദിവസം കൂടി രാഷ്ട്രീയ അനിശ്ചിതത്വം തുടരും. നിതീഷ് കുമാർ പ്രതികരിക്കാതെ അകലം പാലിക്കുന്നതും ശ്രദ്ധേയമാണ്.

ആരുടെ മുന്നിലും വാതിലുകൾ അടച്ചിട്ടില്ലെന്നും കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും ബിജെപി നേതാവ് സുശീൽ കുമാർ മോദി പറഞ്ഞു. വാതിലുകൾ അടച്ചിട്ടില്ലെന്ന സുശീൽ മോദിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു ബിജെപി ബിഹാർ പ്രസിഡന്റ് സമ്രാട്ട് ചൗധരിയുടെ മറുപടി. ഇതിനിടെ ജെഡിയു 'ഇന്ത്യാ' സഖ്യം വിടില്ലെന്ന് ചില പാർട്ടി കേന്ദ്രങ്ങൾ വിശദീകരിക്കുന്നുണ്ട്. കുറച്ചു ദിവസം മുമ്പ് ജെഡിയുവിന്റെ ദേശീയ അധ്യക്ഷ സ്ഥാനം നിതീഷ് കുമാർ എറ്റെടുത്തിരുന്നു.

കൂറുമാറ്റ നിരോധന നിയമം തന്റെ മേൽ വരാതിരിക്കാനായിരുന്നു പാർട്ടിയുടെ പ്രധാന പദവി നിതീഷ് ഏറ്റെടുത്തതെന്നാണ് സൂചന. ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടം ബിഹാർ മുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണു പുറത്തുവന്ന റിപ്പോർട്ട്. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും സൂചനയുണ്ട്. നിതീഷ് കുമാർ മുഖ്യമന്ത്രിയും സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയും ആകുമെന്നാണു സൂചന.

ഫെബ്രുവരി നാലിന് പ്രധാനമന്ത്രി മോദി ബീഹാറിൽ എത്തുമെന്നും സൂചനയുണ്ട്. ഈ റാലിയിൽ നിതീഷ് കുമാറും പങ്കെടുക്കും. നിതീഷ് കുമാറിന്റെ പാർട്ടി പിളരുമോ എന്നതും നിർണ്ണായകമാണ്. ഏഴു പേർ കൂറുമാറിയാൽ നിതീഷിനെ അട്ടിമറിക്കാൻ ലാലു പ്രസാദ് യാദവിനും കോൺഗ്രസിനുമാകും. നിതീഷിനൊപ്പമുള്ളവർ പിളർന്നു പോകാത്ത തരത്തിലുള്ള പുനഃസംഘടനയാകും നടക്കുക. ബീഹാറിൽ നിതീഷ് കുമാർ കൂടിയുണ്ടെങ്കിൽ തൂത്തു വാരാമെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രതീക്ഷ. ആർ.ജെ.ഡി.യും ജെ.ഡി.യു.വും പട്നയിൽ പ്രത്യേകം യോഗംചേർന്നിരുന്നു. കർപ്പുരി ഠാക്കൂർ അനുസ്മരണവേദിയിൽ നിതീഷ് നടത്തിയ പരാമർശവും സഖ്യം വിടുന്നതിന്റെ സൂചനകൾ നൽകുന്നതായിരുന്നു. നിതീഷ് മടങ്ങിവരാൻ തയ്യാറുണ്ടെങ്കിൽ ബിജെപി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പിന്നാലെയാണ് ബുധനാഴ്ച ജെ.ഡി.യു. സംഘടിപ്പിച്ച കർപ്പൂരി ഠാക്കൂർ അനുസ്മരണവേദിയിൽ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരേ നിതീഷ് രൂക്ഷവിമർശനമുയർത്തിയത്. കർപ്പൂരിക്ക് ഭാരതരത്നയും നൽകി.

