- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞായറാഴ്ച വീണ്ടും മുഖ്യമന്ത്രിയായി നിതീഷിന്റെ സത്യപ്രതിജ്ഞ?
പാട്ന: ബിഹാറിലെ രാഷ്ട്രീയ നാടകം ക്ലൈമാക്സിലേക്ക് . ബിജെപി. പിന്തുണയിൽ ബിഹാർ മുഖ്യമന്ത്രിയായി ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും എന്നാണ് റിപ്പോർട്ട്. നിതീഷിന്റെ തന്നെ നേതൃത്വത്തിലുള്ള നിലവിലെ മഹാസഖ്യ സർക്കാർ പിരിച്ചുവിട്ടേക്കും. അതിന് ശേഷമാകും സത്യപ്രതിജ്ഞ. ഇതോടെ ബിഹാറിലെ ഇന്ത്യാ മുന്നണിയും തകരും. പ്രതിപക്ഷത്തെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിക്കുമെന്ന് വീമ്പു പറഞ്ഞ് എൻഡിഎയിയിൽ നിന്നും ചാടിയ നേതാവാണ് നിതീഷ്.
മുഖ്യമന്ത്രി സ്ഥാനം നിതീഷ് ആവശ്യപ്പെടുന്നു. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്കും നൽകും. ജനുവരി 28-ന് നിതീഷ് കുമാർ നടത്താനിരുന്ന പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. ബിജെപി. നേതാവ് സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയാവുമെന്നും റിപ്പോർട്ടുകളുണ്ട്. അടഞ്ഞവാതിലുകൾ തുറക്കപ്പെടുമെന്നും രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നും സുശീൽകുമാർ മോദി നടത്തിയ പ്രസ്താവന ഇതിന്റെ സൂചനയാണ്.
ഫെബ്രുവരി നാലിന് പ്രധാനമന്ത്രി മോദി ബീഹാറിൽ എത്തുമെന്നും സൂചനയുണ്ട്. ഈ റാലിയിൽ നിതീഷ് കുമാറും പങ്കെടുക്കും. നിതീഷ് കുമാറിന്റെ പാർട്ടി പിളരുമോ എന്നതും നിർണ്ണായകമാണ്. ഏഴു പേർ കൂറുമാറിയാൽ നിതീഷിനെ അട്ടിമറിക്കാൻ ലാലു പ്രസാദ് യാദവിനും കോൺഗ്രസിനുമാകും. നിതീഷിനൊപ്പമുള്ളവർ പിളർന്നു പോകാത്ത തരത്തിലുള്ള പുനഃസംഘടനയാകും നടക്കുക. ബീഹാറിൽ നിതീഷ് കുമാർ കൂടിയുണ്ടെങ്കിൽ തൂത്തു വാരാമെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രതീക്ഷ.
ആർ.ജെ.ഡി.യും ജെ.ഡി.യു.വും പട്നയിൽ പ്രത്യേകം യോഗംചേർന്നിരുന്നു. കർപ്പുരി ഠാക്കൂർ അനുസ്മരണവേദിയിൽ നിതീഷ് നടത്തിയ പരാമർശവും സഖ്യം വിടുന്നതിന്റെ സൂചനകൾ നൽകുന്നതായിരുന്നു. നിതീഷ് മടങ്ങിവരാൻ തയ്യാറുണ്ടെങ്കിൽ ബിജെപി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പിന്നാലെയാണ് ബുധനാഴ്ച ജെ.ഡി.യു. സംഘടിപ്പിച്ച കർപ്പൂരി ഠാക്കൂർ അനുസ്മരണവേദിയിൽ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരേ നിതീഷ് രൂക്ഷവിമർശനമുയർത്തിയത്. കർപ്പൂരിക്ക് ഭാരതരത്നയും നൽകി.
