ന്യൂഡൽഹി: കാർഗിൽ-ലഡാക്ക് സ്വയംഭരണ ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന് കിട്ടിയ തകർപ്പൻ ജയം രാജ്യവ്യാപകമായി ചർച്ചയാക്കാൻ കോൺഗ്രസ്. 26 സീറ്റുകളിൽനടന്ന തിരഞ്ഞെടുപ്പിൽ സഖ്യം 12 സീറ്റ് നേടി. നാഷണൽ കോൺഫറൻസ് 12-ഉം കോൺഗ്രസ് പ്ത്തും സീറ്റുകൾ നേടി.

ബിജെപി.ക്ക് രണ്ടും സ്വതന്ത്രർക്ക് രണ്ടും ലഭിച്ചു. 2019-ൽ അനുച്ഛേദം 370 റദ്ദാക്കുകയും കശ്മീരും ലഡാക്കും വിഭജിക്കുകയും ചെയ്തശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപി.ക്കുണ്ടായത് ദയനീയ തിരിച്ചടി. 26 സീറ്റുകളിലേക്ക് 85 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. അനുച്ഛേദം റദ്ദാക്കിയതിനും ജമ്മുകശ്മീർ വിഭജിച്ചതിനും എതിരായ വിധിയെഴുത്താണിതെന്ന് പ്രതിപക്ഷനേതാക്കൾ പറഞ്ഞു. ദേശീയമാധ്യമങ്ങൾ തമസ്‌കരിച്ചാലും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണ് തിരഞ്ഞെടുപ്പുഫലമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.

നാഷണൽ കോൺഫറൻസും കോൺഗ്രസും തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് യഥാക്രമം 17, 22 സ്ഥാനാർത്ഥികളെ ഇരുപാർട്ടികളും നിർത്തി. ബിജെപിയുമായി കടുത്ത മത്സരം നടക്കുന്ന മേഖലകളിൽ മാത്രമായി സഖ്യം പരിമിതപ്പെടുത്തുകയായിരുന്നു. ആം ആദ്മി പാർട്ടി നാല് സീറ്റുകളിൽ ഭാഗ്യം പരീക്ഷിച്ചപ്പോൾ 25 സ്വതന്ത്രരും മത്സരരംഗത്തുണ്ടായിരുന്നു.

നാഷണൽ കോൺഫറൻസിന്റെ ഫിറോസ് അഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള നിലവിലെ കൗൺസിലിന്റെ കാലാവധി ഒക്ടോബർ ഒന്നിന് പൂർത്തിയാക്കിയിരുന്നു. പുതിയ കൗൺസിൽ ഒക്ടോബർ 11 ന് മുമ്പ് നിലവിൽ വരും. ലേ, കാർഗിൽ ജില്ലകളിലെ ബുദ്ധ-മുസ്ലിം ഗ്രൂപ്പുകൾ തമ്മിലുള്ള അപൂർവ രാഷ്ട്രീയ സഖ്യം ലഡാക്കിലെ ബിജെപിയുടെ ഇനിയുള്ള ജയ സാധ്യതകൾക്ക് വലിയ വെല്ലുവിളിയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന്മേലുള്ള ഹിതപരിശോധന എന്ന നിലയിലാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. കശ്മീരിനെ വിഭജിച്ചത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രഭരണ പ്രദേശം എന്ന പരീക്ഷണം വിജയിച്ചില്ലെന്നുമാണ് നിരവധി വോട്ടർമാർ അഭിപ്രായപ്പെട്ടത്.

'ഞങ്ങൾക്ക് ഞങ്ങളുടെ സംസ്ഥാന പദവി തിരികെ വേണം. കേന്ദ്രഭരണ പ്രദേശം ആയതിനാൽ ഞങ്ങൾക്ക് ഒന്നും ലഭിച്ചില്ല. ഞങ്ങളുടെ കുട്ടികൾ തൊഴിൽരഹിതരാണ്,' ഒരു കാർഗിൽ പ്രദേശവാസി പറഞ്ഞു. നേരത്തെ എൻഡിഎ സർക്കാരിന്റെ തീരുമാനം നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്യണമെന്ന വ്യക്തമായ സന്ദേശമായിരിക്കണം തിരഞ്ഞെടുപ്പിൽ വോട്ടർമാർ നൽകേണ്ടത് എന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നു.

നേരത്തെ ലഡാക്ക് ഭരണകൂടം നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥികൾക്ക് 'കലപ്പ' ചിഹ്നം നിഷേധിച്ചിരുന്നു. ഇത് പിന്നീട് നിയമയുദ്ധത്തിലേക്ക് നയിച്ചു. ഇതോടെ സെപ്റ്റംബർ 10 ന് നേരത്തെ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് സുപ്രീം കോടതി മാറ്റിവെക്കുകയായിരുന്നു.