സ്വന്തം കുടുംബാംഗങ്ങളെ നേതാക്കളായി വാഴിക്കുന്ന സമീപകാല രീതിക്ക് അപവാദമാണ് കർപ്പൂരി ഠാക്കൂർ എന്നും അദ്ദേഹം ഒരിക്കലും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നിതീഷ് പറഞ്ഞു. തനിക്കും കുടുംബവാഴ്ചയിൽ താത്പര്യമില്ലെന്നും കൂട്ടിച്ചേർത്തു. ലാലുപ്രസാദ് യാദവിനെയും കുടുംബത്തെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യമിട്ടുള്ള വിമർശനമാണിതെന്നാണ് വ്യാഖ്യാനം. ജെ.ഡി.യു- ആർ.ജെ.ഡി. ബന്ധം ഉലയുന്നെന്ന സൂചന ദിവസങ്ങളായി സംസ്ഥാനത്ത് ഉയരുന്നുണ്ട്. തേജസ്വി യാദവിനായി മുഖ്യമന്ത്രിപദം ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് നിതീഷ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് 2022-ലുണ്ടാക്കിയ ധാരണ. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പദവിയൊഴിയാൻ നിതീഷ് തയ്യാറല്ല. അതിനിടെ ഉത്തരേന്ത്യയിൽ മോദിക്കുണ്ടാകുന്ന സ്വീകാര്യതയും നിതീഷിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്.

പ്രതിപക്ഷ ഐക്യത്തിൽനിന്ന് അകൽച്ചയുടെ സൂചന നൽകുന്ന നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി നാലിന് ബിഹാറിലെ ബേതിയയിൽ നടക്കുന്ന റാലിയിൽ മോദിക്കൊപ്പം പങ്കെടുത്തേക്കുമെന്നാണ് സൂചന. അന്ന് എല്ലാ ജെ.ഡി.യു. എംഎൽഎമാരോടും ബേതിയയിൽ എത്താൻ നിതീഷ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ജെഡിയു വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ലലൻ സിങ് എന്നറിയപ്പെടുന്ന രാജീവ് രഞ്ജൻ സിങിനെ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കം ചെയ്ത് നിതീഷ്‌കുമാർ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ അഭ്യൂഹങ്ങൾ തുടങ്ങിയിരുന്നു. അതിനിടെ, തന്റെ ഔദ്യോഗിക ഓസ്‌ട്രേലിയൻ പര്യടനം ബിഹാർ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് റദ്ദാക്കിയതും ചർച്ചയായി. ആകെ 243 അംഗങ്ങളുള്ള ബീഹാർ നിയമസഭയിൽ ലാലുപ്രസാദ് യാദവിന്റെ ആർജെഡിക്ക് 79 സീറ്റുകളുണ്ട്. കോൺഗ്രസ് (19) സിപിഐ-എംഎൽ (12), .സിപിഎം (2), സിപിഐ (2), സ്വതന്ത്രൻ (1) എന്നിങ്ങനെയാണ് സീറ്റുനിലകൾ.ഇത് എല്ലാം കൂട്ടിയാൽ 114 സീറ്റുകളാണ്. 45 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിനുള്ളത്. ഇനി ജെഡിയുവിന്റെ പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ഒരു ഏഴ് പേരുടെ പിന്തുണകിട്ടിയാൽ തേജസ്വിക്ക് മുഖ്യമന്ത്രിയാകാം. ഇവിടയാണ് നിതീഷും ലലൻ സിങും തമ്മിലെ ഭിന്നത നേരത്തെ ചർച്ചയായത്.