സ്വന്തം കുടുംബാംഗങ്ങളെ നേതാക്കളായി വാഴിക്കുന്ന സമീപകാല രീതിക്ക് അപവാദമാണ് കർപ്പൂരി ഠാക്കൂർ എന്നും അദ്ദേഹം ഒരിക്കലും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നിതീഷ് പറഞ്ഞു. തനിക്കും കുടുംബവാഴ്ചയിൽ താത്പര്യമില്ലെന്നും കൂട്ടിച്ചേർത്തു. ലാലുപ്രസാദ് യാദവിനെയും കുടുംബത്തെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യമിട്ടുള്ള വിമർശനമാണിതെന്നാണ് വ്യാഖ്യാനം.
ജെ.ഡി.യു- ആർ.ജെ.ഡി. ബന്ധം ഉലയുന്നെന്ന സൂചന ദിവസങ്ങളായി സംസ്ഥാനത്ത് ഉയരുന്നുണ്ട്. തേജസ്വി യാദവിനായി മുഖ്യമന്ത്രിപദം ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് നിതീഷ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് 2022-ലുണ്ടാക്കിയ ധാരണ. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പദവിയൊഴിയാൻ നിതീഷ് തയ്യാറല്ല. അതിനിടെ ഉത്തരേന്ത്യയിൽ മോദിക്കുണ്ടാകുന്ന സ്വീകാര്യതയും നിതീഷിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്.
പ്രതിപക്ഷ ഐക്യത്തിൽനിന്ന് അകൽച്ചയുടെ സൂചന നൽകുന്ന നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി നാലിന് ബിഹാറിലെ ബേതിയയിൽ നടക്കുന്ന റാലിയിൽ മോദിക്കൊപ്പം പങ്കെടുത്തേക്കുമെന്നാണ് സൂചന. അന്ന് എല്ലാ ജെ.ഡി.യു. എംഎൽഎമാരോടും ബേതിയയിൽ എത്താൻ നിതീഷ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ജെഡിയു വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
ലലൻ സിങ് എന്നറിയപ്പെടുന്ന രാജീവ് രഞ്ജൻ സിങിനെ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കം ചെയ്ത് നിതീഷ്കുമാർ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ അഭ്യൂഹങ്ങൾ തുടങ്ങിയിരുന്നു. അതിനിടെ, തന്റെ ഔദ്യോഗിക ഓസ്ട്രേലിയൻ പര്യടനം ബിഹാർ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് റദ്ദാക്കിയതും ചർച്ചയായി. ആകെ 243 അംഗങ്ങളുള്ള ബീഹാർ നിയമസഭയിൽ ലാലുപ്രസാദ് യാദവിന്റെ ആർജെഡിക്ക് 79 സീറ്റുകളുണ്ട്. കോൺഗ്രസ് (19) സിപിഐ-എംഎൽ (12), .സിപിഎം (2), സിപിഐ (2), സ്വതന്ത്രൻ (1) എന്നിങ്ങനെയാണ് സീറ്റുനിലകൾ.ഇത് എല്ലാം കൂട്ടിയാൽ 114 സീറ്റുകളാണ്. 45 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിനുള്ളത്. ഇനി ജെഡിയുവിന്റെ പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ഒരു ഏഴ് പേരുടെ പിന്തുണകിട്ടിയാൽ തേജസ്വിക്ക് മുഖ്യമന്ത്രിയാകാം. ഇവിടയാണ് നിതീഷും ലലൻ സിങും തമ്മിലെ ഭിന്നത നേരത്തെ ചർച്ചയായത്.
