പാറ്റ്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ത്യ സഖ്യത്തിൽ നിന്ന് വാക്ക് ഔട്ട് നടത്തുമെന്ന സൂചനകൾ ശക്തമായതോടെ എന്താണ് അദ്ദേഹത്തിന്റെ അടുത്ത നീക്കമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിതീഷും ജെഡിയുവും കൂടുമെന്നാണ് സൂചന. ബേട്ടിയയിൽ ഫെബ്രുവരി 4 ന് നടക്കുന്ന റാലിയിൽ നരേന്ദ്ര മോദിക്കൊപ്പം നിതീഷ് വേദി പങ്കിടുമെന്ന് പാർട്ടി കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.

പാർട്ടിയിലെ എല്ലാ എംഎൽഎമാരെയും നിതീഷ് പാറ്റ്‌നയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. നിതീഷ് രാജി വച്ച് ബിജെപിയുടെയും, ജിതൻ റാം മാഞ്ചിയുടെയും മറ്റുള്ളവരുടെയും സഹായത്തോടെ വീണ്ടും സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കും. പുതിയ മന്ത്രിസഭ ഉണ്ടാക്കിയ ശേഷം സഭ പിരിച്ചുവിടാനും, പുതിയ തിരഞ്ഞെടുപ്പിനെ നേരിടാനും ശുപാർശ ചെയ്‌തേക്കും.

243 അംഗ ബിഹാർ നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ 122 ആണ്. ആർജെഡിക്ക് 79 സീറ്റുണ്ട്. നിതീഷിന് ജെഡിയുവിന്റെ 45 ഉം ബിജെപിയുടെ 82 ഉം സീറ്റുകൾ ചേർത്ത് സർക്കാരുണ്ടാക്കാം. സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് നിതീഷിന്റെ മടങ്ങി വരവ് തീരെ പിടിച്ചിട്ടില്ല. എന്നാൽ നിതീഷിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ശാസന.

സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സമ്രാട്ട് ചൗധരിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ചൗധരിയും, മുതിർന്ന നേതാവ് സുശീൽ മോദിയും ചേർന്ന് ജെ പി നഡ്ഡയെയും അമിത്ഷായെയും കണ്ടേക്കും. അതേസമയം, മറുപക്ഷവും വെറുതയിരിക്കുന്നില്ല. ജെഡിയുവിനെ മാറ്റിനിർത്തി സർക്കാരുണ്ടാക്കാൻ കഴിയുമോ എന്നാണ് ലാലു പ്രസാദ് യാദവ് നോക്കുന്നത്. ജെഡിയു പിന്മാറിയാലും മഹാസഖ്യത്തിനു കേവല ഭൂരിപക്ഷം തികയ്ക്കാൻ എട്ട് എംഎൽഎമാരുടെ കുറവാണുള്ളത്. രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്താൻ ആർജെഡി അധ്യക്ഷൻ ലാലു യാദവ് വിശ്വസ്തരായ ഭോല യാദവ്, ശക്തി സിങ് യാദവ് എന്നിവരുമായി ചർച്ച നടത്തി. പാർട്ടി എംഎൽഎമാരും ലാലുവിനെ സന്ദർശിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ ജെഡിയു മുൻ അധ്യക്ഷൻ ലലൻ സിങും മന്ത്രി വിജയ് കുമാർ ചൗധരിയും കൂടിക്കാഴ്ചയ്‌ക്കെത്തി.

നന്ദി പറച്ചിൽ നൽകിയ സൂചന

കഴിഞ്ഞ രണ്ടുദിവസത്തിനിടെ, മമത ബാനർജിയും, അരവിന്ദ് കെജ്രിവാളും ബംഗാളിലും പഞ്ചാബിലും കോൺഗ്രസുമായി സഖ്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 72 കാരനായ നിതീഷ് ഇനിയും മറുകണ്ടം ചാടിയാൽ അത് അഞ്ചാമത്തെ ചാട്ടമാകും. 2013 ന് ശേഷം എൻഡിഎയ്ക്കും മഹാഗഡ്ബന്ധനും മധ്യേ ചാഞ്ചാടുകയായിരുന്നു നിതീഷ്. സ്വന്തം സംസ്ഥാനത്ത് അധികാരം നിലനിർത്തുകയും ചെയ്തു.

നിതീഷ് ആടിയുലയുക ആണെന്നതിന്റെ സൂചനകൾ കഴിഞ്ഞ കുറെ ആഴ്ചകളായി വന്നുകൊണ്ടിരിക്കുകയാണ്. കുടുംബ രാഷ്ട്രീയത്തിന് എതിരായ പ്രസ്താവന, അതിന് ലാലു പ്രസാദ് യാദവിന്റെ മകൾ നൽകിയ മറുപടി എന്നിവ അകൽച്ച കൂട്ടി. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനുള്ള ക്ഷണത്തോട് പ്രതികരിക്കാതിരുന്നതും ഊഹാപോഹങ്ങളുടെ ശക്തി കൂട്ടി.

ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന് ഭാരത് രത്‌ന ബഹുമതി സമ്മാനിക്കാൻ ബിജെപി സർക്കാർ തയ്യാറായതും വഴിത്തിരിവിന് കാരണമായി. ബിഹാറിൽ തന്റെ സർക്കാർ അധികാരത്തിൽ വന്നതുമുതൽ യു.പി.എ. സർക്കാരിനോട് ആവശ്യപ്പെട്ട കാര്യം ഇപ്പോഴെങ്കിലും സാധിച്ചുതന്നതിന് എൻ.ഡി.എ. സർക്കാരിനോട് നന്ദി അറിയിക്കുന്നതായി നിതീഷ് കുമാർ പറഞ്ഞു. കർപൂരി താക്കൂറിന്റെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് ജെ.ഡി.യു. സംഘടിപ്പിച്ച് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കർപൂരി താക്കൂറിന് ഭാരതരത്ന നൽകുന്നതുമായി ബന്ധപ്പെട്ട് 2005-ൽ ബിഹാറിൽ ഞാൻ അധികാരത്തിൽ വന്നതുമുതൽ കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ചുതുടങ്ങിയതാണ്, 2023 വരെയും എന്റെ അപേക്ഷ തുടർന്നു. ഒടുവിൽ മോദി സർക്കാരാണ് എന്റെ അപേക്ഷ അംഗീകരിച്ചത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്രസർക്കാരിനോടുമുള്ള നന്ദി അറിയിക്കുന്നു,' - നിതീഷ് കുമാർ പറഞ്ഞു.

കർപൂരി താക്കൂറിന്റെ മകനും സഹപ്രവർത്തകനുമായ രാമനാഥ് ഠാക്കൂറിനോട് താൻ ഇതേപ്പറ്റി സംസാരിച്ചിരുന്നുവെന്നും നിതീഷ് പറഞ്ഞു. ' ഭാരതരത്നയുടെ കാര്യം രാമനാഥിനെയാണ് അവർ വിളിച്ച് അറിയിച്ചത്. ബിഹാറിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ എന്നെ വിളിക്കുകയോ അറിയിക്കുകയോ ചെയ്തില്ലെങ്കിലും മാധ്യമങ്ങളിലൂടെ എന്റെ നന്ദി പ്രകാശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,' - മുഖ്യമന്ത്രി പറഞ്ഞു.

കർപൂരി താക്കൂറിന് ഭാരതരത്ന ലഭിക്കുന്നതിനായി താനും തന്റെ പാർട്ടിയും ഇതുവരെ പ്രയത്നിച്ചതെല്ലാം അവഗണിച്ചുകൊണ്ട് പ്രധാനമന്ത്രി ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും നിതീഷ് കുമാർ കുറ്റപ്പെടുത്തി. ഇന്നത്തെ കാലത്ത് എല്ലാവരും കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനും അവരെ ഉയർത്തിവിടാനുമാണ് ശ്രമിക്കുന്നതെന്നും എന്നാൽ കർപൂരി ഠാക്കൂറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ കുടുംബരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാത്തതെന്നും നിതീഷ് പറഞ്ഞു.

കോൺഗ്രസ് പാർട്ടി രാഹുൽ ഗാന്ധിയേയും ബിഹാറിൽ ആർ.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവ് മകൻ തേജസ്വി പ്രസാദ് യാദവിനെയും പരിഗണന നൽകി കുടുംബരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ പരോക്ഷമായി കുറ്റപ്പെടുത്തുകയായിരുന്നു നിതീഷ്. അതേസമയം, ജെ.ഡി.യു. സംഘടിപ്പിച്ച പരിപാടിയിൽ നിന്നും വിട്ടുനിന്ന ആർ.ജെ.ഡി. ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിൽ മറ്റൊരിടത്ത് സമാനമായ പരിപാടി സംഘടിപ്പിച്ചു. ബിഹാറിന്റെ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വിയും പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ വ്യക്തത കുറവും, തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാത്തതും നിതീഷിനെ ചൊടിപ്പിച്ചു. സീറ്റ് പങ്കിടൽ ചർച്ചകൾ വൈകിയതും മുഷിച്ചിലിന് കാരണമായി. ഇന്ത്യ സഖ്യം കഴിഞ്ഞ വർഷം ജൂലൈയിൽ കൊട്ടിഘോഷിച്ച് തുടങ്ങാൻ മുൻകൈയെടുത്തത് നിതീഷ് കുമാറാണ്. എന്തായാലും, മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താൻ രൂപീകരിച്ച ഇന്ത്യ സഖ്യത്തെ അതിന്റെ ശി്‌ല്പി തന്നെ തകർക്കുമോ എന്നാണ് കണ്ടറിയേണ്ടത്.