ലലൻ സിങ് ആർ.ജെ.ഡി.യുമായി അടുത്ത് തേജസ്വി യാദവിനെ മുഖ്യമന്ത്രിപദത്തിലെത്തിക്കാൻ ശ്രമിക്കുന്നെന്ന സംശയം നിതീഷിനുമുണ്ട്. ലാലുപ്രസാദ് യാദവും ലലൻ സിങ്ങും വിമാനത്തിൽവെച്ച് മാസങ്ങൾക്ക് മുമ്പും എല്ലാം ചർച്ച ചെയ്തുവെന്നാണ് സൂചന. ഈകൂടിക്കാഴ്ചയ്ക്ക് രണ്ട് ദിവസം മുൻപേ ലാലൻസിങ്ങ് 12 ജെഡിയു എംഎൽഎമാരുമായി രഹസ്യയോഗം ചേർന്നതായി പറയുന്നു. കഴിഞ്ഞ കാലമായി ലാലൻസിങ്ങ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എന്നാൽ അത് നിതീഷ് കുമാർ സമ്മതിച്ചിരുന്നില്ല. 12 എംഎൽഎമാരെ ലലൻ സിങിന് ജെഡിയുവിൽ നിന്നും അടർത്തിയെടുക്കാനായാൽ തേജസ്വിക്ക് മുഖ്യമന്ത്രിയാകാം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഇത് അനിവാര്യമാണെന്നാണ് ആർജെഡിയുടെ വിലയിരുത്തൽ. ഇതു മനസ്സിലാക്കിയാണ് ബിജെപി പാളയത്തിലേക്ക് കൂടുമാറി ആർജെഡി മോഹത്തെ തകർക്കാനുള്ള നീക്കം.

ലലനെതിരെ സംശയംകൂടിയായതോടെയാണ് ജെ.ഡി.യു. ദേശീയഅധ്യക്ഷപദം വീണ്ടും നിതീഷ് ഏറ്റെടുത്തതെന്നാണ് റിപ്പോർട്ടുകൾ. കടുത്ത ബിജെപി വിരുദ്ധ നേതാവ് കൂടിയായിരുന്നു ലലൻ. ഒരു കാലത്ത് ലാലുപ്രസാദ് യാദവും മകനും ലാലുവിന്റെ ഭാര്യ റബ്രിദേവിയും ചേർന്ന് നടത്തിയ രഹസ്യനീക്കങ്ങളുടെ ഫലമായാണ് ബിജെപിയെ ഉപേക്ഷിച്ച് നിതീഷ് ലാലുപ്രസാദ് യാദവിലേക്ക് ചാഞ്ഞത്. ഇപ്പോൾ ലാലുപ്രസാദ് യാദവും മകനും ലലൻ സിങ്ങും ചേർന്ന് നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും വലിച്ചുപുറത്തിടാനുള്ള ഗൂഢാലോചന നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്.

ജെഡിയുവിന്റെ പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ഒരു ഏഴ് പേരുടെ പിന്തുണകിട്ടിയാൽ തേജസ്വിക്ക് മുഖ്യമന്ത്രിയാകാം. അതാണ് ലാലൻ സിങ്ങിലൂടെ ജെഡിയു ലക്ഷ്യമിടുന്നത്. പ്രത്യുപകാരമായി ലലൻ സിങ്ങിന് രാജ്യസഭാ എംപി പദവി നല്കാമെന്നതാണ് ലാലുപ്രസാദ് നൽകിയിരിക്കുന്ന വാഗ്ദാനം എന്നാണ് സൂചന. എന്നാൽ, ലലൻ സിങ്ങുമായി ചേർന്ന് ഗൂഢാലോചന നടത്തിയ 12 എംഎൽഎമാരിൽ ഒരാൾ ഈ വാർത്ത നിതീഷ് കുമാറിന് ചോർത്തിക്കൊടുത്തു. ഇതോടെയാണ് നിതീഷ് കുമാർ തന്റെ മുഖ്യമന്ത്രിക്കസേര ഏത് വിധേനയും സംരക്ഷിക്കാൻ ഓപ്പറേഷൻ ലലൻ എന്ന പദ്ധതിയുമായി ഇറങ്ങിത്തിരിച്ചത്. അതാണ് ലാലൻ സിങ്ങിന്റെ രാജിയിലും ജെഡിയുവിന്റെ ദേശീയ പ്രസിഡന്റ് പദവി നിതീഷ് കുമാർ തന്നെ ഏറ്റെടുക്കുന്നതിലേക്കും നയിച്ചതെന്നാണ് സൂചന.