- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുകണ്ടം ചാടാൻ നിതീഷിനെ പ്രകോപിപ്പിച്ചത് രാഹുലോ?
പാറ്റ്ന: മഹാസഖ്യ സർക്കാരിനെ ഉപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കുമെന്നാണ് അഭ്യൂഹം. നിതീഷ് ഇന്നുരാജി വയ്ക്കുമെന്നും പറയുന്നു. അതേസമയം, നിതീഷ് കുമാറിന്റെ നീക്കത്തെ പ്രതിരോധിക്കാൻ ആർ.ജെ.ഡി. ബദൽ നീക്കം സജീവമാക്കിയിരിക്കുകയാണ്. പത്ത് ജെ.ഡി.യു. എംഎൽഎമാരുമായി ലാലു പ്രസാദ് യാദവ് ചർച്ച നടത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിശ്വാസ വോട്ടെടുപ്പ് ദിവസം സഭയിൽ ഹാജരാവരുതെന്ന് ഇവരോട് ആവശ്യപ്പെട്ടുവെന്ന് വിവരമുണ്ട്. ഇതിനിടെ ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ അവാം മോർച്ചയെ എൻഡിഎ സഖ്യത്തിൽ നിന്ന് അടർത്തിയെടുക്കാനും ലാലുവും ആർജെഡിയും ശ്രമം നടത്തുന്നതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനമാണ് വാഗ്ദാനം. ജിതിൻ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയാലും പ്രധാന വകുപ്പുകൾ തേജസ്വി യാദവ് കൈവശം വെക്കുന്ന തരത്തിലായിരിക്കും സമവാക്യം.
എന്താണ് നിതീഷിന്റെ അസംതൃപ്തിക്ക് കാരണം?
റിപ്പബ്ലിക് ദിനത്തിൽ, നിതീഷ് ഗവർണറെ സന്ദർശിച്ചത് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ മാറ്റിനിർത്തി ഒറ്റയ്ക്കാണ്്. ഇതുതന്നെ ഭിന്നതയുടെ ഏറ്റവും വലിയ സൂചനയാണ്. നിതീഷിന്റെ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ പ്രസ്താവനയും സസ്പെൻസ് കൂട്ടി. 'രാഷ്ട്രീയത്തിൽ ഒരുവാതിലും അടച്ചിട്ടില്ല. ആവശ്യമെങ്കിൽ വാതിൽ തുറക്കാനാവും' സുശീൽ പറഞ്ഞു.
ജനുവരി 13 ലെ ഇന്ത്യ സഖ്യ യോഗമാണ് നിർണായമായതെന്നാണ് 72 കാരനായ നിതീഷിനോട് അടുത്ത നേതാക്കൾ പറയുന്നത്. യോഗത്തിൽ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിതീഷിന്റെ പേര് സഖ്യത്തിന്റെ കൺവീനറായി നിർദ്ദേശിച്ചു.ലാലു പ്രസാദ് യാദവും, ശരത് പവാറും അടക്കമുള്ള നേതാക്കൾ അതംഗീകരിച്ചു. എന്നാൽ, രാഹുൽ ഗാന്ധി ഇടപെട്ട് തീരുമാനത്തിനായി കുറച്ചുകൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടു. കാരണം, തൃണമൂൽ നേതാവ് മമത ബാനർജിക്ക് കൺവീനർ സ്ഥാനത്തേക്ക് നിതീഷിനെ നിയോഗിക്കുന്നതിൽ സംശയങ്ങൾ ഉണ്ടെന്നാണ് രാഹുൽ പറഞ്ഞത്.
നിതീഷ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
ഒൻപതാം തവണ റെക്കോഡിട്ട് ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് വീണ്ടും ബിജെപി പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. രാഷ്ട്രീയ ജനതാദളുമായുള്ള കൂട്ടുകെട്ട് ഔദ്യോഗികമായി അവസാനിപ്പിച്ച് 2020 ലെ തിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യം നിതീഷ് സൃഷ്ടിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
നിതീഷ് കുമാർ രാജി വയ്ക്കുന്നതിന് പകരം ബിഹാർ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി ആർജെഡി എംഎൽഎമാർക്ക് പകരം തങ്ങളുടെ എംഎൽഎമാർ മന്ത്രിമാരാകുന്ന സാഹചര്യവും ബിജെപി കണ്ണുവയ്ക്കുന്നു. നിരവധി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതും മറ്റും സസ്പെൻസ് കൂട്ടിയിട്ടുണ്ട്.
ബിജെപി. രണ്ടുദിവസത്തെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേർത്തിട്ടുണ്ട്. കോൺഗ്രസ് സഭാകക്ഷി നേതാവിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് എംഎൽഎമാരുടേയും മുൻ എംഎൽഎമാരുടേയും യോഗവും നടക്കും. മുതിർന്ന ആർ.ജെ.ഡി. നേതാക്കളുടെ ഒരു യോഗം ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയിൽ നടക്കും.
ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് ബിജെപിയുടെ വിശദീകരണം. നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തോട്, അത്തരം കാര്യങ്ങളൊന്നും സംസ്ഥാന നേതൃതലത്തിൽ ചർച്ച ചെയ്യുന്നില്ലെന്നായിരുന്നു അധ്യക്ഷൻ സമ്രാട്ട് ചൗധരിയുടെ പ്രതികരണം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരുന്ന യോഗത്തിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സംസ്ഥാനത്തേക്കുള്ള പ്രവേശനത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ചർച്ചയാണ് നടക്കുകയെന്ന് കോൺഗ്രസ് സഭാകക്ഷിനേതാവ് ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു.
മുന്നണിമാറ്റ വാർത്തകളെ പരസ്യമായി തള്ളുമ്പോഴും നിതീഷ് മൗനം വെടിയണമെന്ന ആവശ്യം കോൺഗ്രസും ആർ.ജെ.ഡിയും ഉന്നയിക്കുന്നുണ്ട്. പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ സത്യമില്ലെന്ന് ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് ഉമേഷ് സിങ് കുശ്വാഹ പ്രതികരിച്ചിരുന്നു. എന്നാൽ, ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യങ്ങൾ അധികാരത്തിലിരിക്കുന്നവർ സൃഷ്ടിക്കരുതെന്ന് ആവശ്യപ്പെടുന്ന കോൺഗ്രസ്, അദ്ദേഹം തന്നെ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നു. ഇതേ ആവശ്യമുന്നയിച്ച് വിവിധ മനോജ് കുമാർ ഝാ അടക്കമുള്ള ആർ.ജെ.ഡി. നേതാക്കളും രംഗത്തെത്തി.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എല്ലാ രാഷ്ട്രീയകക്ഷികളുടെയും നീക്കം. നേരത്തെ കരുതിയത് പോലെ ബിഹാർ നിയമസഭ പിരിച്ചുവിട്ടേക്കില്ല. ഇതൊഴിവാക്കാൻ ബിജെപിയും ജെഡിയുവും തന്ത്രങ്ങൾ ആവിഷ്കരിക്കുകായാണ്. നിതീഷിന്റെ എൻഡിഎയിലേക്കുള്ള മടക്കം സങ്കീർണതകൾ നിറഞ്ഞതാണ്. നിയമസഭാ സ്പീക്കർ, മന്ത്രിസഭാ പുനഃ സംഘടന അങ്ങനെ പലതും തീരുമാനിക്കാനുണ്ട്.