ഭുവനേശ്വർ: രാജ്യസഭയിൽ ബിജെപിയെ ഇനി മുതൽ ബിജെഡി പിന്തുണയ്ക്കില്ല. ഇന്നുചേർന്ന ബിജെഡി രാജ്യസഭ എംപിമാരുടെ യോഗത്തിലാണ് അദ്ധ്യക്ഷൻ നവീൻ പട്‌നായിക് നിർദ്ദേശം നൽകിയത്. രാജ്യസഭയിൽ ശക്തമായ പ്രതിപക്ഷമാകാനാണ് പട്‌നായിക്കിന്റെ നിർദ്ദേശം. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന തരത്തിൽ വിഷയങ്ങൾ രാജ്യസഭയിൽ ഉന്നയിക്കണം. കഴിഞ്ഞ രണ്ട് മോദി സർക്കാർ കാലത്തും വിവാദ ബില്ലുകളിൽ അടക്കം ബിജെപിക്ക് ബി ജെ ഡി പിന്തുണ നൽകിയിരുന്നു. എന്നാൽ ഇനി ഇത് പ്രതീക്ഷിക്കേണ്ടതില്ല.

ഒഡിഷയുടെ താൽപര്യങ്ങൾ കേന്ദ്രസർക്കാർ അവഗണിച്ചാൽ, ബിജെപി സർക്കാരിന് എതിരെ ബിജെഡി എംപിമാർ പ്രക്ഷോഭത്തിന ഇറങ്ങുമെന്ന് രാജ്യസഭയിലെ പാർട്ടി നേതാവ് സാസ്മിത് പാത്ര പറഞ്ഞു. ഒഡിഷയ്ക്ക് പ്രത്യേക പദവി മുതൽ സംസ്ഥാനത്തെ മോശം മൊബൈൽ കണക്ടിവിറ്റിയും ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണക്കുറവും ബിജെഡി ഉന്നയിക്കും.

ഒഡീഷയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെഡിക്കെതിരേ ശക്തമായി പോരാടി ബിജെപി അധികാരം പിടിച്ചെടുക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭയിലെ ഒൻപത് എംപിമാരേയും തിങ്കളാഴ്ച രാവിലെയോടെ യോഗം വിളിച്ചു ചേർത്ത് നവീൻ പട്‌നായിക് നിർദ്ദേശം നൽകിയത്. ശക്തമായ പ്രതിപക്ഷമാകാനും സർക്കാരിനെതിരേ കർക്കശമായ നിലപാട് സ്വീകരിക്കാനും രാജ്യസഭാ എംപിമാർക്ക് നിർദ്ദേശം നൽകി.

അതിനിടെ, രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണ ഇന്ത്യ സഖ്യത്തിന് ലഭിക്കാൻ കോൺഗ്രസ് നീക്കങ്ങളാരംഭിച്ചതായാണ് സൂചന. ലോക്‌സഭയിൽ ഇക്കുറി ബിജെഡിക്ക് പ്രാതിനിധ്യമില്ല. ഒഡീഷയിൽ വലിയ പരാജയമാണ് നവീൻ പട്‌നായിക് ഏറ്റുവാങ്ങിയത്. 24 വർഷത്തെ ബിജെഡി ഭരണം ബിജെപി പിടിച്ചെടുത്തിരുന്നു. നേരത്തെ പാർലമെന്റിൽ ബിജെഡിയുടെ പിന്തുണ ബിജെപിക്കായിരുന്നു. 21 ലോക്‌സഭാ സീറ്റിൽ 20 സീറ്റിലും ബിജെപിയാണ് ജയിച്ചത്. ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയും ഒഡീഷയിൽ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണയ്ക്കായി ഇന്ത്യ മുന്നണി ശ്രമിക്കുന്നത്.

ബിജെഡി കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ വിഷയങ്ങളിൽ പാർലമെന്റിൽ ബിജെപിയെ പിന്തുണക്കുക മാത്രമല്ല, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ 2019ലും 2024ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. 1998 മുതൽ 2009വരെ ബിജെപിയുടെ സഖ്യകക്ഷിയുമായിരുന്നു. എന്നാൽ ഇത്തവണ പട്നായികിനെതിരെ ശക്തമായ ആരോപണങ്ങളോടെയാണ് ബിജെപി സംസ്ഥാനത്ത് പ്രചാരണം നടത്തിയതും സംസ്ഥാനം പിടിച്ചെടുത്തതും.

1997ൽ പാർട്ടി സ്ഥാപിച്ചതിന് ശേഷം ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത പട്‌നായിക് മത്സരിച്ച രണ്ടിൽ ഒരു മണ്ഡലത്തിൽ അതിദയനീയമായി പരാജയപ്പെട്ടിരുന്നു. ആകെയുള്ള 146 സീറ്റിൽ 51 സീറ്റിൽ മാത്രമാണ് ബിജെഡിക്ക് വിജയിക്കാനായത്. 2019 ലെ 112 സീറ്റിൽ നിന്നാണ് നേർപകുതിക്കും താഴെയുള്ള അംഗസംഖ്യയിലേയ്ക്ക് ബിജെഡി വീണത്. 23 സീറ്റുണ്ടായിരുന്നിടത്തുനിന്ന് 78 എന്ന വലിയ സംഖ്യയിലേക്ക് ബിജെപി ഉയരുകയും ചെയ്തു. കേവല ഭൂരിപക്ഷത്തിനാവശ്യമായ 74 സീറ്റിലധികം നേടി ഒഡീഷയിലും ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് സാധിച്ചു.

!'ഒഡിഷ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടതിനേക്കാൾ നാല് അധിക സീറ്റുകളാണ് ബിജെപിക്ക് കിട്ടിയതെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ. കേന്ദ്രത്തിലും ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷമില്ല. അതുകൊണ്ട് നിങ്ങൾ ഐക്യത്തോടെ പ്രവർത്തിച്ച് കഠിനാദ്ധ്വാനം ചെയ്ത് പാർട്ടിയെ ശക്തിപ്പെടുത്തണം', മുതിർന്ന ബിജെഡി നേതാക്കളുടെ യോഗത്തിൽ നവീൻ പട്‌നായിക് നൽകിയ സന്ദേശം ഇങ്ങനെയാണ്.