ലലൻ സിങ് ആർ.ജെ.ഡി.യുമായി അടുത്ത് തേജസ്വി യാദവിനെ മുഖ്യമന്ത്രിപദത്തിലെത്തിക്കാൻ ശ്രമിക്കുന്നെന്ന സംശയം നിതീഷിനുമുണ്ട്. ലാലുപ്രസാദ് യാദവും ലലൻ സിങ്ങും വിമാനത്തിൽവെച്ച് മാസങ്ങൾക്ക് മുമ്പും എല്ലാം ചർച്ച ചെയ്തുവെന്നാണ് സൂചന. ഈകൂടിക്കാഴ്ചയ്ക്ക് രണ്ട് ദിവസം മുൻപേ ലാലൻസിങ്ങ് 12 ജെഡിയു എംഎൽഎമാരുമായി രഹസ്യയോഗം ചേർന്നതായി പറയുന്നു. കഴിഞ്ഞ കാലമായി ലാലൻസിങ്ങ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അത് നിതീഷ് കുമാർ സമ്മതിച്ചിരുന്നില്ല. 12 എംഎൽഎമാരെ ലലൻ സിങിന് ജെഡിയുവിൽ നിന്നും അടർത്തിയെടുക്കാനായാൽ തേജസ്വിക്ക് മുഖ്യമന്ത്രിയാകാം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഇത് അനിവാര്യമാണെന്നാണ് ആർജെഡിയുടെ വിലയിരുത്തൽ. ഇതു മനസ്സിലാക്കിയാണ് ബിജെപി പാളയത്തിലേക്ക് കൂടുമാറി ആർജെഡി മോഹത്തെ തകർക്കാനുള്ള നീക്കം.
ലലനെതിരെ സംശയംകൂടിയായതോടെയാണ് ജെ.ഡി.യു. ദേശീയഅധ്യക്ഷപദം വീണ്ടും നിതീഷ് ഏറ്റെടുത്തതെന്നാണ് റിപ്പോർട്ടുകൾ. കടുത്ത ബിജെപി വിരുദ്ധ നേതാവ് കൂടിയായിരുന്നു ലലൻ. ഒരു കാലത്ത് ലാലുപ്രസാദ് യാദവും മകനും ലാലുവിന്റെ ഭാര്യ റബ്രിദേവിയും ചേർന്ന് നടത്തിയ രഹസ്യനീക്കങ്ങളുടെ ഫലമായാണ് ബിജെപിയെ ഉപേക്ഷിച്ച് നിതീഷ് ലാലുപ്രസാദ് യാദവിലേക്ക് ചാഞ്ഞത്. ഇപ്പോൾ ലാലുപ്രസാദ് യാദവും മകനും ലലൻ സിങ്ങും ചേർന്ന് നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും വലിച്ചുപുറത്തിടാനുള്ള ഗൂഢാലോചന നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്.
ജെഡിയുവിന്റെ പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ഒരു ഏഴ് പേരുടെ പിന്തുണകിട്ടിയാൽ തേജസ്വിക്ക് മുഖ്യമന്ത്രിയാകാം. അതാണ് ലാലൻ സിങ്ങിലൂടെ ജെഡിയു ലക്ഷ്യമിടുന്നത്. പ്രത്യുപകാരമായി ലലൻ സിങ്ങിന് രാജ്യസഭാ എംപി പദവി നല്കാമെന്നതാണ് ലാലുപ്രസാദ് നൽകിയിരിക്കുന്ന വാഗ്ദാനം എന്നാണ് സൂചന. എന്നാൽ, ലലൻ സിങ്ങുമായി ചേർന്ന് ഗൂഢാലോചന നടത്തിയ 12 എംഎൽഎമാരിൽ ഒരാൾ ഈ വാർത്ത നിതീഷ് കുമാറിന് ചോർത്തിക്കൊടുത്തു. ഇതോടെയാണ് നിതീഷ് കുമാർ തന്റെ മുഖ്യമന്ത്രിക്കസേര ഏത് വിധേനയും സംരക്ഷിക്കാൻ ഓപ്പറേഷൻ ലലൻ എന്ന പദ്ധതിയുമായി ഇറങ്ങിത്തിരിച്ചത്. അതാണ് ലാലൻ സിങ്ങിന്റെ രാജിയിലും ജെഡിയുവിന്റെ ദേശീയ പ്രസിഡന്റ് പദവി നിതീഷ് കുമാർ തന്നെ ഏറ്റെടുക്കുന്നതിലേക്കും നയിച്ചതെന്നാണ് സൂചന.